ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന് ബുക്കർ സാഹിത്യ പുരസ്‌കാരം
2023ലെ ബുക്കർ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിന്റെ ‘പ്രൊഫെറ്റ് സോങ്’ എന്ന നോവലിന്. 50,000 പൗണ്ട് (USD 63,000) ആണ് സമ്മാനത്തുക. ഒരു സാങ്കല്‍പ്പിക സർക്കാർ സ്വേച്ഛാധിപത്യത്തിലേക്ക് മാറുമ്പോൾ രാജ്യത്ത് സംഭവിക്കുന്ന ദുരന്തവും ഒരു കുടുംബം ആ സാഹചര്യത്തെ നേരിടുന്നതുമാണ് ‘പ്രൊഫെറ്റ് സോങ്’ എന്ന നോവൽ പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ ജനാധിപത്യം നേരിടുന്ന അരക്ഷിതാവസ്ഥയും ജനങ്ങളുടെ നിസംഗതയും ‘പ്രൊഫെറ്റ് സോങ്’ എന്ന നോവലില്‍ എഴുത്തുകാരൻ വരച്ചിടുന്നു. നാല്‍പത്തിയാറുകാരനായ പോൾ ലിഞ്ചിന്റെ അഞ്ചാമത്തെ കൃതിയാണ് ‘പ്രൊഫെറ്റ് സോങ്’ . ഐറിസ് മർഡോക്ക്, ജോൺ ബാൻവിൽ, റോഡി ഡോയൽ, ആനി എൻറൈറ്റ് എന്നിവർക്ക് ശേഷം ബുക്കർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് ലിഞ്ച്.
‘വൈകാരിക കഥപറച്ചിലിന്റെ മഹാവിജയം’ എന്നാണ് 2023ലെ ബുക്കർ പ്രൈസ് നേടിയ പോൾ ലിഞ്ചിന്റെ ‘പ്രോഫറ്റ് സോങ്’ എന്ന കൃതിയെ അവാർഡ് കമ്മിറ്റി വിശേഷിപ്പിച്ചത്. പ്രസാധകർ സമർപ്പിച്ച 163 നോവലുകളിൽ നിന്ന് തെരഞ്ഞെടുത്ത അഞ്ച് നോവലുകളായിരുന്നു അന്തിമപട്ടികയിൽ ഉണ്ടായിരുന്നത്.
Comments are closed.