DCBOOKS
Malayalam News Literature Website

അവതാരകയുടെ ചോദ്യത്തെ തമാശയോടെ നിരസിച്ച് ‘സോഫിയ’…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച ഹ്യൂമനോയിഡ് റോബോട്ട് സോഫിയ ഇന്ത്യയിലെത്തി. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്ക്‌നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക് ഫെസ്റ്റില്‍ പങ്കെടുക്കാനാണ് അത്യാധുനിക റോബോട്ടായ സോഫിയ ഇന്ത്യയിലെത്തിയത്. സാങ്കേതിക വിദഗ്ദരും വിദ്യാര്‍ത്ഥികളും അടക്കമുള്ള തിരഞ്ഞെടുത്ത സദസ്സിന് മുന്നില്‍ 20 മിനിറ്റ് നേരം സോഫിയ സംസാരിച്ചു. ഇന്ത്യന്‍ രീതിയനുസരിച്ച് സാരിയില്‍ സുന്ദരിയായാണ് സോഫിയ സദസ്സിനെ അഭിസംബോധനചെയ്തത്.

സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റുമായി ശേഖരിച്ച ചോദ്യങ്ങള്‍ക്ക് സോഫിയ മറുപടി പറഞ്ഞു.ലോകത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ച സോഫിയ സഹജീവികളോട് അനുകമ്പ കാണിക്കണമെന്ന് മനുഷ്യവംശത്തോട് ആവശ്യപ്പെട്ടു. മനുഷ്യരും റോബോട്ടുകളും തമ്മില്‍ മത്സരമല്ല ഉണ്ടാവേണ്ടതെന്നും സഹകരണമാണ് വേണ്ടതെന്നും സോഫിയ ചൂണ്ടിക്കാട്ടി.

ഞാനൊരു ആണായിരുന്നെങ്കില്‍ എന്നെ വിവാഹം കഴിക്കുമോ എന്ന അവതാരകയുടെ ചോദ്യത്തിന് അത് തമാശയോടെ നിരസിക്കുന്നു എന്നായിരുന്നു സോഫിയയുടെ മറുപടി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച സോഫിയ റോബോട്ടിന് ഒക്ടോബറിലാണ് സൗദി അറേബ്യ പൗരത്വം നല്‍കിയത്. മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും അതിനനുസരിച്ചുള്ള മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാനും സോഫിയയ്ക്ക് സാധിക്കും.

Comments are closed.