ശിവരാത്രി മാഹാത്മ്യം- അറിയേണ്ടതെല്ലാം
കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതു മൂലം ഒരു വ്യക്തിയുടെ സകല പാപങ്ങളും നശിക്കും എന്നാണ് വിശ്വാസം.
പുരാണങ്ങളില്‍ ശിവരാത്രിയുമായി ബന്ധപ്പെടുത്തി രണ്ട് ഐതിഹ്യങ്ങളുണ്ട്. പാലാഴി മഥനം നടത്തിയപ്പോള്‍ ഉണ്ടായ കാളകൂടവിഷം ലോകരക്ഷാര്‍ത്ഥം ശ്രീപരമേശ്വരന്‍ പാനം ചെയ്തു. വിഷം ഉള്ളില്‍ ചെന്ന ഭഗവാന് ദോഷമൊന്നും വരാതിരിക്കാന്‍ പാര്‍വ്വതിദേവി അദ്ദേഹത്തിന്റെ കണ്ഠത്തില്‍ മുറുകെപ്പിടിക്കുകയും വായില്‍നിന്നും പുറത്തുപോകാതിരിക്കാന്‍ ഭഗവാന്‍ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തില്‍ സ്വരൂപിച്ചു. വിഷം കഴുത്തില്‍ ഉറച്ചതുകാരണം അവിടെ നീലനിറമായി തീര്‍ന്നു. ഇതേത്തുടര്‍ന്നാണ് ശിവന് നീലകണ്ഠന്‍ എന്ന വിശേഷണമുണ്ടാകുന്നത്. അന്നേ ദിവസം പാര്‍വ്വതീദേവി ഭഗവാനുവേണ്ടി ഉറക്കമൊഴിഞ്ഞ് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
മറ്റൊരു ഐതിഹ്യം മഹാവിഷ്ണുവിനേയും ശിവനേയും ബ്രഹ്മാവിനേയും ബന്ധപ്പെടുത്തിയാണ്. മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല.
അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു. ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ടുപിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ടുപേരും പൂര്‍വസ്ഥാനത്ത് വന്നുനിന്നു. അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് ഇരുവരെയും തന്റെ അന്തസ്സാരമെന്തെന്ന് ബോധ്യപ്പെടുത്തി. ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നു. മേലില്‍ എല്ലാ വര്‍ഷവും ഈ രാത്രി ഒരു വ്രതമായി അനുഷ്ടിക്കണമെന്നും അതിന് ശിവരാത്രി വ്രതം എന്നായിരിക്കും പേരെന്നും ശിവന്‍ അരുളിചെയ്തതായാണ് വിശ്വാസം.
ശിവപുരാണം കോടിരുദ്രസംഹിതയിലെ 37 മുതല്‍ 40 വരെയുള്ള അദ്ധ്യായങ്ങളില്‍ ശിവരാത്രി വ്രതത്തിന്റെ ആചരണത്തെക്കുറിച്ചും മഹിമയെക്കുറിച്ചും വിവരിച്ചിരിക്കുന്നു. ശിവപ്രീതികരവും ഭോഗമോക്ഷപ്രദവുമായ പത്ത് മുഖശൈവവ്രതങ്ങളില്‍ സര്‍വ്വശ്രേഷ്ഠമായതാണു ശിവരാത്രിവ്രതം. സോമവാരവ്രതം, അഷ്ടമി വ്രതം, പ്രദോഷവ്രതം, ചതുര്‍ദ്ദശിവ്രതം, ആര്‍ദ്രാവ്രതം തുടങ്ങിയവയാണ് മുഖ്യശൈവവ്രതങ്ങള്‍.
ശിവരാത്രി നാളില്‍ അതിരാവിലെ ഉണര്‍ന്ന് ശിവക്ഷേത്രദര്‍ശനം നടത്തുക. പൂര്‍ണ്ണ ഉപവാസമാണ് ഉത്തമം. അന്നേദിവസം പഞ്ചാക്ഷരീ മന്ത്രം, ശിവസഹസ്രനാമം, ശിവപുരാണപാരായണം എന്നിവ ഭക്തിപൂര്‍വ്വം ചൊല്ലാം. ഭഗവാന് കൂവളത്തില അര്‍ച്ചനയും കൂവളമാല സമര്‍പ്പിക്കുന്നതും ജലധാര നടത്തുന്നതും അത്യുത്തമമാണ്. രാത്രി പൂര്‍ണ്ണമായും ഉറക്കം ഒഴിവാക്കിയാണ് ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത്. പഞ്ചാക്ഷരീമന്ത്രം ഈ ദിനം ജപിക്കാം. ശിവരാത്രി ദിനത്തില്‍ ശിവക്ഷേത്രദര്‍ശനം നടത്തിയാല്‍ അറിയാതെ ചെയ്ത പാപം പോലും നശിക്കുമെന്നാണ് വിശ്വാസം.
Comments are closed.