‘സ്‌നേഹം കാമം ഭ്രാന്ത്’; വ്യത്യസ്തങ്ങളായ രണ്ട് കവര്‍ച്ചിത്രങ്ങളോട് കൂടി വായനക്കാരിലേക്ക്
ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം ‘സ്‌നേഹം കാമം ഭ്രാന്ത്’ വ്യത്യസ്തങ്ങളായ രണ്ട് കവര്‍ച്ചിത്രങ്ങളോട് കൂടി വായനക്കാരിലേക്ക്. ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ‘ദൈവത്തിന്റെ ചാരന്മാര്‍’ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘സ്‌നേഹം കാമം ഭ്രാന്ത്’. പ്രീബുക്ക് ചെയ്ത വായനക്കാര്‍ക്ക് എഴുത്തുകാരന്റെ കൈയ്യൊപ്പോട് കൂടിയ കോപ്പികള്‍ ലഭ്യമാകും. കൂടാതെ പ്രീബുക്ക് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എഴുത്തുകാരനുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ഡ സി ബുക്സ് ഒരുക്കിയിട്ടുണ്ട്.
ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്ത രണ്ട് വ്യത്യസ്ത കവര്‍ച്ചിതങ്ങളും പുസ്തകത്തിന്റെ പ്രത്യേകതയാണ്. ഡി സി ബുക്‌സാണ് പ്രസാധകര്‍. വ്യത്യസ്ത പ്രമേയങ്ങളിലുള്ള കഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
പുതിയ പുസ്തകത്തിനുള്ളിലുള്ളത് എന്റെ കഥകളല്ല, ഇതില്‍ ഞാനില്ല. ഫിക്ഷനാണ്. എന്നാല്‍ ഇതിലെ ഏതെല്ലാമോ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികമല്ല”- എന്നാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തകത്തെക്കുറിച്ച് സംസാരിക്കവെ ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞത്.
പുസ്തകത്തിന് ജോസഫ് അന്നംകുട്ടി ജോസ് എഴുതിയ ആമുഖത്തിൽ നിന്നും
ആത്മകഥാംശം പേറുന്ന കൃതികളോട് ഒരുപക്ഷേ, വായനക്കാരന് സ്നേഹം കൂടുതലായിരിക്കും. ഒരാൾ നടന്നുതീർത്ത വഴികൾ വരികളായി വായനക്കാരന്റെ മുൻപിൽ തെളിയുമ്പോൾ അത് അയാളുടെ ജീവിതത്തിലും ചില പുതുവഴികൾ തെളിയിക്കും. ഒരുപാട് നുണകൾ തുന്നിച്ചേർത്ത് വലിയൊരു സത്യം വിളിച്ചു പറയുന്നതാണ് ഫിക്ഷൻ എന്ന് പ്രിയ എഴുത്തുകാരൻ ഖാലിദ് ഹൊസൈനി പറഞ്ഞിട്ടുണ്ട്. ഈ പുസ്തകം അത്തരത്തിലുള്ള ഒരു ശ്രമമാണ്. ഉള്ളിൽ പിറവിയെടുത്ത ചില തോന്നലുകളെ, ആശയങ്ങളെ പച്ചയായി അവതരിപ്പിക്കാൻ ഞാൻ ചില കഥാപാത്രങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണ് ഇവിടെ. കഴിഞ്ഞ നാല് വർഷങ്ങൾ കൂടുതലും ചെലവഴിച്ചത് എന്റെ വീട്ടിലെ എഴുത്തു മുറിയിലാണ്, ഈ പുസ്തകത്തിലെ ഓരോ കഥാപാത്രങ്ങൾക്കുമൊപ്പമാണ്. അവരുമായി എത്രയോ തർക്കങ്ങൾ, ആശയപരമായ വ്യത്യാസങ്ങൾ, പരസ്പരമുള്ള മുറിപ്പെടുത്തലുകൾ, തലോടലുകൾ. സത്യം പറയാമല്ലോ ഒരു പുതിയ ഭ്രാന്തിന്റെ കൂട്ട് എനിക്കുണ്ടായിരുന്നു.
ഈ കഥകളിലുടനീളം നിറഞ്ഞുനിൽക്കുന്ന സ്നേഹവും കാമവും ഭ്രാന്തും നാം നമുക്കുള്ളിലോ നമ്മുടെ പ്രിയപ്പെട്ടവരിലോ കണ്ടിട്ടുണ്ടാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങൾ നെഞ്ചോടു ചേർത്തേക്കും, ചിലരുമായി രതിയിൽ ഏർപ്പെട്ടേക്കും, ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കും, ഏതാനും ചിലരുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചേക്കും, മറ്റു ചിലരെ നിങ്ങൾക്ക് മനസ്സിലാകാതെ പോയേക്കും.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.