മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമ്‌നാഥ് ചാറ്റര്‍ജി അന്തരിച്ചു
കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കറും പശ്ചിമ ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന ഇടതുപക്ഷ നേതാവുമായ സോമ്‌നാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. വൃക്കരോഗം ഗുരുതരമായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ഞായറാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമാവുകയായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം.
അസമിലെ തേസ്പൂരില്‍ 1929 ജൂലൈ 25-നായിരുന്നു സോമ്‌നാഥ് ചാറ്റര്‍ജിയുടെ ജനനം. പത്തു തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോമ്‌നാഥ് ചാറ്റര്‍ജി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. 2004 മുതല്‍ 2009 വരെ അദ്ദേഹം ലോക്‌സഭാ സ്പീക്കറായിരുന്നു. 2008-ല്‍ യു.പി.എ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ സ്ഥാനത്ത് നിന്ന് രാജിവെക്കാതിരുന്ന അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് അദ്ദേഹം സജീവരാഷ്ട്രീയത്തില്‍ നിന്നും അകന്ന് എഴുത്തിലും വായനയിലും മുഴുകുകയായിരുന്നു. ശാരീരിക അവശതകള്‍ക്കിടയിലും അദ്ദേഹം സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളോട് ശക്തമായി പ്രതികരിച്ചിരുന്നു.
രേണു ചാറ്റര്‍ജിയാണ് ഭാര്യ. പ്രതാപ് ചാറ്റര്‍ജി, അനുരാധ, അനുഷില എന്നിവര്‍ മക്കളാണ്.
Comments are closed.