DCBOOKS
Malayalam News Literature Website

പത്മരാജന്‍ എന്ന ഗന്ധര്‍വ്വന്‍: ഇന്ദ്രന്‍സ് എഴുതുന്നു

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാര ജേതാവായ ഇന്ദ്രന്‍സിന്റെ ഓര്‍മ്മപ്പുസ്തകമാണ് സൂചിയും നൂലും. പല തരത്തിലും പല നിറങ്ങളിലും ചിതറിക്കിടന്ന തന്റെ ജീവിതത്തുണിക്കഷ്ണങ്ങളെ കൈയൊതുക്കത്തോടെ തുന്നിച്ചേര്‍ത്തെടുക്കുകയാണ് ഇന്ദ്രന്‍സ്. ഒരുസാധാരണ തയ്യല്‍ക്കാരനില്‍ നിന്ന് അറിയപ്പെടുന്ന ചലച്ചിത്രനടനായി മാറിയ കഥ പറയുന്നതോടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടി ഓര്‍ത്തെടുക്കുകയാണ് ഈ ഓര്‍മ്മപ്പുസ്തകത്തിലൂടെ…

പുസ്തകത്തില്‍ നിന്നും..

പത്മരാജന്‍ എന്ന ഗന്ധര്‍വ്വന്‍

ആക്കുളത്തെ ‘ഇന്ദ്രന്‍സ്’ കട കുഴപ്പമില്ലാതെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് സുരേഷ് ഉണ്ണിത്താന്‍ വിളിച്ച് പത്മരാജന്റെ പുതിയ പടത്തില്‍ വര്‍ക്കുചെയ്യണമെന്നു പറയുന്നത്. കേട്ടപാടേ എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഒരു നിമിഷം നിശ്ശബ്ദനായിപ്പോയി. തൊട്ടടുത്ത നിമിഷംതന്നെ എല്ലാം കെട്ടടങ്ങുകയും ചെയ്തു. പത്മരാജനെപ്പോലുള്ള ഒരാളുടെകൂടെ വര്‍ക്കുചെയ്യുന്നത് വലിയ കാര്യമായിരുന്നു. അത്രയും ചര്‍ച്ചചെയ്യപ്പെട്ട ചിത്രങ്ങ
ളായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍, ഇനിയും തീക്കളിവേണ്ടെന്ന് മനസ്സു പറഞ്ഞു. അമ്മയുടെ മുഖം ഓര്‍മ്മവന്നു. കടയിലാണെങ്കില്‍ നല്ല തിരക്കുണ്ട്.

സുരേഷ് ഉണ്ണിത്താന്‍ പത്മരാജന്‍സാറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ എന്ന ചിത്രത്തില്‍ വര്‍ക്കുചെയ്യാനാണ് എന്നെ വിളിച്ചത്. അദ്ദേഹം എന്നെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ഒരുപാടു ദിവസമൊന്നും നില്‍ക്കേണ്ടിവരില്ല എന്നൊക്കെ പറഞ്ഞു. അന്നെനിക്ക് നല്ല സുഖമുണ്ടായിരുന്നില്ല. ചെറിയ പനിയൊക്കെ ഉണ്ടായിരുന്നു. എന്നിട്ടും ഞാന്‍ പോയി വര്‍ക്കുചെയ്തു. അതൊരു വലിയ സംഭവമായിരുന്നു. ഞാന്‍ അതുവരെ വര്‍ക്കുചെയ്ത സിനിമകളും ലൊക്കേഷനും സമീപനവും ഒന്നുമായിരുന്നില്ല അവിടെ. പുതിയൊരു അന്തരീക്ഷം. കോസ്റ്റ്യൂം ഡിസൈനറുടെ വില എനിക്കു മനസ്സിലാക്കിത്തന്നത് പത്മരാജന്‍സാറാണ്. തയ്യല്‍ക്കാരോടൊക്കെ വലിയ മതിപ്പായിരുന്നു. നിറങ്ങളെക്കുറിച്ചും കഥാപാത്രങ്ങളുടെ വസ്ത്രത്തെക്കുറിച്ചുമൊക്കെ അദ്ദേഹത്തിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. നല്ല സംവിധായകര്‍ താരജാടകളില്‍ പെടാറില്ല. അവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ നമ്മളിലെ പ്രതിഭയും ഉണരും.

കഥാപാത്രം ഏതു വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം, കളര്‍ സ്‌കീം എന്തായിരിക്കണം എന്നൊക്കെ അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടാകും. അതില്ലാത്തവരാണ് വസ്ത്രാലങ്കാരകന്റെ മുഖത്തേക്കു വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത്. ഇങ്ങനെ മോശം അനുഭവം ഉണ്ടാകുമ്പോള്‍ നമുക്കും മടുക്കും. അവരോട് സഹതാപവും തോന്നും. കഥാപാത്രങ്ങളെ ഇത്രയും ആഴത്തില്‍ മനസ്സിലാക്കുന്ന സംവിധായകന്‍ പത്മരാജന്‍സാറിനെപ്പോലെ അധികംപേരില്ല. ലൊക്കേഷനില്‍ പോയി ജോലിചെയ്യാന്‍ തുടങ്ങിയപ്പോഴാണ്, ആദ്യം ഞാന്‍ വരില്ലെന്നു പറഞ്ഞത് അറി
വില്ലായ്മയായിപ്പോയല്ലോ എന്നോര്‍ത്തത്. അതുവരെ പലനിറത്തിലുള്ള തുണികള്‍ അടിച്ചുകൊടുക്കുക മാത്രമായിരുന്നു കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയില്‍ ഞാന്‍ ചെയ്തിരുന്നത്. എനിക്കു തോന്നിയ കളറുകളായിരുന്നു ഞാന്‍ വാങ്ങിയിരുന്നത്. എന്നാല്‍ പത്മരാജന്‍സാറിന്റെ രീതി അതായിരുന്നില്ല. അദ്ദേഹം തിരക്കഥ കോസ്റ്റ്യൂം ഡിസൈനറുമായി ചര്‍ച്ചചെയ്യും. ഇന്ന കഥാപാത്രത്തിന് ഇത്ര സീനുകളുണ്ട്. ഇത്രയും ചെയ്ഞ്ച് വരണം എന്നൊക്കെ പറയും.

ഒരു കഥാപാത്രത്തിന്റെ സ്വഭാവവും അദ്ദേഹം ധരിക്കുന്ന വസ്ത്രത്തിന്റെ നിറവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നൊക്കെ പത്മരാജന്‍സാറാണ് എനിക്കു പറഞ്ഞുതന്നത്. വല്ലാതെ ഒതുങ്ങി ജീവിക്കുന്ന ഒരാള്‍ പലനിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനു പിന്നില്‍, അയാളുടെ ഉള്ളിലെ നിറമുള്ള സ്വപ്നങ്ങളെയും ചിന്തകളെയുമൊക്കെ കാണിക്കുന്നു എന്നൊക്കെ സാര്‍ പറഞ്ഞു
തരുമായിരുന്നു. ‘മുന്തിരിത്തോപ്പു’മുതല്‍ ‘ഞാന്‍ ഗന്ധര്‍വ്വന്‍’ വരെ 10-14 പടങ്ങളില്‍ ഞാന്‍ വര്‍ക്കുചെയ്തു. എനിക്ക് കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലും സ്വയം വളരാന്‍ ഒരുപാടു സഹായിച്ച കാലമായിരുന്നു അത്. അദ്ദേഹത്തിന്റെ എല്ലാ പടങ്ങളിലും തല കാണിക്കാന്‍ അവസരം തന്നിരുന്നു. ബസ്സില്‍നിന്നിറങ്ങുന്നതോ ചായകൊടുക്കുന്നതോ… അങ്ങനെ എന്തെങ്കിലും വേഷം. ‘മൂന്നാംപക്കം’ എന്ന ചിത്രത്തില്‍ കടപ്പുറത്തുനിന്ന് ഡയലോഗൊക്കെ പറയുന്നുണ്ട്. പിന്നീട് സിബി മലയിലാണ് സിനിമയില്‍ വലിയ റോള്‍ എനിക്കു തന്നത് ‘മാലയോഗം’ എന്ന ചിത്രത്തില്‍. ‘സി ഐ ഡി ഉണ്ണിക്കൃഷ്ണന്‍’ എന്ന ചിത്രത്തില്‍ മുഴുനീള ഹാസ്യവേഷം ചെയ്തതോടെ അഭിനയരംഗത്തു തിരക്കായി.

വേണു നാഗവള്ളി, കെ. മധു, സിബി മലയില്‍ തുടങ്ങി പല പ്രമുഖ സംവിധായകരെയെല്ലാം പരിചയപ്പെടാന്‍ കഴിഞ്ഞത് പത്മരാജന്‍സാറിന്റെകൂടെ വര്‍ക്കുചെയ്തതുകൊണ്ടാണ്.
പത്മരാജന്‍സാറിന്റെ മുന്തിരിത്തോപ്പുമുതല്‍ എല്ലാ പടത്തിലും ഞാനായിരുന്നു കോസ്റ്റ്യൂം ചെയ്തത്. കുറച്ചു പടങ്ങള്‍ കഴിഞ്ഞപ്പോള്‍ സാറിനോട് ഞാന്‍ വസ്ത്രാലങ്കാരം സുരേന്ദ്രന്‍ എന്നതിനു പകരം ഇന്ദ്രന്‍സ് എന്നാക്കിക്കോട്ടെ എന്നു ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. അങ്ങനെ എന്റെ തയ്യല്‍ക്കടയുടെ പേര് ഞാനും സ്വീകരിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ ടെയ്‌ലറിങ് ഷോപ്പിന്റെ ബോര്‍ഡില്‍ ചെറിയ മാറ്റം വരുത്തി, ഇന്ദ്രന്‍സ് സിനി ടെയ്‌ലറിങ് സെന്റര്‍ എന്നാക്കി. കൂടുതല്‍ ആളുകളെ കടയിലേക്ക് ആകര്‍ഷിക്കാന്‍ അതു സഹായിച്ചു. മൂന്നര സെന്റ് സ്ഥലം വാങ്ങി–കട പിന്നീട് കുമാരപുരത്തേക്കു മാറ്റിയപ്പോള്‍ ഇന്ദ്രന്‍സ് ബ്രദേഴ്‌സ് എന്നാക്കി. സഹോദരന്മാരായ വിജയനും ജയനും മറ്റുമാണ് കട നടത്തുന്നത്. സമയം കിട്ടുമ്പോഴൊക്കെ കട്ടിങ്ങിനൊക്കെ ഞാനും പോകാറുണ്ട്.

പണ്ട് മെഡിക്കല്‍ കോളജിനടുത്ത് കട നടത്തിയപ്പോള്‍ ഉണ്ടായിരുന്ന കസ്റ്റമേഴ്‌സൊക്കെ ഇപ്പോഴും വരാറുണ്ട്. സിനിമയില്‍നിന്നും മധുസാര്‍, മധുപാല്‍, ഷാജി കൈലാസ്, ജഗദീഷ്, നന്ദു എന്നിവരൊക്കെ ഇപ്പോഴും അവിടെയാണ് തയ്പ്പിക്കുന്നത്. ആര്‍ട്ടിസ്റ്റുകളെ കോസ്റ്റ്യൂം വിഷയങ്ങളില്‍ ഇടപെടുന്നതിന് പത്മരാജന്‍സാര്‍ അനുവദിച്ചിരുന്നില്ല. അദ്ദേഹം തീരുമാനിച്ചാല്‍ അത് ഫൈനലായിരിക്കും. ചില ആര്‍ട്ടിസ്റ്റുകള്‍ക്കൊക്കെ മനസ്സില്ലാമനസ്സോടെ അദ്ദേഹത്തെ അനുസരിക്കേണ്ടിവരാറുണ്ട്. പല ആര്‍ട്ടിസ്റ്റുകളും കാണാന്‍കൊള്ളാവുന്ന ഡ്രസ്സ് ധരിച്ച് അഭിനയിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ സാര്‍ അതൊന്നും അനുവദിക്കില്ല. വസ്ത്രത്തിലെ അനാവശ്യമായ മടക്കുകള്‍പോലും അദ്ദേഹം സമ്മതിക്കില്ല. എല്ലാ കഥാപാത്രങ്ങളുടെയും വസ്ത്രങ്ങള്‍ ഇസ്തിരിക്കിടാനും സാര്‍ അനുവദിച്ചിരുന്നില്ല.

ചില സംവിധായകര്‍ ആര്‍ട്ടിസ്റ്റുകള്‍ പറയുന്നതിനൊക്കെ ഓക്കെ പറയും. പിന്നീട് അതൊക്കെ മാറ്റും. അപ്പോള്‍ പെടുക കോസ്റ്റ്യൂം ഡിസൈനറാണ്. നമ്മള്‍ നേരത്തേ പറഞ്ഞപ്രകാരം വാങ്ങിയതൊന്നും ഉപയോഗിക്കാന്‍ പറ്റില്ല. അതോടെ കോസ്റ്റ്യൂം ഡിസൈനര്‍ എല്ലാം പുതുതായി വാങ്ങേണ്ടിവരും. എന്നാല്‍ ചില സംവിധായകര്‍ ഈ ബുദ്ധിമുട്ടുകളൊന്നും കണക്കിലെടുക്കില്ല. ചില കോസ്റ്റ്യൂം ഡിസൈനര്‍മാര്‍ വിട്ടുകൊടുക്കാതെ തര്‍ക്കിച്ച് പ്രശ്‌നം പരിഹരിക്കും. എനിക്ക് അതിനുള്ള ത്രാണിയില്ലാത്തതിനാല്‍ തര്‍ക്കത്തിനൊന്നും പോയിട്ടില്ല. അഭിനയരംഗത്ത് തിരക്കു കൂടിവന്നതോടെ കോസ്റ്റ്യൂം പരിപാടികള്‍ അവസാനിപ്പിക്കേണ്ടിവന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പത്മരാജന്റെ കൃതികള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക

 

Comments are closed.