DCBOOKS
Malayalam News Literature Website

സ്‌പേസസ് ഫെസ്റ്റ്; പുതിയ ആശയങ്ങളുടെ മഹോത്സവം

പുതിയ ആശയങ്ങളുടെ, വ്യത്യസ്ത ചിന്തകളുടെ തുറന്ന ഇടമായി വിഭാവനം ചെയ്യുന്ന സ്‌പേസസ് ഫെസ്റ്റ് 2019 ഓഗസ്റ്റ് 29 മുതല്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിക്കുകയാണ്. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ആശയോത്സവത്തില്‍ കാലികപ്രസക്തമായ നിരവധി വിഷയങ്ങള്‍ ഇടംപിടിക്കുന്നു. മൂന്ന് വേദികളിലായി നാല് ദിവസം നടക്കുന്ന സംവാദങ്ങളില്‍ നിരവധി പ്രഗത്ഭരും അണിചേരുന്നു.

എന്തുകൊണ്ട് കേരളം പ്രകൃതികോപം നേരിടുന്നു എന്ന വിഷയത്തില്‍ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലുമായി ഡോ.ജി.എസ്.വിജയന്‍ നടത്തുന്ന അഭിമുഖസംഭാഷണം ഏറെ ശ്രദ്ധയര്‍ഹിക്കുന്നു. കൊച്ചിയുടെ കഥ: ഒരു സാംസ്‌കാരിക സങ്കലനകഥ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ പ്രശസ്ത എഴുത്തുകാരായ എന്‍.എസ് മാധവന്‍, പി.എഫ് മാത്യൂസ്, ബോണി തോമസ്, കെ.ജെ.സോഹന്‍ എന്നിവര്‍ പങ്കെടുക്കുന്നു. Post Colonial Urbanism in India : The Nehruvian Vision of Moderntiy എന്ന വിഷയത്തില്‍ ശശി തരൂര്‍ എം.പി നടത്തുന്ന പ്രഭാഷണമാണ് മറ്റൊന്ന്. Semiotic Representations of Classical Forms of Ntayams എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ മേതില്‍ ദേവിക, മാര്‍ഗി മധു, രാജശ്രീ വാര്യര്‍ എന്നിവരും മേളയില്‍ അതിഥികളായി എത്തുന്നു.

അഞ്ഞൂറിലേറെ സാഹിത്യകലാപ്രവര്‍ത്തകരും ചിന്തകരും ആര്‍ക്കിടെക്ചര്‍മാരും നാലുദിവസങ്ങളിലായി കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന സംവാദങ്ങളില്‍ പങ്കെടുക്കും. സ്‌പെയ്ന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ ആര്‍ക്കിടെക്ചര്‍മാരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ സംഗീതനൃത്ത പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കാം

Comments are closed.