DCBOOKS
Malayalam News Literature Website

ബഹിരാകാശത്ത് നിന്ന് ഭൂമിയെ കണ്ട ഏക ഇന്ത്യക്കാരന്‍

ബഹിരാകാശത്ത് നിന്ന് ഭൂമിയെ കണ്ട ഏക ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മ കേരള സാഹിത്യോത്സവത്തിന്റെ അവസാന ദിനത്തില്‍ Space Science and the Physics of the Universe എന്ന വിഷയത്തില്‍ ഡോ. ജി.മാധവന്‍ നായരുമായി സംവദിച്ചു. സാരേ ജഹാംസേ അച്ഛാ എന്ന് ഉദ്‌ഘോഷിച്ച് ബഹിരാകാശത്തു വെച്ച് കണ്ട ഭാരതത്തെ വരച്ചു കാണിച്ചു തന്ന രാകേഷ് ശര്‍മ്മ ഇന്ത്യയുടെ വൈവിദ്ധ്യങ്ങളില്‍ ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കണം എന്ന് പരാമര്‍ശിച്ചു.

ചന്ദ്രയാന്‍ മിഷന്‍ ചിലവേറിയതെന്ന് പരാമര്‍ശിച്ച മാധവന്‍ നായര്‍ ഇന്ത്യയുടെ സമകാലിക സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഊന്നിപ്പറഞ്ഞു. ടെലി എഡ്യൂക്കേഷന്‍, ടെലി മെഡിസിന്‍ എന്നീ മേഖലകളില്‍ ഇന്ന് ശാസ്ത്രസാങ്കേതികമേഖലയുടെ പങ്ക് വ്യക്തമാണ്. സംരംഭകരും ഗവണ്മെന്റും മുതല്‍ മുടക്കുന്നത് അത് ഏറ്റവും കൂടുതല്‍ ആവശ്യപെടുന്ന ഭാഗത്തായിരിക്കണം. ചന്ദ്രനില്‍ സ്ഥലം വാങ്ങാം എന്ന് പരസ്യം ചെയ്യുന്ന വെബ് പരസ്യങ്ങള്‍ നുണയാണെന്നും രാജ്യാന്തര ഉടമ്പടി അനുസരിച്ച് ഇത് ഒരാള്‍ക്കും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. നാളെയെകുറിച്ച് ചിന്തിക്കുന്ന ജനതയ്ക്കുവേണ്ടി ഭൂമി നശിച്ചാല്‍ പുനരധിവസിക്കാന്‍ ഒരിടം നാം കണ്ടെത്തേണ്ടതുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള സാധ്യതകള്‍ തേടിയാണ് ചൊവ്വയിലും ചന്ദ്രനിലുമൊക്കെ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇന്നത്തെ കാലത്ത് അവിടങ്ങളില്‍ താമസിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ചൊവ്വയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കൂടുതലായതിനാലും ചന്ദ്രനില്‍ അന്തരീക്ഷമില്ലായ്മയുമാണ് കാരണം. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാതെ സ്ഥായിയായ വികസന മാതൃകയാണ് ഭൂമിയെ തിരിച്ചു പിടിക്കാന്‍ നാം ചെയ്യേണ്ടതെന്നും രാകേഷ് ശര്‍മ പറഞ്ഞു.

ചിത്രത്തിന് കടപ്പാട്: വരുണ്‍ വിനോദ്

Comments are closed.