അലിഗഢിലെ ശിറാസ് കാലം: ഡോ. ഉമര്‍ തറമേല്‍
ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
സത്യത്തില്‍, എന്റെ പഴയ സുഹൃത്ത് രാമചന്ദ്ര ശിറാസ് എന്ന വ്യക്തിയുടെ കഥ എനിക്ക് ഇന്നും വസ്തുതാപരമായി പറയാനറിയില്ല. ഹന്‍സല്‍ മേത്തയുടെ സിനിമയാണ് പിന്നെ അയാളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എനിക്ക് ചില ഇടവഴികള്‍ തുറന്നിട്ടത്. ആ സിനിമ കണ്ട ഞാന്‍ അലിഗഢിലെ ശിറാസിന്റെതന്നെ സഹപ്രവര്‍ത്തകന്‍ കൂടിയായ എന്റെ സുഹൃത്തിനെ വിളിക്കുകയും കാര്യങ്ങള്‍ തിരക്കുകയുമുണ്ടായി. അപ്പോഴാണ്, കഥയുടെ ചില മര്‍മ്മങ്ങള്‍ എന്റെ ഭാവനയോടൊപ്പം ചേര്‍ന്നുനിന്നത്. പരസ്പരവിരുദ്ധമായ ദത്തങ്ങളില്‍നിന്നും, എന്റെ പഴയ സുഹൃത്തിന്റെ ഒരു കഥ നിര്‍മ്മിച്ചെടുക്കേണ്ടത് എന്റെ തന്നെ സ്വത്വപരമായ ആവശ്യമായി എനിക്കുതോന്നി. അതുകൊണ്ടാണ്, ഈ ജീവിത കഥ.
ജിയോബേബിയുടെ കാതല്‍ എന്ന സിനിമയുടെ പരിചരണത്തില്‍ തോന്നിയ ഗുണകരമായ വശം, സ്വവര്‍ഗരതിയുടെ പ്രത്യക്ഷങ്ങള്‍ ഒന്നും കാണിക്കാതെ സുപ്രധാനമായ ചില സൂചന (റഫറന്‍സ്) കളിലൂടെ മാത്രം ആയൊരു വിഷയത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതത്രെ.
2015- ല്‍ ഹാന്‍സല്‍ മേത്ത സംവിധാനം ചെയ്തു പുറത്തിറക്കിയ ‘അലിഗഢ്’ (Aligarh) എന്ന സിനിമയിലെ മുഖ്യ വിഷയവും സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ അറിയപ്പെടുന്ന, ഒരു സര്‍വകലാശാലയില്‍ ഒരധ്യാപകനെതിരെ ഉണ്ടായ സ്വവര്‍ഗരതിയാരോപണവും അയാള്‍ക്കെതിരെയുള്ള സര്‍വകലാശാലയുടെ നടപടിയും കലാശാലയിലെ പ്രക്ഷോഭങ്ങളും അതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളും ഒക്കെ കൈകാര്യം ചെയ്യുന്ന സിനിമയാണത്.
ആ സിനിമക്ക് വിഷയമായിരിക്കുന്നതാവട്ടെ എന്റെ അധ്യാപനത്തിന് തുടക്കമിട്ട അലിഗഢ് സര്‍വകലാശാലയും എന്റെ ആദ്യകാല സഹപ്രവര്‍ത്തകരില്‍ ഒരാളായ മറാത്തി അദ്ധ്യാപകന്‍ ഡോ.ശ്രീനിവാസ് രാമചന്ദ്രശിറാസും ആണ്.
2009 ല്‍ ആണ് ഈ സിനിമക്കാധാരമായ കാര്യങ്ങള്‍ സംഭവിക്കുന്നത്. അന്ന് ഞാന്‍ കാലിക്കറ്റില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആണ്. അപ്പോഴേക്കും ഞാനും അലിഗഢ് സര്‍വകലാശാലയും തമ്മിലുള്ള ദൂരം രണ്ട്പതിറ്റാണ്ട് പിന്നിട്ടിരുന്നു. ഹ്രസ്വമെങ്കിലും അലിഗഢ് കാലം എന്റെ മനസ്സില്‍ തിളച്ചുനില്‍ക്കുന്ന ഒന്നാകയാല്‍ എറെ ദൂരമുള്ള ആ കാലം ഒരു കാതത്തിന്റെ അകല്‍ച്ചയില്‍ എന്നും നിലക്കൊണ്ടു. സമൃദ്ധമായ ഓര്‍മ്മകളുടെ സാന്‍വിച്ച് പോലെയാണ് എനിക്കിന്നും അക്കാലം. ലോകത്തെ പുതുമട്ടില്‍ നോക്കി മനസ്സിലാക്കാന്‍ എന്നെ പഠിപ്പിച്ച കാലം. അലിഗഡും ആധുനിക ഭാഷാവിഭാഗത്തിലെ മാറാത്തി ലക്ചറര്‍ ഡോ. ശിറാസും ഇപ്പോഴും വിദൂരഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളാണ്. മറന്നുപോയിയെന്നോ ഇനിയൊരിക്കലും തിരിച്ചുവരില്ല എന്നോ വിചാരിക്കുന്ന സംഭവങ്ങളും വ്യക്തികളും ഏതെങ്കിലും ചരിത്രബിന്ദുവില്‍ നമ്മോടൊപ്പം ഓര്‍മകളിലേക്ക് വന്നേക്കാം. ആ പ്രത്യേക സാഹചര്യം കൊണ്ട് നമ്മെ വേട്ടയാടിയേക്കാം. അങ്ങനെയുള്ള ഒരു കഥയാണ്, ഒരു സിനിമയെ മുന്‍നിര്‍ത്തി ഇവിടെ നിര്‍മ്മിക്കുന്നത്. ഇത് ഒരുപക്ഷെ, ഒരു സിനിമാവിമര്‍ശനം എന്നതിനേക്കാള്‍ എന്റെ ആത്മകഥയിലെ ഒരേടാണ്.
പൂര്‍ണ്ണരൂപം 2024 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്
Comments are closed.