DCBOOKS
Malayalam News Literature Website

സാമൂഹിക അകലവും മലയാളിയുടെ ജാതിബോധവും

Unni R

ഉണ്ണി ആറുമായി ഡോ.ജ്യോതിമോള്‍ പി നടത്തിയ അഭിമുഖം

Quarantine എന്ന അവസ്ഥയെ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എങ്ങനെ കാണുന്നു?

വ്യാധിയുടെ കാലത്ത് നിര്‍ബന്ധമായും പാലിക്കേണ്ടശാരീരികമായ അച്ചടക്കം എന്ന നിലയില്‍ quarantine ഒരു സാമൂഹിക ഉത്തരവാദിത്വമാണ്. മഹാരോഗങ്ങളാണ് മനുഷ്യരെ ഈ രീതിയില്‍ മാറിത്താമസങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നതെന്ന ഒരു തെറ്റായ തോന്നല്‍ നമുക്കുണ്ട്. ജാതിയുടെ അധികാരങ്ങള്‍ കീഴ്ജാതിക്കാരെ എക്കാലവും അകറ്റിത്താമസിപ്പിച്ചിരുന്നു. അവിടെ quarantine മറ്റൊരു വിധത്തിലാണ് ക്രമീകരിക്കപ്പെടുക. സവര്‍ണര്‍ എന്ന ഒരു സമൂഹത്തിനുള്ളത് എല്ലാമുള്ള ജീവിതമാണ്. അവര്‍ എപ്പോഴും ‘പ്രസക്ത’രാണ്! അവര്‍ അറപ്പോടെ കാണുന്ന ‘രോഗി’കള്‍ ദലിതരാണ്. അവരില്‍നിന്നും മാറിയുള്ള ജീവിതമാണ് ഇന്നും ഇന്ത്യയിലുള്ളത്. എത്ര പേര്‍ക്ക് വീടുണ്ട്? അതുകാണ്ടുതന്നെ വീടുകളില്‍ ഇരിക്കുക എന്ന സാമൂഹിക അച്ചടക്കം പാലിക്കാന്‍ എത്ര പേര്‍ക്ക് കഴിയും? വീടുണ്ടെങ്കില്‍തന്നെ ഒരേ സമയം അവര്‍ക്കെല്ലാം വീടുകളില്‍ താമസിക്കാന്‍ കഴിയുമോ? എഴുത്തുകാരുടെ ജീവിതം അല്ലെങ്കില്‍ എഴുത്ത് എന്നു പറയുന്നത് ഭൂരിപക്ഷം വരുന്ന സാധാരണ ജീവിതങ്ങള്‍ക്കും മുകളിലാണ്. അഭയാര്‍ത്ഥികളും സ്വന്തം നാട്ടിലേക്ക് നടക്കേണ്ടി വരികയും ചെയ്യുന്നവര്‍ക്ക് എന്ത് സാഹിത്യം? എന്ത് കല? സാഹിത്യവും കലയുമൊക്കെ ഒരു പ്രിവിലേജ്ഡ് അവസ്ഥയാണ്. എന്റെ കാര്യത്തിലെങ്കിലും അത് സത്യമാണ്.

സാമൂഹിക അകലം എന്ന അവസ്ഥയെ എങ്ങനെയാണ് താങ്കള്‍ വിലയിരുത്തുന്നത്?

ചരിത്രത്തിലെ ഒരു സംഭവം പറയാം, ഗാന്ധി തന്റെ കുടുംബവുമായി ഡര്‍ബനിലേക്ക് ചെല്ലുമ്പോള്‍ അവരുടെ കപ്പലിനെ തീരത്ത് അടുക്കാന്‍ സമ്മതിച്ചില്ല. ആ സമയത്ത് ബോംബയില്‍ പ്ലേഗ് പടരുന്ന സമയമായിരുന്നു. ഗാന്ധിയും കൂടെയുള്ളവരും ഈ രോഗവുമായി എത്തുന്നു എന്നാണ് അവിടെ പ്രചരിപ്പിക്കപ്പെട്ടത്. ഇത് ഗാന്ധിയോടുള്ള വിദ്വേഷത്തിന്റെ ഏറ്റവും മോശമായ പ്രതികരണമായിരുന്നു. പിന്നീട് ആര്‍ക്കും രോഗമില്ലന്ന് സ്ഥിരീകരിക്കുകയും കപ്പല്‍ തുറമുഖത്ത് അടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഗാന്ധി അവിടെ വെച്ച് ആക്രമിക്കപ്പെടുകയാണ്. ഇന്നത്തെ ഈ സാഹചര്യത്തില്‍, ഒരാളെ ഒറ്റപ്പെടുത്തുവാന്‍ അയാള്‍ കൊവിഡ് രോഗി ആണെന്നു പറയുക, അയാളെ ഒരു കുറ്റവാളിയായി കാണുക എന്നതൊക്കെ നാം കാണുന്നുണ്ട്. സാമൂഹിക അകലം എന്ന പ്രയോഗംതന്നെ ബ്രാഹ്മണിക്കല്‍ ആണ് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നുവല്ലോ. ഇങ്ങനെയൊരു പ്രയോഗം ഉണ്ടായതില്‍ ഞാന്‍ ഒട്ടുമേ അത്ഭുതപ്പെടുന്നില്ല. കേരളത്തില്‍ ഇന്നും ജാതി ശക്തമായി നിലനില്‍ക്കുന്നുണ്ട്. മതേതരത്വത്തിന്റെ പേരില്‍ നമ്മളത് മറച്ചുവെക്കുന്നു എന്നു മാത്രം. അതുകൊണ്ട് സാമൂഹിക അകലം പാലിക്കാന്‍ മലയാളിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല, മനസ്സുകൊണ്ട് ഈ അധികാരശ്രേണിയില്‍പ്പെട്ട ഒരു സവര്‍ണ സമൂഹം ഇവിടെ നിലനില്‍ക്കുന്നതിനാല്‍.

അവനവനിലേക്കുള്ള ഒതുക്കം സര്‍ഗാത്മകതയെ എങ്ങനെ സ്വാധീനിക്കുന്നു?

അവനവനിലേക്കുള്ള മടക്കം മറ്റുള്ള എഴുത്തുകാരില്‍ എങ്ങനെ എന്ന് എനിക്ക് പറയാനറിയില്ല. എന്റെ വ്യക്തിപരമായ കാര്യത്തില്‍ അത് എഴുത്തിനും വായനയ്ക്കും ഗുണകരമായി തോന്നിയിട്ടുണ്ട്.

മനുഷ്യകേന്ദ്രീകൃതമായ ലോകവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ‘പ്രാണിലോകം’, ‘മനുഷ്യാലയ ചന്ദ്രിക ‘പോലുള്ള കഥകള്‍ താങ്കള്‍ രചിച്ചിട്ടുണ്ടല്ലോ. ഈ വൈറസ് ബാധയുടെ പശ്ചാ
ത്തലത്തില്‍ അത്തരം കഥകളുടെ കാലികപ്രസക്തി ഏറുകയല്ലേ? അതിന്റെ രചനാസന്ദര്‍ഭംകൂടി വിശദ മാക്കാമോ?

പ്രസക്തിയെക്കുറിച്ച് എനിക്കറിയില്ല. കൊവിഡ് പടരുന്ന അവസ്ഥയില്‍ എന്തൊരു അവസ്ഥയാണ് ലോകം നേരിടുന്നത് എന്ന് പറഞ്ഞപ്പോള്‍, എന്റെ മകള്‍ എന്നെ തിരുത്തിയത്, മനുഷ്യര്‍ക്ക് മാത്രമേ ഈ അവസ്ഥ ഉള്ളൂ എന്നാണ്. മനുഷ്യര്‍ ഇതുകൊണ്ട് ലോകത്തെ പുനര്‍ നിര്‍വ്വചിക്കുമെന്നോ സ്വയം മാറാന്‍ ശീലിക്കുമെന്നോ ഞാന്‍ കരുതുന്നില്ല. ഗള്‍ഫില്‍നിന്നു മടങ്ങിയെത്തുന്നവര്‍ അപരരായി മാറുന്നു എന്നത് ഈ കാലം നമ്മുടെ ആത്മീയ ചിന്തയില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നതിന്റെ തെളിവാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷത്തിലും ന്യൂനപക്ഷത്തിന്റേതായ വായനയില്‍ ഈ കഥകളുടെ സ്ഥാനം എങ്ങനെ എന്ന് ഞാന്‍ പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നുന്നു.

താങ്കളുടെ കഥകളില്‍ ഫാന്റസിയെ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത്?

ഫാന്റസി എന്നത് പല കഥകളിലും വന്നു പോകുന്നുണ്ട്. അത് ജീവിതസാഹചര്യങ്ങളില്‍നിന്നുള്ള അനുഭവത്തുടര്‍ച്ചയായി കാണാം. കേട്ട കഥകള്‍, അനുഭവിച്ച ചില സന്ദര്‍ഭങ്ങള്‍ എല്ലാം എഴുത്തിലേക്ക് സമയാസമയം വരുന്നു എന്നു മാത്രം.

ഭാഷയുടെ രാഷ്ട്രീയസാധ്യതകളെ എങ്ങനെയാണ് കഥകളില്‍ പ്രയോജനപ്പെടുത്തുന്നത്?

ഭാഷയുടെ രാഷ്ട്രീയസാധ്യതയെക്കുറിച്ച് ഞാന്‍ ബോധപൂര്‍വ്വം ചിന്തിച്ചിട്ടില്ല. അത്തരമൊരു ചിന്ത പലപ്പോഴും എഴുത്തിന് തടസ്സമായേക്കും. എന്നാല്‍ എഴുത്തില്‍ ജനിക്കേണ്ട വാക്കുകളില്‍ എന്റെ ഉത്തരവാദിത്വം എന്റെ ചിന്തയുടെകൂടി ഉത്തരവാദിത്വമാണ്. അതുകൊണ്ട് ഭാഷയിലെ ശ്രദ്ധയെന്നത് നിത്യവുമുള്ള മാറ്റങ്ങള്‍ക്കനുസൃതമായാണ് ഉണ്ടാവുന്നത്. ‘ഒറ്റപ്പെട്ടവന്‍’ എന്ന കഥയിലെ യേശുവിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഒറ്റുകാരനാണോ? അല്ല ഒറ്റപ്പെട്ടവനാണ് എന്ന് എഴുതുമ്പോഴും ആ കഥയിലെ അവസാനത്തെ വരിയില്‍ ദലിതനായ അക്കിരിയെക്കുറിച്ച് ഒരു കറുത്ത വെളിച്ചം പോകുന്നത് കണ്ടു എന്നുമാണ് എഴുതുന്നത്. പൊയ്കയില്‍ അപ്പച്ചന്‍കൂടി വരുന്ന ഈ കഥയില്‍ ഈ ഭാഷ ഇങ്ങനെയല്ലാതെ മറ്റൊന്നാവുക സാധ്യമല്ല. ഇത് ഭാഷയുടെ രാഷ്ട്രീയസാധ്യത മുന്നില്‍ കണ്ടുകൊണ്ടല്ല എഴുതിയത്. ‘കറുത്ത വെളിച്ചം’ എന്ന പ്രയോഗത്തിന്റെ ഭംഗി എന്റെ പ്രധാന പരിഗണന ആകുമ്പോള്‍ത്തന്നെ വെളിച്ചത്തെക്കുറിച്ചുള്ള ധാരണയില്‍ ഒരു തിരുത്തല്‍കൂടി ആയേക്കും എന്ന ചിന്തകൂടിയുണ്ട്. അതിന്റെ മറ്റ് സാധ്യതകള്‍ വായനക്കാരുടെ വിലയിരുത്തലുകള്‍ക്ക് വിട്ടുകൊടുക്കുകയാണ്.

താങ്കളുടെ പല കഥകളിലും (ലീല, വാങ്ക്) സമൂഹത്തിന്റെ പതിവ് ധാര്‍മിക സമവാക്യങ്ങള്‍ ക്കപ്പുറമുള്ള നിലപാടുകള്‍ ഉണ്ട്. അവയെപ്പറ്റി ഒന്ന് സംസാരിക്കാമോ?

ധാര്‍മിക സമവാക്യങ്ങള്‍ ആരാണ് നിര്‍മിച്ചതെന്ന് ചരിത്രം വായിച്ചാല്‍ മനസ്സിലാകും. ചരിത്രത്തിന്റെ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഒരു സമൂഹത്തിന്റെ പ്രശ്‌നമല്ലാതാവുമ്പോഴാണ് നമ്മള്‍ അസഹിഷ്ണുക്കളാവുന്നത്. നമ്മുടെ കേരളത്തിന്റെ നൂറു വര്‍ഷം മുന്‍പുള്ള സാമൂഹികാവസ്ഥ വെറുതെ നോക്കിയാല്‍ മനസ്സിലാവും മരുമക്കത്തായ സമ്പ്രദായത്തിലെ സ്ത്രീകളുടെ ജീവിതവും അവര്‍ കുറച്ചെങ്കിലും അനുഭവിച്ചിരുന്ന സ്വാതന്ത്ര്യവും വിക്ടോറിയന്‍ സദാചാരമൂല്യങ്ങളുടെ അടിച്ചേല്‍പ്പിക്കലിലൂടെ ഇല്ലായതായത് എങ്ങനെ എന്ന്. ഈ സദാചാരമൂല്യങ്ങളുടെ പ്രയോക്താക്കളാവാനാണ് എല്ലാ മതങ്ങള്‍ക്കും ഇഷ്ടം. കാരണം അതിലെ അധികാരം പുരുഷന്റേതാണ്. എന്റെ കഥകളെ ഞാന്‍ വിലയിരുത്തുക ശരിയല്ല എന്ന് തോന്നുന്നതുകൊണ്ട് അതിനു ഞാന്‍ മെനക്കെടാതിരിക്കുന്നതാവും നല്ലതെന്ന് തോന്നുന്നു.

താങ്കള്‍ കഥകളില്‍ പ്രയോജനപ്പെടുത്തിയിട്ടുള്ള വിവിധ narrative strategy കളെക്കുറിച്ച് വിശദമാക്കുമോ?

കഥകളില്‍ അല്ലെങ്കില്‍ നോവലുകളില്‍ എല്ലാ എഴുത്തുകാരും അവരവരുടേതായ ആഖ്യാന തന്ത്രങ്ങള്‍ ഉണ്ടാക്കുക സ്വാഭാവികമാണ്. ആത്യന്തികമായി ഈ തന്ത്രത്തില്‍ വായനക്കാരെ വീഴ്ത്തുക എന്നതാണല്ലോ എഴുത്തിന്റെ പരമമായ ധര്‍മ്മം. അത് പല കഥകളിലും പല രീതിയില്‍ ശ്രമിക്കുന്നുണ്ട്. ഒരു കഥ മറ്റൊരു കഥയില്‍നിന്നും വ്യത്യസ്തമാകാനുള്ളആഗ്രഹം.

താങ്കളുടെ കഥകളിലെ സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുണ്ടോ?

ചിലരൊക്കെ അത് ഞാനായിരുന്നു. അല്ലെങ്കില്‍ അതെനിക്ക് അറിയാവുന്ന ഒരാളുടെ കഥയായിരുന്നു എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ നമ്മള്‍ കുഴിച്ച കുഴിയില്‍ ഒരാള്‍ വീണല്ലോ എന്ന ഗൂഢമായ ചിന്ത ഉണ്ടാവാറുണ്ട്.

ഉണ്ണിയുടെ പല കഥകളും വളരെ inter textual ആയ അനുഭവം നല്‍കുന്നുണ്ട്. ഇത് എത്രത്തോളംconscious ആയി ചെയ്യുന്നതാണ്?

എഴുത്ത് ബോധപൂര്‍വ്വമായ ഒരു പ്രക്രിയാണ്. അതില്‍ പല തരം സങ്കേതങ്ങള്‍ ഉപയോഗിക്കുക സ്വാഭാവികമാണ്. ‘മണ്ണിര’ എന്ന കഥ എഴുതുവാനുള്ള കാരണം മണ്ണിര എന്ന വാക്ക് പിരിച്ചാല്‍ മണ്ണിന്റെ ഇര എന്നു കിട്ടുമെന്ന തോന്നലില്‍നിന്നും രണജിത് ഗുഹയുടെ ചെറിയ ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കുക എന്ന പ്രയോഗത്തില്‍നിന്നുമാണ്. ഇന്നും ഭൂമിക്കുവേണ്ടിയുള്ള സമരങ്ങള്‍ നടക്കുന്നത് ഭൂപരിഷ്‌കരണം കൊട്ടിഘോഷിച്ച ഈ നാട്ടിലാണ് എന്നോര്‍ക്കണം. അങ്ങനെയുള്ള ഒരു സമയത്താണ് ഈ കഥ എഴുതുന്നത്. ആ കഥ പക്ഷേ, ഒരു മുദ്രാവാക്യമായി മാറരുത് എന്ന നിര്‍ബന്ധവും ഉണ്ടായിരുന്നു.

ഉണ്ണിയുടെ എഴുത്തില്‍ വായന വിഹരിക്കുന്നുണ്ട്. സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ച്, താങ്കളുടെ വായനയെക്കുറിച്ച് വിശദമാക്കാമോ?

പല പുസ്തകങ്ങളും പല കാലത്തും എന്നെ ചാര്‍ജ് ചെയ്തിട്ടുണ്ട്. ഉള്ളൂരിന്റെ ‘കേരള സാഹിത്യ ചരിത്ര’മാണ് ഞാനിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത്. അതെന്നെ സ്വാധീനിക്കുകയല്ല, ഉള്ളൂരിന്റെ ശ്രമങ്ങളോടുള്ള, അക്ഷീണമായ ആ പ്രയത്‌നത്തോടുള്ള ആദരവ് കൂട്ടുകയാണ്.

മതങ്ങളെക്കുറിച്ച്, അവയുടെ പ്രസക്തിയെ ചോദ്യം ചെയ്തുകൊണ്ട് താങ്കള്‍ കഥകള്‍ എഴുതിയിട്ടുണ്ട്. മതത്തോടുള്ള സമീപനം എന്താണ്?

മതങ്ങള്‍ വലിയ സങ്കീര്‍ണ്ണമായ വിഷയമാണ്. അത് എല്ലാക്കാലത്തും ചര്‍ച്ച ചെയ്യപ്പെടുകയും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. ക്ഷേത്രപ്രവേശന വിളംബരമെന്ന ആസൂത്രിത സ്വാതന്ത്ര്യ പ്രഖ്യാപനമില്ലായിരുന്നെങ്കില്‍ കേരളത്തിലെ ഇന്ന് പറയപ്പെടുന്ന ഹിന്ദു സമുദായത്തിന്റെ അവസ്ഥ ഒന്നാലോചിച്ച് നോക്കൂ. ക്ഷേത്രപ്രവേശനങ്ങളോട് അംബേദ്കറുടെ വിയോജിപ്പിനെക്കുറിച്ച് ഡി ആര്‍ നാഗരാജ് എഴുതുന്നുണ്ട്. ഗാന്ധി പക്ഷേ, ഇതൊരു വിപ്ലവകരമായ കാര്യമായാണ് കാണുന്നത്. ഈഴവര്‍ക്ക് താഴേക്കുള്ള ജാതികളുടെ കാര്യം അന്നും ഇന്നും മാറ്റമില്ലാതെയാണ് തുടരുന്നത്. ഈ മിഷിനറിമാരുടെ വരവ് ദലിതര്‍ക്കിടയില്‍ ഉണ്ടാക്കിയത് താത്കാലിക മോചനമോ സ്വാതന്ത്ര്യമോ മാത്രമായിരുന്നുവെന്ന് നമുക്കറിയാം. പൊയ്കയില്‍ അപ്പച്ചന്‍ ബൈബിള്‍ കത്തിക്കുന്നിടത്ത് മറ്റൊരു വിമോചനസ്വരം അല്ലെങ്കില്‍ ക്രിസ്തുമതത്തോടുള്ള വിമര്‍ശനമാണ് ധ്വനിക്കുന്നത്. വൈകുണ്ഠസ്വാമികളെ സ്വാതി തിരുനാള്‍ ജയിലില്‍ അടയ്ക്കുന്നത് ഹിന്ദുമതത്തിന് മാത്രമല്ല, ക്രിസ്തുമതത്തിനും ഗുണമായി. കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയില്‍ ഉണ്ടായ പുതിയ പ്രസ്ഥാനങ്ങള്‍ കുറച്ചു പേരെയെങ്കിലും കര്‍ശക്കശക്കാരായ മത അടിമകളാക്കി എന്നതും വസ്തുതയാണ്.

പുരുഷ കേന്ദ്രീകൃത സമൂഹവ്യവസ്ഥയെ നിരന്തരം പുനര്‍വായനയ്ക്കു വിധേയമാക്കുന്നുണ്ടല്ലോ ഉണ്ണിയുടെ കഥകള്‍. ഒരു പുരുഷന്‍ എന്ന നിലയില്‍ ഇത് എങ്ങനെ സാധിക്കുന്നു?

ആത്മവിമര്‍ശനപരമായിട്ടാണ് ഞാനതിനെ കാണുന്നത്. പുരുഷന്‍ എന്നതു മാത്രമല്ല, ജാതി, നിറം എല്ലാം തരുന്ന പ്രിവിലേജുകളോടുകൂടിയുള്ള വിമര്‍ശനമാണത്.

താങ്കള്‍ കാണുന്ന സമൂഹം എപ്പോഴാണ് കഥകളില്‍ കയറിപ്പറ്റുന്നത്?

അങ്ങനെയൊരു സമൂഹത്തെക്കുറിച്ച് ചിന്തിച്ചത് മാര്‍ക്‌സ് ആണ്. അതിനെയാണ് ഉട്ടോപ്യന്‍ എന്ന് നമ്മള്‍ വിളിച്ചത്. ഓരോ കഥയിലും ഓരോ തരം സമൂഹങ്ങള്‍ ഉണ്ടാവുന്നുണ്ട്.

ഉണ്ണിയുടെ സ്ത്രീകഥാപാത്രങ്ങള്‍ അസാമാന്യമായ സ്വഭാവമുള്ളവരാണ്. ഇത്തരം സ്ത്രീകളെ സൃഷ്ടിക്കാനുള്ള പ്രേരണ എന്താണ്?

‘അമ്മൂമ്മ ഡിറ്റക്റ്റീവ്’ പോലുള്ള കഥയിലെ അമ്മൂമ്മ എന്റെ അമ്മയുടെതന്നെ അമ്മയാണ്. പിന്നെ അസാമാന്യമായ കഴിവും ചിന്തയും ധൈര്യവുമുള്ളത് പുരുഷനെക്കാള്‍ സ്ത്രീക്കാണ് എന്നാണ് എന്റെ അനുഭവം.

‘ജലം’ പോലെ ഉള്ള കഥകള്‍ സാമാന്യ വായനക്കാര്‍ എങ്ങനെയാണ് സ്വീകരിച്ചത്?

ദൈവം സഹായിച്ച് ആ കഥ വലിയൊരു വായനാസമൂഹത്തിന് മനസ്സിലായില്ല എന്നതാണ് സത്യം. അതുപോലെ ‘കാളിനാടക’വും ‘മണ്ണിര’യും. അതൊരു ഭാഗ്യമായി കാണുന്നു.

ഇപ്പോള്‍ താങ്കളുടെ കഥകളുടെ ഇംഗ്ലിഷ് വിവര്‍ത്തനം വന്നിരിക്കുകയാണല്ലോ. അതിനെപ്പറ്റി വിശദമാക്കാമോ?

ജെ. ദേവികയാണ് പരിഭാഷ നടത്തിയത്. നല്ല കുറേ റിവ്യൂ വന്നു. പിന്നെ അത് ആട്ടാ ഗലാട്ടാ ഫിക്ഷന്‍ മത്സരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. ‘പ്രതി പൂവന്‍കോഴി’യും ഇംഗ്ലിഷില്‍ വരുന്നുണ്ട്. ദേവികതന്നെയാണ് പരിഭാഷ. റിയാസ് കോമുവാണ് കവറും ഇലസ്‌ട്രേഷന്‍സും ചെയ്തിരിക്കുന്നത്.

അലന്‍ താഹ വിഷയവുമായി ‘പ്രതി പൂവന്‍കോഴി’ എന്ന നോവലിന് എന്തെങ്കിലും ബന്ധമുണ്ടോ?

‘പ്രതി പൂവന്‍കോഴി’ ഇറങ്ങി കുറേ നാളുകള്‍ക്കു ശേഷമാണ് അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. ഈ സമയത്ത് ദേവിക എന്നോട് പറയുന്നുണ്ട്, ഉണ്ണിയുടെ നോവലിലെപ്പോലെയാണല്ലോ ആ പാവം കുട്ടികള്‍ക്ക് സംഭവിച്ചതെന്ന്! ഭരണകൂടത്തിന്, അല്ലെങ്കില്‍ സ്റ്റാലിനിസ്റ്റായ ഒരു ഭരണകര്‍ത്താവിന് സ്വന്തം അണികളെ ഭയപ്പെടുത്തുവാന്‍ എളുപ്പത്തില്‍ കഴിയുന്ന വഴികളിലൊന്ന് അയാളെ, അല്ലെങ്കില്‍ ആരെയാണോ അവരെ മാവോയിസ്റ്റുകളാക്കുക എന്നതാണ്. ഈ കൊവിഡ് സമയത്ത് നമ്മള്‍ ആ രണ്ടു പേരേയും മറന്നു എന്നതാണ് സത്യം.

സമൂഹത്തിന്റെ ഒളിഞ്ഞുനോട്ടങ്ങള്‍ ‘പെണ്ണും ചെറുക്കനും’ ഉള്‍പ്പെടെ പല കഥകള്‍ക്കും വിഷയമായിട്ടുണ്ടല്ലോ? അത്തരം മനോഭാവങ്ങള്‍ക്ക് എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ട് എന്ന് കരുതുന്നുണ്ടോ?

എവിടെ? ഒരു മാറ്റവുമില്ല.

കെട്ടകാലത്ത് ഒരു എഴുത്തുകാരന്റെ ദൗത്യം എന്താണ്?

അപ്പോള്‍ നമുക്കൊരു സുവര്‍ണഭൂതകാലമുണ്ടായിരുന്നോ? ഞാനത് വിശ്വസിക്കുന്നില്ല.

ഉണ്ണി ആറിന്റെ ഏറ്റവും പുതിയ പുസ്തകം ‘പെണ്ണും ചെറുക്കനും’ വാങ്ങാന്‍ സന്ദര്‍ശിക്കുക

ഉണ്ണി ആറിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.