DCBOOKS
Malayalam News Literature Website

ആറാമത് മനോരാജ് കഥാസമാഹാര പുരസ്‌കാരം കെ.എന്‍ പ്രശാന്തിന്റെ ‘ആരാന്‍’ എന്ന കൃതിക്ക്

AARAN By : K N PRASANTH
AARAN
By : K N PRASANTH

തൃക്കരിപ്പൂര്‍ : അന്തരിച്ച പ്രശസ്ത ചെറുകഥാകൃത്തും എഴുത്തുകാരനുമായ ആലുവ മനോരാജിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ആറാമത് കഥാ സമാഹാര പുരസ്‌കാരം യുവ കഥാകൃത്ത് കെ.എന്‍ പ്രശാന്തിന്. അദ്ദേഹത്തിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ ആരാന്‍’ എന്ന കഥാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 33333 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും വായനക്കാരുടെ ശ്രദ്ധ നേടിയെടുത്തവയുമാണ് ആരാന്‍ എന്ന കഥാസമാഹാരത്തിലെ കഥകള്‍. വിഷയസ്വീകരണത്തിലും ആഖ്യാനത്തിലും പുലര്‍ത്തുന്ന വൈവിദ്ധ്യവും കയ്യടക്കവും പുസ്തകത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്.

‘മേഘങ്ങളില്‍ തൊട്ടുനില്ക്കുന്ന ഒങ്ങന്‍ പുളിമരത്തിന്റെ ഇലപ്പടര്‍പ്പിനു മുകളിലൂടെ തലയിട്ട് ആ കരിങ്കുരങ്ങ് ഉദിനൂരിനെ നോക്കി’ എന്ന വാചകത്തിലൂടെയാണ് കെ.എന്‍. പ്രശാന്തിന്റെ കഥാസമാഹാരം തുടങ്ങുന്നത്. തെളിഞ്ഞുനില്ക്കുന്ന വെളിച്ചത്തില്‍ അത് ഒരു നാട്ടിലെ കഥകളും പേറിനടക്കുന്ന മനുഷ്യരെ നോക്കുകയാണ്. ‘വെളിച്ചത്തിന്റെ അവസാനത്തെ തുള്ളിയും അണച്ച് ഇരുട്ട് അതിനെ മൂടി’ എന്ന വാചകമാണ് സമാഹാരത്തിന്റെ അവസാനം നമ്മള്‍ കാണുക. ഈ രണ്ട് വാക്യങ്ങളുടെയും ഇടയ്ക്കുള്ള ദൂരം വളരെ അകലമുള്ളതാണെന്ന നമ്മുടെ ധാരണ തിരുത്തുന്നതാണ് പ്രശാന്തിന്റെ കഥകള്‍. അല്ലെങ്കില്‍ ഉത്തരകേരളത്തിലെ ഒരു ഗ്രാമത്തിന്റെ ഭൂപ്രകൃതിപോലെ ഇരുളും വെളിച്ചവും ഇടകലര്‍ന്നതാണ്. അതുകൊണ്ടുതന്നെ ഭിന്നിച്ചുനില്ക്കുന്ന സംഭവങ്ങളായല്ല ഒരു വായനക്കാരന് ഇതിലെ കഥകള്‍ വായിക്കാനാവുക. മൂന്നാല് ലഘുസിനിമകള്‍ ചേര്‍ന്നുണ്ടാക്കിയ ഒരു വലിയ സിനിമയുടെ കഥകള്‍ക്കിടയില്‍ ഒരു നേര്‍ത്തനൂല്‍ നമ്മള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കാറുണ്ട്. അതുപോലെ പ്രശാന്തിന്റെ ഓരോ കഥയും ഓരോ അര്‍ത്ഥമുണ്ടാക്കുന്നതുപോലെ മൊത്തം സമാഹാരവും വായനക്കാരനോട് ഒന്നായി സംവദിക്കുന്നുണ്ട്’- എസ്.ഹരീഷ് 

നേരത്തെ ‘മഞ്ചു’എന്ന ചെറുകഥയ്ക്ക് മടിക്കൈ രാമചന്ദ്രന്‍ സ്മാരക ചെറുകഥാ പുരസ്‌കാരവും ‘പൂതപ്പാനി’ എന്ന കഥയ്ക്ക് കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറായിരുന്ന ഡോക്ടര്‍ പി.കെ രാജന്റെ സ്മരണയ്ക്ക് മലയാള വിഭാഗം ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരവും പ്രശാന്തിനെ തേടിയെത്തിയിട്ടുണ്ട്. ഉദിനൂര്‍ സ്വദേശിയായ പ്രശാന്ത് സഹകരണ വകുപ്പില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ആണ്. ഭാര്യ:എ.കെ ദിവ്യ. മകന്‍ : ഇഷാന്‍.

Comments are closed.