സിസ്റ്റര്‍ അഭയ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്
സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണത്തില്‍ നിര്‍ണായക വഴിത്തിരിവിലേക്ക്. കേസില തൊണ്ടിമുതല്‍ നശിപ്പിച്ചതിന് കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്.പിയെ പ്രതിചേര്‍ത്തു. കെ.ടി മൈക്കിളിനെ നാലാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. തെളിവു നശിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തുടര്‍ അന്വേഷണം വേണമെന്ന കെ.ടി മൈക്കിളിന്റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് ഉത്തരവിറക്കിയത്. ആരോപണ വിധേയരായ മറ്റുള്ളവരെ കോടതി വെറുതെവിട്ടു.
കാല്‍ നൂറ്റാണ്ടുപിന്നിടുന്ന അഭയ കേസില്‍ ആദ്യമായി വരുന്ന വിധിയാണിത്. കേസിലെ തെളിവുകള്‍ നശിപ്പിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കി നല്‍കി എന്നാരോപിച്ച സമര്‍പ്പിച്ച ഹര്‍ജിയില്‍ ആഴ്ചകള്‍ നീണ്ട വാദങ്ങള്‍ക്ക് ശേഷമാണ് സി.ബി.ഐ കോടതി ഇന്ന് വിധി പറഞ്ഞത്. നേരത്തെ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതികളാക്കി 2009ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
അഭയ ആത്മഹത്യ ചെയ്തതാണെന്ന് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത് കെ.ടി മൈക്കിള്‍ ആയിരുന്നു. കോട്ടയം ആര്‍ഡിഒ ഓഫീസില്‍ സൂക്ഷിച്ചിരുന്ന സിസ്റ്റര്‍ അഭയയയുടെ ശിരോവസ്ത്രം അടക്കമുള്ള തൊണ്ടുമുതലുകള്‍ കേസ് സി.ബി.ഐ ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ കെ.ടി മൈക്കിള്‍ ഇടപെട്ട് നശിപ്പിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്.പി കെ.ടി മൈക്കിള്‍, എസ്.ജി കെ. കിഷോര്‍, സി.ബി.ഐ മുന്‍ എസ്.പി പി.വി ത്യാഗരാജന്‍, കോട്ടയം ആര്‍ഡിഒ ഓഫീസിലെ മുന്‍ സൂപ്രണ്ട് ഏലിയാമ്മ, ക്ലാര്‍ക്കായിരുന്ന കെ.എന്‍ മുരളീധരന്‍, പയസ് ടെന്‍ത് കോണ്‍വെന്റിലെ അടുക്കള ജീവനക്കാരായ അച്ചാമ്മ, ത്രേസ്യാമ്മ, സിസ്റ്റര്‍ ഷെര്‍ളി എന്നിവരെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് കോടതിയെ സമീപിച്ചത്.
തെളിവ് നശിപ്പിച്ചതിന് കോട്ടയം വെസ്റ്റ് പോലീസ് എ.എസ്.ഐ ആയിരുന്ന വി.വി അഗസ്റ്റിന്‍,ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സാമുവല്‍ എന്നിവരെ കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിരുന്നു.1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞത്.
Comments are closed.