DCBOOKS
Malayalam News Literature Website

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകള്‍

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള രചിച്ച എക്കാലത്തെയും മികച്ച നോവലാണ് സ്മാരകശിലകള്‍. വടക്കന്‍ മലബാറിലെ സമ്പന്നമായ അറയ്ക്കല്‍ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവല്‍ പറയുന്നത്. ഖാന്‍ ബഹദൂര്‍ പൂക്കോയ തങ്ങള്‍, കുഞ്ഞാലി, പൂക്കുഞ്ഞീബി, ആറ്റബീ, പട്ടാളം ഇബ്രായി തുടങ്ങിയവര്‍ വായനക്കാരന്റെ മനസ്സില്‍ കാലാതീതമായി ജീവിക്കുന്ന കഥാപാത്രങ്ങളാണ്.

നോവല്‍ സാഹിത്യത്തിനുള്ള 1978ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ച കൃതിയാണ് സ്മാരകശിലകള്‍. 80,000 കോപ്പികള്‍ വിറ്റഴിഞ്ഞ നോവലെന്ന പ്രത്യേകതയും സ്മാരകശിലകള്‍ക്കുണ്ട്.

അറയ്ക്കല്‍ തറവാടും തറവാടിന്റെ പതനം വരുത്തിവെക്കുന്ന അന്തര്‍നാടകങ്ങളും നോവലില്‍ വിദൂരപശ്ചാത്തലങ്ങള്‍ മാത്രമാകുന്നു. നോവലിന്റെ ജീവന്‍ മനുഷ്യനാകുന്നു. അസംഖ്യം മനുഷ്യര്‍ സ്മാരകശിലകളില്‍ ജീവിക്കുന്നുണ്ട്. സ്മാരകശിലകളോടൊപ്പം അനശ്വരരായിത്തീരുന്ന ചിരഞ്ജീവികളില്‍ രണ്ട് കുതിരകള്‍ മുന്‍പന്തിയിലുണ്ട്. ദിവ്യന്മാരുണ്ട്. വയറ്റുപ്പിഴപ്പിന്റെ പേരില്‍ ദിവ്യവേഷം പൂണ്ടവരും ഉണ്ട്.

‘ആധുനികതയുടെ കാലത്ത് എഴുതപ്പെട്ട നോവലുകളില്‍ പലതും ഇന്നത്തെ വായനയില്‍ രണ്ടാംകിട കൃതികള്‍ മാത്രമാണ്. സ്മാരകശിലകള്‍ ഈ അര്‍ത്ഥത്തില്‍ ആധുനികതയെ അതിജീവിച്ച രചനയാണ്. ഉമ്മാച്ചുവിന്റെയും അസുരവിത്തിന്റെയും താവഴിയില്‍ പിറന്ന കാലത്തെ അതിജീവിക്കുന്ന ഒരു നോവല്‍’-  എന്ന് എന്‍. ശശിധരന്‍ അഭിപ്രായപ്പെടുന്നു.

 

Comments are closed.