ജാതിയും മതവും സര്‍ക്കസ് കൂടാരങ്ങളെ വിഭജിച്ചിരുന്നില്ല: ജെമിനി ശങ്കരന്‍
തിരുവനന്തപുരം: ജാതി-മത വ്യത്യാസങ്ങള്‍ക്കപ്പുറം ഒരുമയുടെ ഇടങ്ങളായിരുന്നു സര്‍ക്കസ് കൂടാരങ്ങളെന്ന് ജെമിനി സര്‍ക്കസ് സ്ഥാപകന്‍ ജെമിനി ശങ്കരന്‍. തന്റെ നീണ്ടകാലത്തെ സര്‍ക്കസ് അനുഭവങ്ങള്‍ വിവരിച്ച ജെമിനി ശങ്കരന്‍ ഒരുകാലത്ത് മിശ്രവിവാഹങ്ങള്‍ ഏറ്റവുമധികം നടന്നിരുന്നത് സര്‍ക്കസ് കൂടാരങ്ങളിലായിരുന്നുവെന്ന് സൂചിപ്പിച്ചു. കൂടാരത്തിനുള്ളിലെ മനുഷ്യര്‍ തമ്മില്‍ യാതൊരു വിവേചനങ്ങളും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ താഹ മാടായിയുമായി നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ജെമിനി ശങ്കരന്‍.
ഇന്ന് ഇന്ത്യന്‍ സര്‍ക്കസ് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. സര്‍ക്കസിലേയ്ക്ക് വരാന്‍ ഇന്ന് ആരും തയ്യാറാകുന്നില്ലെന്ന് ഏറെ വേദനയോടെ ജെമിനി ശങ്കരന്‍ പറഞ്ഞു. സര്‍ക്കസ് കൂടാരങ്ങളില്‍ മൃഗങ്ങളെ ഉപദ്രവിക്കുകയാണെന്ന മേനക ഗാന്ധിയുടെ പ്രതികരണത്തെ പറ്റി താഹ മാടായി ചോദിച്ചപ്പോള്‍ അല്പം പരുഷമായാണ് ജെമിനി ശങ്കരന്‍ പ്രതികരിച്ചത്. സര്‍ക്കസില്‍ മൃഗങ്ങളെ ഉപദ്രവിക്കാറില്ല, അതിനെ പരിശീലിപ്പിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തെരുവില്‍ സവാരിക്കായി കുതിരകളെ കൊണ്ടുനടക്കുന്നവര്‍ അതിനെ ഉപദ്രവിക്കുന്നതിലും കഴുതകളെക്കൊണ്ട് അതിന് താങ്ങാനാകാത്ത ഭാരം ചുമപ്പിക്കുന്നതിലും ആര്‍ക്കും പരാതിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.
Comments are closed.