DCBOOKS
Malayalam News Literature Website

വൈക്കം ചിത്രഭാനുവിന്റെ നോവല്‍ ‘ശിരോലിഖിതത്തില്‍ ക്ലെറിക്കല്‍ എറര്‍’

കവിത്വത്തിന്റെ പരമകാഷ്ഠയാണ് നാടകമെന്ന് ഭാരതീയാചാര്യന്മാര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ നാടകത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്കു വളരാന്‍ ആഖ്യാനകലയ്ക്ക് കഴിയുമെന്ന് വൈക്കം ചിത്രഭാനുവിന്റെ ശിരോലിഖിതത്തില്‍ ക്ലെറിക്കല്‍ എറര്‍ എന്ന ഈ നോവല്‍ സഹൃദയരെ ബോദ്ധ്യപ്പെടുത്തുന്നു. ലളിതമായ ആഖ്യാനം. ഉദാത്തമായ സൗന്ദര്യം. ഇതൊരു നിയോക്ലാസിക്കാണ്.

പുസ്തകത്തിന് വൈക്കം ചിത്രഭാനു എഴുതിയ ആമുഖക്കുറിപ്പില്‍ നിന്നും..

കവിതയില്‍ തുടങ്ങി
നാടകങ്ങളിലൂടെ നോവലിലെത്തിയപ്പോള്‍
ദയാവധത്തിന്റെ അസ്വസ്ഥതകള്‍
വിതറുന്ന
‘അസാധാരണമായി ഒന്നുമില്ല;’

തുരീയാവസ്ഥ അനുഭവിപ്പിക്കുന്ന
‘സ്വപ്നാടകരുടെ സംഘഗാനം’

ചിത്രകലയിലൂടെ ജീവിതം
പുനഃസൃഷ്ടിക്കാന്‍ ശ്രമിച്ച
പെണ്‍കുട്ടിയുടെ ‘ഗാലെറി’

ഒടുവിലിതാ, സഹൃദയരുടെ ഉള്ളില്‍
സ്വയം വികസിക്കുന്ന ആഖ്യായികയും.
ശിരോലിഖിതത്തില്‍ ക്ലെറിക്കല്‍ എറര്‍!’

ഓര്‍മ്മക്കുറിപ്പുകള്‍
എഴുതാനുണ്ടായ പ്രേരണ

ജനിക്കുമ്പോള്‍ സകല മനുഷ്യരും നഗ്നരും ദരിദ്രരും നിരക്ഷരരും ആയിരിക്കും. അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും സന്മനസ്സുള്ളവര്‍ കണ്‍മുമ്പിലെത്തുന്നു. പുഞ്ചിരിക്കുന്നു. ആര്‍ദ്രചിത്തരായി സഹായ ഹസ്തം നീട്ടുന്നു. അത് അച്ഛനമ്മമാരോ ബന്ധുക്കളോ ആവാം. മറ്റു വല്ലവരുമാകാം.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മാത്രമല്ല, അതിനുശേഷവും എന്റെ നേരേ ഒരാള്‍ സഹായഹസ്തം നീട്ടി. ഗോപിനാഥന്‍! അയാള്‍ വിശാലഹൃദയനാണ്. സ്‌നേഹസമ്പന്നനാണ്. എന്റെ നോട്ടത്തില്‍ ഒരു കുറവേ അയാള്‍ക്കുള്ളൂ, മനശ്ശാസ്ത്രത്തോടുള്ള കമ്പം! കണ്ടുമുട്ടുന്നവര്‍ക്കെല്ലാം ചെറിയ ഓളമില്ലേ എന്നയാള്‍ സംശയിക്കുന്നു!
മനശ്ശാസ്ത്രത്തിന്റെ പ്രൊഫസര്‍ നമ്പീശന്‍സാറാണ് ഗോപിനാഥന്റെ മാര്‍ഗ്ഗദര്‍ശി. എന്നു പറഞ്ഞാല്‍, ഗോപിയെ വഴിതെറ്റിക്കുന്ന ആള്‍! നമ്പീശന്‍സാറിന് നഗരത്തില്‍ ഒരു ക്ലിനിക്കുണ്ട്. ഗോപി എന്നെ അവിടെ കൊണ്ടുപോയി.
”ഇതാണു സാര്‍, ഞാന്‍ പറയാറുള്ള കവി. ഞങ്ങളുടെ സ്‌കൂളില്‍ ജോലി ചെയ്തപ്പോള്‍ത്തന്നെ ഒരു കോളേജുവിദ്യാര്‍ത്ഥിനിയുടെ ട്യൂട്ടറാകാന്‍ പോയി. പ്രതിഭയുള്ള പെണ്‍കുട്ടി ആയിരുന്നു. അദ്ധ്യാപനത്തിന്റെ ഉന്മാദം ഇയാള്‍ ആസ്വദിച്ചുതുടങ്ങി. ഒഴിവുദിവസങ്ങളിലേ ട്യൂഷനുള്ളൂ. ആഴ്ചയില്‍ രണ്ടു ദിവസം. എങ്കിലും തയ്യാറെടുപ്പിനുവേണ്ടി നിത്യവും രണ്ടു മൂന്നു മണിക്കൂര്‍ ഉറക്കം കളഞ്ഞു. ഒന്നും കുത്തിക്കുറിച്ചില്ല. കവിത മനസ്സില്‍ കെട്ടിക്കിടന്നു! ഇയാളുടെ തലച്ചോറിനു തകരാറില്ല. ഭാഷ
യ്ക്കാണു കുഴപ്പം. ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന കവിത, ഭാഷയിലേക്കു തുളുമ്പിവീഴുന്നു. ഭാഷയ്ക്കു ഭ്രാന്തു പിടിച്ചതായി തോന്നും. സര്‍! ഞങ്ങളുടെ പഴയ ചിത്രഭാനുവിനെ വീണ്ടെടുത്തുതരണം.”
പ്രൊഫസര്‍ നമ്പീശന്‍, എന്നെ മാസ്മരനിദ്രയ്ക്കു വിധേയനാക്കാന്‍ ശ്രമിച്ചു. വിജയിച്ചില്ല. എനിക്കു പാവം തോന്നി.
ഞാന്‍ ഉറക്കം നടിച്ചു. പിന്നിലേക്കു ചാഞ്ഞു.
അദ്ദേഹം ചോദിച്ചു.
”ഹലോ! കേള്‍ക്കുന്നുണ്ടോ?”
”ഉണ്ട്! ആഴമുള്ള കിണറ്റില്‍നിന്നു ചോദിക്കുന്നതുപോലെ.”
”ഓക്കെ, ഓക്കെ!… നിങ്ങളുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണ്?”
”ഗോപിനാഥനും ഈശ്വരനും.”
”ആരെയാണു കൂടുതല്‍ ഇഷ്ടം.”
”ശ്രീദേവിയെ.”
”ആരാണത്?”
”ഞാന്‍ അവളുടെ ഗുരുവാണ്.”
”സുന്ദരിയാണോ?”
ഞാന്‍ ആ ചോദ്യം അവഗണിച്ചു.
”ചോദിച്ചതു കേട്ടില്ലേ. ശ്രീദേവി കാഴ്ചയ്‌ക്കെങ്ങനെ?”
”ഞാന്‍ ഗുരുവാണെന്നു പറഞ്ഞില്ലേ. പിതാവിനുപോലും കൈയെത്താത്ത ഉയരത്തിലാണ് ഗുരുവിന്റെ സ്ഥാനം. ഗുരു നോക്കുന്നത് മനസ്സിലേക്കാണ്. ശരീരത്തിലേക്കല്ല.”
പ്രൊഫസര്‍, ഗോപിയോടു പറഞ്ഞു: ”തന്റെ ഒരു നിഗമനം ശരിയാണ്. ബുദ്ധിക്കു തകരാറില്ല. ഭാഷയ്ക്ക് എന്തെങ്കിലും തകരാറുണ്ടോ എന്നറിയാന്‍ മനസ്സിരുത്തി കേള്‍ക്കുക.”
അദ്ദേഹം വിളിച്ചു: ”ഹലോ,”
”സര്‍!”
”ശ്രീദേവിയെ ആദ്യം കണ്ടത് ഓര്‍മ്മയുണ്ടോ?”
”ആദ്യം കാണുകയല്ല, കേള്‍ക്കുകയാണു ചെയ്തത്.”
”എങ്ങനെ?”
”മുടിയേറ്റു കാണാന്‍ പോയ ഞാന്‍ സന്ധ്യകഴിഞ്ഞ് ഈശ്വരന്റെ കൂടെ അയാളുടെ വീട്ടിലെത്തി. ലഘുഭക്ഷണം കഴിക്കാന്‍ തുടങ്ങി. അടുത്ത മുറിയില്‍നിന്ന് ഒരു പെണ്‍കുട്ടിയുടെയും അമ്മയുടെയും അടക്കിപ്പിടിച്ച സംഭാഷണം കേട്ടു.
”പെണ്‍കുട്ടി പറഞ്ഞു: ‘ഈശ്വരേട്ടന്റെ കൂട്ടുകാരന്‍ കവിയാണെന്ന് അമ്മ പറഞ്ഞപ്പോള്‍, വാല്മീകിയെപ്പോലുള്ള ഒരാളായിരിക്കുമെന്നു ഞാന്‍ വിചാരിച്ചു. പേടിച്ചുവിറച്ച്, മറഞ്ഞുനിന്നാണ് ഞാന്‍ നോക്കിയത്. നേരില്‍ കണ്ടപ്പോള്‍ എന്താണ്? താടിയുമില്ല, ജടയുമില്ല! മീശയുണ്ടോ എന്നറിയണമെങ്കില്‍ ഭൂതക്കണ്ണാടി വേണം! എനിക്കു ചിരി വന്നു. അമ്മയുടെ വാല്മീകി, ഈശ്വരേട്ടന്റെ അടുത്തിരുന്ന് ഉപ്പുമാവ് തിന്നുന്നു!’
”അമ്മ ചെറിയ ശബ്ദത്തില്‍ ചോദിച്ചു: ‘നീ എന്തിനു മറഞ്ഞുനിന്നു. ഈശ്വരന്റെ കൂട്ടുകാരനല്ലേ. നമ്മുടെ വീട്ടില്‍ വന്നിരിക്കുന്നു. ചെന്നു സംസാരിക്കുന്നതല്ലേ മര്യാദ.’ പെണ്‍കുട്ടി അമ്മയുടെ അഭിപ്രായത്തോട് യോജിച്ചു: ‘കാര്യം ശരിയാണ്. ചെല്ലാമായിരുന്നു. ഉപ്പുമാവ് കോരിയിട്ടു കൊടുക്കാമായിരുന്നു. പക്ഷേ, വാല്മീകിയേട്ടന് എന്തോ ഒരു പ്രത്യേക ശക്തിയുണ്ടെന്നു തോന്നി. കാന്തംപോലെ എന്നെ വലിച്ചെടുക്കാന്‍ നോക്കുന്നുണ്ടായിരുന്നു. അത് തപശ്ശക്തിയാണെങ്കിലോ.’
അമ്മയുടെ ശബ്ദം കേട്ടു: ”നിന്റെ ഓരോ ഭാവനകള്‍!”
”ബസ്!” പ്രൊഫസര്‍ ആജ്ഞാപിച്ചു. ഞാന്‍ നിറുത്തി.
”എങ്ങനെയുണ്ടു ഗോപീ.”
ഗോപിനാഥന്റെ ആശങ്ക തീര്‍ന്നില്ല. ”കുറെ എഴുതുമ്പോള്‍ ഭ്രാന്തിന്റെ ഭാഷ ഇളകിവരുമോ എന്നാണറിയേണ്ടത്.”
നമ്പീശന്‍സാര്‍ എന്നെ ഉണര്‍ത്തി. മേശപ്പുറത്ത് കടലാസും പെന്‍
സിലും എടുത്തുവച്ചു. ”ഇവിടെയിരുന്ന് എഴുതൂ.”
”എന്തെഴുതണം?”
”തോന്നുന്നതെന്തും! ഓര്‍ത്തെടുക്കാന്‍ കഴിയുന്ന സംഭവങ്ങളാണെങ്കില്‍ എളുപ്പമായിരിക്കും.”
”എത്ര പേജ് വേണം?”
”നൂറു പേജ്”
”ഇവിടെയിനി ചടങ്ങൊന്നുമില്ലല്ലോ.”
”വീട്ടില്‍ ചെന്നിരുന്ന് എഴുതിയിട്ടു കൊണ്ടുവന്നാല്‍ പോരേ.”
”മതി, പത്തുദിവസം കഴിയുമ്പോള്‍, എഴുതിയ മാറ്ററുമായി വരണം.”
”താങ്ക് യൂ സര്‍!”

 

 

Comments are closed.