ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക തന്നെ വേണം; എസ്. ഹരീഷിന് ഡി.സി ബുക്‌സിന്റെ ഐക്യദാര്‍ഢ്യം
ഹിന്ദുത്വ വാദികളുടെ ഭീഷണിയെത്തുടര്‍ന്ന് എസ്. ഹരീഷ് ഒരു ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മീശ എന്ന നോവല്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായ അവസ്ഥ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. മാതൊരുപാകന്‍ എന്ന നോവലിനെതിരെയും അതിന്റെ എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെയും നേരെ തമിഴ്‌നാട്ടില്‍ ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിയ ഭീഷണികളും അതേത്തുടര്‍ന്ന് താന്‍ എഴുത്തു നിര്‍ത്തുന്നുവെന്ന പെരുമാള്‍ മുരുകന്റെ അടിയറവും ഇന്ത്യയിലെങ്ങും വിമര്‍ശിക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ അത്തരമൊരു സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്നാണ് നാം കരുതിയിരുന്നത്. എന്നാല്‍ എത്ര പെട്ടെന്നാണ് എഴുത്തിന് നേരെയുള്ള കൊലക്കത്തി വീശൽ ഇവിടെയും സംഭവിച്ചത്! സര്‍ഗ്ഗാത്മക മണ്ഡലത്തിലേക്കുള്ള ഹിന്ദുത്വത്തിന്റെ ഇരച്ചുകയറല്‍ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും നേരെയുള്ള ഭീഷണമായ കടന്നുകയറ്റമാണ്. ഇതിനെ കേരളസമൂഹം എതിര്‍ത്തുതോല്‍പ്പിച്ചില്ലെങ്കില്‍ എന്തെഴുതണമെന്നും എന്ത് വായിക്കണമെന്നും തീരുമാനിക്കുന്നത് കേരളത്തിലെ മതതീവ്രവാദികളാകും എന്ന അവസ്ഥ അതിവേഗം എത്തിച്ചേരും എന്നത് ഉറപ്പാണ്. അതിനാല്‍ ഇതിനെതിരെ പോരാടാന്‍ നാം ഉടന്‍ തന്നെ തയ്യാറാകേണ്ടതുണ്ട്.
പെരുമാള്‍ മുരുകന്റെ നോവല്‍ അര്‍ദ്ധനാരീശ്വരന്‍ എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തെ ഡി.സി ബുക്‌സ് മുമ്പ് തന്നെ പ്രതിരോധിച്ചിട്ടുള്ളതാണ്. വിവിധ മതസംഘടനകളുടെയും ആള്‍ദൈവ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയസംഘടനകളുടെയും എതിര്‍പ്പുകളെ അവഗണിച്ച് ഡി.സി ബുക്‌സ് വിവിധ കാലഘട്ടങ്ങളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് സാംസ്‌കാരിക മേഖലയിലെ ഫാസിസ്റ്റ്‌വത്കരണത്തെ ചെറുത്തുനില്ക്കാന്‍ എക്കാലത്തും ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. എസ്. രമേശന്‍ നായരുടെ ശതാഭിഷേകം, ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചി കോഡ്, ഫിലിപ്പ് പുള്‍മാന്റെ നല്ലവനായ യേശുവും വഞ്ചകനായ ക്രിസ്തുവും, സിസ്റ്റര്‍ ജെസ്മിയുടെ ആമേന്‍, ഗെയ്ല്‍ ട്രെഡ്‌വെല്ലിന്റെ അമൃതാനന്ദമയീമഠം- ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍, ഗുരുവായൂരപ്പന്‍ കോളെജ് മാഗസിന്‍ വിശ്വവിഖ്യാതമായ തെറി, ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിഷേധിച്ച് രചിക്കപ്പെട്ട കവിതകളുടെ സമാഹാരം വെട്ടുവഴിക്കവിതകള്‍, റിയാസ് കോമുവിന്റെ നാരായണഗുരു ശില്പത്തിന്റെ ചിത്രത്തോടെ പുറത്തിറക്കിയ ഗുരുചിന്തന എന്നിവ ചില ഉദാഹരണങ്ങളാണ്. സി. രവിചന്ദ്രന്റെ ഗീതാവിമര്‍ശനമായ ബുദ്ധനെ എറിഞ്ഞ കല്ല്, പശുരാഷ്ട്രീയത്തിന് എതിരായ ബീഫും ബിലീഫും, ഹമീദ് ചേന്ദമംഗലൂരിന്റൈ കൃതികളായ ഇസ്‌ലാമിക് സ്റ്റേറ്റ് ആരുടെ സൃഷ്ടി, ലിബറല്‍ ഇസ്‌ലാമോഫോബിയ, കെ. അരവിന്ദാക്ഷന്റെ ദേശീയത നായാട്ടിനിറങ്ങുമ്പോള്‍, കാഞ്ചാ ഐലയ്യയുടെ കൃതികളുടെ വിവര്‍ത്തനങ്ങള്‍, ഞാന്‍ ഗൗരി ഞങ്ങള്‍ ഗൗരി എന്ന ഗൗരി ലങ്കേഷ് വധത്തിന്റെ വിമര്‍ശന കൃതി തുടങ്ങി ഒട്ടേറെ പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെയും ഫാസിസ്റ്റ്‌വത്ക്കരണത്തെ ചെറുത്തുതോല്പിക്കാനുള്ള ശ്രമങ്ങള്‍ ഡിസി ബുക്‌സ് നടത്തിയിട്ടുണ്ട്. നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന കൃതിയുടെ വിവര്‍ത്തനം ഡിസി ബുക്‌സ് ഉടന്‍ പുറത്തിറക്കുന്നുണ്ട്.
എസ്. ഹരീഷിനും കുടുംബത്തിനും നേരെയുള്ള ഹിന്ദുത്വവാദികളുടെ ഭീഷണികളെ ഡി.സി ബുക്‌സ് ശക്തമായി അപലപിക്കുന്നു. സര്‍ഗ്ഗസൃഷ്ടികള്‍ക്കു നേരെയുളള കടന്നാക്രമണങ്ങളോട് ഡി.സി ബുക്‌സ് ശക്തമായി പ്രതിഷേധിക്കുന്നു. എസ്. ഹരീഷ് എന്ന എഴുത്തുകാരനെ കേരളത്തിന് മുന്നില്‍ അവതരിപ്പിച്ചത് ഡി.സി ബുക്‌സാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഡി.സി ബുക്‌സ് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒപ്പം നിന്ന് ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിനായി പോരാടുമെന്ന് ഉറപ്പു തരുന്നു. എസ്. ഹരീഷിനും കുടുംബത്തിനുമൊപ്പം ഡി.സി ബുക്‌സും അണിചേരുന്നു.
Comments are closed.