DCBOOKS
Malayalam News Literature Website

സിനിമ വിവേചനങ്ങളില്ലാത്ത മതേതരസ്ഥലം: പികെ രാജശേഖരന്‍

തിരുവനന്തപുരം: വിവേചനങ്ങളില്ലാത്ത മതേതര സ്ഥലമായിരുന്നു സിനിമ എന്നും കേരളത്തിന്റെ ആധുനികത്വം രൂപപ്പെട്ടത് പൊതുസ്ഥലങ്ങളില്‍ നിന്നാണെന്നും പ്രശസ്ത സാഹിത്യവിമര്‍ശകനും എഴുത്തുകാരനുമായ പി.കെ. രാജശേഖരന്‍. സിനിമ നമ്മുടെ സാംസ്‌കാരിക പരിണാമത്തിന്റെ ഭാഗമാണെന്നും സിനിമാ തീയറ്ററുകള്‍ സാമൂഹ്യ ഇടങ്ങളായിരുന്നുവെന്നും പി.കെ രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. വിനോദത്തിന്റെ സാമൂഹ്യശാസ്ത്രം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ മാറിവരുന്ന സിനിമാ സംസ്‌കാരത്തെപ്പറ്റി ബീനാ പോള്‍, പി.കെ രാജശേഖരന്‍, മധുപാല്‍ എന്നിവര്‍ സംസാരിച്ചു.

മലയാളത്തിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ മധുപാല്‍ തന്റെ പഴയകാല അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നോടൊപ്പം മാറിവരുന്ന സംസ്‌കാരങ്ങളെപ്പറ്റിയും നഷ്ടപ്പെടലുകളെപ്പറ്റിയും ഓര്‍മപ്പെടുത്തി.ജനങ്ങളില്‍ അഭിപ്രായ നിര്‍മാണത്തിനും സമൂഹകൂട്ടായ്മയ്ക്കുമുള്ള ഒരു പൊതു ഇടമാവണം സിനിമാ തിയറ്ററുകള്‍ എന്ന പ്രദീപ് പനങ്ങാടിന്റെ വാക്കുകളോടെ ചര്‍ച്ച അവസാനിച്ചു.

സംവാദത്തിന് ശേഷം പി കെ രാജശേഖരന്റെ ‘സിനിമാ സന്ദര്‍ഭങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങും നടന്നു. മധുപാല്‍ ബീനാ പോളിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.

Comments are closed.