DCBOOKS
Malayalam News Literature Website

കാടിനകത്തെ അക്ഷര തൊട്ടിൽ!

ശബ്ന ശശിധരൻ

അഗസ്ത്യന്റെ താഴ്വാരങ്ങളിലൂടെ ഉള്ള യാത്ര എന്നെ കൊണ്ടെത്തിച്ചത് അക്ഷരങ്ങളുടെ ലോകത്തേക്കായിരുന്നു. കാട്ടിൽ വിടരുന്ന അക്ഷരങ്ങൾക്ക് പിന്നിൽ ഒരു കരുതലിന്റെ കൈകളുണ്ട് .കഴിഞ്ഞ കുറേ വർഷങ്ങളായി കാടിന്റെ മക്കൾക്ക് വിദ്യ പകർന്നു നൽകാൻ യാതനകൾ സഹിച്ചും, പുഴയും കാടും താണ്ടി അക്ഷര കൂടാരമായ ഏകാധ്യാപക വിദ്യാലയത്തിൽ എത്തുന്ന ആ ടീച്ചറമ്മയുടെ കരുതൽ വർണ്ണിക്കാൻ വാക്കുകൾ ഇല്ല. തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിൽ ആണ് ഈ പ്രിയപ്പെട്ട ഉഷ ടീച്ചർ ഉള്ളത്. അമ്പൂരിയിലെ വീട്ടിൽ നിന്നും രണ്ടു രണ്ടര മണിക്കൂറോളം ഉള്ള യാത്ര.. അഗസ്ത്യാർ മലയിലെ ഏകധ്യാപക വിദ്യാലയത്തിലേക്ക്. നെയ്യർ പുഴക്കടന്നു അക്കരെ പോകുന്നത് സ്വന്തമായി തോണി തുഴഞ്ഞു. തുടർന്ന് രണ്ടു മണിക്കൂറോളം കാട്ടിലൂടെ ഉള്ള യാത്ര.ചിലപ്പോൾ വന്യ ജീവികളുടെ ശല്യം .ചിലപ്പോൾ പ്രകൃതിയുടെ പിണക്കങ്ങൾ .പലപ്പോഴും തിരിച്ചു വീട്ടിൽ എത്താൻ സാധിക്കാതെ വിദ്യാർത്ഥികളുടെ കുടിയിലോ ,വിദ്യാലയത്തിലോ താമസിച്ച അവസരങ്ങൾ ഉണ്ടായി .എന്നിട്ടും ടീച്ചർ ഈ ഉദ്യമത്തിൽ നിന്നും പിന്മാറിയില്ല .തന്നാൽ കഴിയും വിധം അറിവ് പകർന്നു നൽകാനും , കാടിന്റെ മക്കളെ സ്നേഹിക്കാനും , അവരെ സമൂഹത്തിൽ ഉയർത്തി കൊണ്ടുവരാനും ടീച്ചർ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. ഇരുപതു വർഷത്തിലേറെയായി അഗസ്ത്യാർമലയിലെ ഈ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായ ഉഷ ടീച്ചർ കുട്ടികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവളായി മാറിയിരിക്കുന്നു .

എന്താണ് ഏകാധ്യാപക വിദ്യാലയം :

കേരളത്തിലെ വനാന്തരങ്ങളിൽ ഒറ്റപ്പെട്ടുപോവുകയും പൊതു വിദ്യാലയങ്ങളിൽ എത്താതിരിക്കുകയും ചെയ്ത കുട്ടികളുടെ അടുത്തേക്ക് സ്ക്കൂളുകൾ പോയ കഥയാണ് ഏകാധ്യാപക വിദ്യാലയത്തിലൂടെ പറയാൻ ഉള്ളത്.മൾട്ടി ഗ്രേഡ് ലേണിങ് സെന്ററുകൾ എന്നറിയപ്പെടുന്ന ഏകാധ്യാപക വിദ്യാലയങ്ങൾ ഡി.പി. ഇ .പി എന്ന ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പ്രോഗ്രാമിന്റെ തുടർച്ചയായി 1997 ൽ സംസ്ഥാനത്തിന്റെ മിക്ക ജില്ലകളിലുമായി പ്രവർത്തനം ആരംഭിച്ചു. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ ഒറ്റ ക്ലാസ് മുറിയിൽ ഇരുത്തി ഏകാധ്യാപകൻ പഠിപ്പിക്കുന്നു .ഇങ്ങനെ ഒരു സമ്പ്രദായം വന്നപ്പോൾ അത് വരെ സ്‌ക്കൂളുകളിൽ പോകാത്തവരും വിദ്യാഭ്യാസത്തിനുള്ള പ്രായം എത്തിയ കുഞ്ഞുങ്ങളും ഊരിനകത്തെ ഈ സ്ക്കൂളിൽ ആദ്യമായി ഇരുന്നു പഠിക്കാൻ തുടങ്ങി

ഉഷ ടീച്ചർക്ക് ശേഷം ഏകാധ്യാപകരെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും ചില മുഖങ്ങളെ കൂടെ പരിചയപ്പെടാൻ സാധിച്ചു .വിദ്യാ പ്രചാരകർ എന്നിവരെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.വേലയ്ക്കും വിറകിനുമായി മാതാപിതാക്കൾക്കൊപ്പം കാടു ചുറ്റി ഊരു തെണ്ടുന്ന കുട്ടികളെ മയത്തിൽ കൂട്ടിക്കൊണ്ടുവന്നു ഒറ്റമുറിയിൽ പള്ളിക്കൂടത്തിൽ ഇരുത്തുക എന്നതായിരുന്നു അധ്യാപകർ ആദ്യം നേരിട്ട പ്രതിസന്ധി . കുട്ടികൾക്ക് നൽകുന്ന സ്ളേറ്റുകൾ പലപ്പോഴും വീടിന്റെ മുറ്റത്തു ഉടഞ്ഞ അവസ്ഥയിൽ കണ്ടിട്ടുണ്ട്. പുസ്തകങ്ങൾ പലപ്പോഴായി തീ കായാൻ വേണ്ടി എടുത്തിട്ടുണ്ട് “ഉഷ ടീച്ചർ പറയുന്നു “.കുട്ടികൾക്കുള്ള ഭക്ഷണം ഉണ്ടാകുന്നതും ടീച്ചർ തന്നെയാണ്.ഉച്ചക്കഞ്ഞിയുടെ ഒരു മണിക്കൂർ മുൻപേ ടീച്ചർ അടുക്കളയിൽ കയറും ,കഞ്ഞിയും പറയും അല്ലെങ്കിൽ ചോറും കറിയും ഉണ്ടാക്കി തന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്ക് വിളമ്പും .ഇതൊക്കെയാണ് തന്റെ ആത്മസംതൃപ്തി എന്നു ഉഷ ടീച്ചർ “. കാടിനകത്തെ ആദിവാസി ഊരുകളിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ള ഏക ആശ്രയമാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍. അധ്യാപകരുടെ ശമ്പളത്തിന് പുറമെ സ്‌കൂളൂകള്‍ക്കുള്ള ഫണ്ടും യഥാസമയം ലഭിക്കാത്തതിനാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനവും താളംതെറ്റിയിരിക്കുകയാണ്.

“ആത്മഹത്യയാണ് ഞങ്ങളുടെ പലരുടേയും മുന്നിലുള്ള വഴി.പലപ്പോഴും അങ്ങനെ തോന്നിയിട്ടുമുണ്ട് . ആശ്വസിക്കാന്‍ പരസ്പരം വിളിക്കുന്നവര്‍ പോലും കൈവിട്ടപ്പോൾ ശരിക്കും നെഞ്ചുപൊട്ടി കരഞ്ഞു പോയിട്ടുണ്ട് . അഞ്ച് പൈസയില്ലാതെയാണ് ജീവിക്കുന്നത്. ഞങ്ങളിനി ഈ പ്രായത്തില്‍ വേറെ എന്ത് ജോലിക്ക് പോവാനാണ്. എല്ലാ ദിവസവും പുലര്‍ച്ചെ എഴുന്നേറ്റ് ആ കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോകുന്നവരാണ് ഞങ്ങള്‍. കൂലിപ്പണിക്കു പോയി ജീവിക്കാമെന്ന് കരുതിയാല്‍ ആ കുഞ്ഞുങ്ങളുടെ മുഖം ആലോചിക്കുമ്പോൾ ജോലി വിട്ടിട്ട് പോരാനും തോന്നില്ല. അവര് ഞങ്ങളെ മാത്രം പ്രതീക്ഷിച്ചിരിക്കുന്നവരല്ലേ??? ഞങ്ങള്‍ വിട്ടിട്ട് പോന്നാല്‍ പിന്നെ അവര്‍ക്ക് ഒരക്ഷരം പറഞ്ഞ് കൊടുക്കാന്‍ ആരും ഉണ്ടാവില്ല. ആ കുഞ്ഞുങ്ങളുടെ ജീവിതം അതോടെ ഇരുട്ടിലാവും. അതാലോചിച്ച്‌ മാത്രം കടവും വിലയും വാങ്ങി എന്നും സ്‌കൂളിലേക്ക് പോവുകയാണ്.” തിരുവനന്തപുരം അഗസ്ത്യമലയിലെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായ ഉഷാ കുമാരി പറയുന്നു. ഇന്ന് ഞാൻ അവരുടെ ഇടയിലെ ഒരാളായി മാറിയിരിക്കുന്നു .പോകുന്ന വഴി അമ്മമാർ വിശേഷങ്ങൾ ചോദിക്കാറുണ്ട് , പൂർവ്വ വിദ്യാർത്ഥികൾ പലപ്പോഴും എന്നെ വന്നു കാണും,അവരുടെ ഭാവി പരിപാടികളെ കുറിച്ച് ചർച്ച ചെയ്യും. ഇതെല്ലം മനസ്സിനെ ഒരുപാട് സന്തോഷിപ്പിക്കുന്നതാണ്.എന്നാൽ മറു വശത്തു നിരാശയും ഇതൊക്കെ ഞങൾ ചെയ്യുമ്പോഴും പലപ്പോഴും പരിഗണിക്കാൻ മറന്നു പോകുന്ന വിഭാഗത്തിലാണ് ഏകാധ്യാപകർ എന്ന് ഉഷടീച്ചർ കൂട്ടി ചേർക്കുന്നു.

തുടക്കത്തിൽ 750 രൂപയായിരുന്നു വേതനം ,ഇന്ന് 18000 രൂപയായി ഉയർത്തിയിട്ടുണ്ട്.വന്യ ജീവികൾ അടക്കമുള്ള ഈ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ജീവന് യാതൊരു സുരക്ഷയും ഇല്ല എന്നത് സത്യം.എന്നിട്ടും ഞങളെ പോലെ ഉള്ളവർക്ക് ഇതുവരെ ഇൻഷൂറൻസോ മറ്റു ആനുകൂല്യങ്ങളോ തരപ്പെടുത്തി തന്നിട്ടില്ല.എങ്കിലും ഈ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകാൻ തോന്നാത്തത് കൊണ്ട് തന്നെ ഇന്നും രണ്ടര മണിക്കൂറോളം നടന്നു രാവിലെ ഈ മല കയറി ഈ കൊച്ചു വിദ്യാലയത്തിൽ എത്തുന്നു.കഴിഞ്ഞ ഇരുപത് വർഷമായി ഏകാധ്യാപകനായി പ്രവർത്തിക്കുന്ന ഉഷ ടീച്ചർ സമീപ ഭാവിയിൽ തന്നെ സ്ക്കൂൾ അവസാനിക്കുമെന്ന തിരിച്ചറിവിൽ തുടർ ജീവിതത്തെ അനശ്ചിതത്വത്തോടെ കാണുന്നു .

ഉഷ ടീച്ചറെ പോലെ തന്നെ ഇടുക്കി ജില്ലയിലെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകൻ ആണ് മുരളി മാഷ് .ഇടുക്കി ജില്ലയിലെ ഇടമല കുടി ഗോത്ര പഞ്ചായത്തിലെ ഏകാധ്യാപക വിദ്യാലയത്തിൽ 1997 മുതൽ ഇരുപത്തിയൊന്ന് വർഷം സേവനം അനുഷ്ടിച്ച പി കെ മുരളീധരനെ പോലെ ഉള്ളവരുടെ അനുഭവങ്ങൾ പലപ്പോഴും സമൂഹം കാണാതെ പോകുന്നു .മൂന്നാറിൽ നിന്ന് പതിനാറു കിലോമീറ്റർ താണ്ടി പെട്ടി മുടിയിൽ എത്തി വിശ്രമിച്ചു ,പിന്നെ ഒരു പകൽ മുഴുവൻ വനത്തിലൂടെയുള്ള നടത്തം .അങ്ങനെ ഓരോ തിങ്കളാഴ്ചയും അധ്യാപകൻ അവിടെ എത്തിച്ചേരുന്നു .പലപ്പോഴും കാട്ടാന കൂട്ടങ്ങളിൽ നിന്നും രക്ഷപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.അത് പോലെ തന്നെയാണ് കുത്തൊഴുക്കുള്ള മല വെള്ള പാച്ചിൽ മറികടന്നു പോകുന്നതും. ഇത്രയൊക്കെ സാഹസികത നിറഞ്ഞ ഈ കൊച്ചു ജീവിതം ഇപ്പോൾ വിദ്യാലയങ്ങൾ അടച്ചു പൂട്ടുമോ എന്ന ആശങ്കയിലാണ് .

ഇനി ഒരു അധ്യാപികയെ കൂടെ ഇവിടെ പരിചയപ്പെടുത്താം ,നിലമ്പൂരിലെ മിനി ടീച്ചർ .നിലമ്പൂർ വനാന്തരങ്ങളിൽ ചാലിയാർ മേഖലയിലെ അമ്പുമല ഗോത്രസങ്കേതത്തിൽ ഏകാധ്യാപികയായ മിനി ടീച്ചർ ഈ കോവിഡ് കാലത്തു അകമ്പടത്തെ തന്റെ ഊരിൽ നിന്ന് പതിനാറു കിലോമീറ്റർ നടന്നാണ് കുട്ടികളെ ഓൺലൈൻ പഠനത്തിന് സഹായിക്കാൻ സ്‌കൂൾ പ്രവർത്തിക്കുന്നയിടത്തേക്ക് എത്തുന്നത് .സഞ്ചാരം മൊത്തം വനത്തിലൂടെയാണ് .മല വെള്ള പാച്ചിലിന്റെയും വനത്തിലൂടെയുള്ള സഞ്ചാരത്തിന്റെയും ദുർഘടമായ നിമിഷങ്ങൾ ഓർക്കുമ്പോൾ പലപ്പോഴും ഭയാനകരവും വിഷമകരവുമാണ് .എന്നാലും അതിലും കൂടുതൽ ഞാൻ സങ്കടമനുഭവിക്കുന്നത് അമ്പുമലയിലെ പണിയ ഗോത്രത്തിൽപ്പെട്ട കുട്ടികൾക്ക് മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം കിട്ടാത്തപ്പോഴാണ് .ഇനിയും ഉണ്ട് ഒരുപാടു ഏകാധ്യാപകരും ,അവർക്കു പങ്കു വെക്കാൻ ഉള്ള കഥകളും.

വിദൂര സ്ഥലങ്ങളിൽ നിന്നും എത്തുന്ന അധ്യാപകർക്ക് താമസിച്ചു പഠിപ്പിക്കാനുള്ള സൗകര്യങ്ങളൊന്നും മിക്കയിടങ്ങളിലും ഇല്ല .വനാന്തരങ്ങളിലെ താൽക്കാലിക ഷെഡ്ഡുകളിലോ അടച്ചുറപ്പില്ലാത്ത ഒറ്റ മുറി കെട്ടിടങ്ങളിലോ ആണ് മിക്ക സ്‌കൂളുകളും പ്രവർത്തിച്ചുവരുന്നത്.പുറത്തു നിന്നെത്തുന്ന അധ്യാപകർക്ക് ഗോത്രഭാഷ മാത്രം അറിയാവുന്ന കുട്ടികൾ ചിലപ്പോഴെങ്കിലും വെല്ലുവിളികൾ ആണ്.ഇങ്ങനെ പല വെല്ലുവിളികളും ഏറ്റെടുക്കാൻ ഉള്ള മനോഭാവമില്ലാത്ത പല അധ്യാപകരും കാല ക്രമേണ അവിടെ നിന്ന് കൊഴിഞ്ഞു പോകാൻ തുടങ്ങി .ഓണറേറിയം വ്യവസ്ഥയിൽ തുച്ഛമായ വേതനം നൽകപ്പെട്ടിരുന്ന അധ്യാപകരിൽ പലരും ജോലി ഉപേക്ഷിച്ചത് പല വിദ്യാലയങ്ങളും പൂട്ടാൻ ഇടയായി .ഇതിനുള്ള പോംവഴി ഏകാധ്യാപകവിദ്യാലയങ്ങൾക്ക് പകരം അവിടെ പ്രൈമറി സ്‌കൂളുകൾ ആരംഭിക്കുക ,കൂടാതെ ഹോസ്റ്റൽ സ്വകാര്യവും ,ഏകാധ്യാപകർക്ക് ഇവിടെ അവരുടെ പ്രായത്തിനും യോഗ്യതയ്ക്കുമനുസരിച്ചു ,ആരംഭിക്കുന്ന സ്‌കൂളുകളിൽ നിയമനം നൽകാവുന്നതാണ് .സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ ഹൈടെക് ആവുന്ന ഇക്കാലത്തു ജന്മം കൊണ്ട് പൊതു സമൂഹത്തിൽ നിന്നും അകലെയായി പോയ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം അവരുടെ സമീപത്തു തന്നെ നൽകണമെന്നത് ഭരണഘടനയിൽ അനുശാസിക്കുന്ന മൗലിക അവകാശമാണ് . സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ന് കുട്ടികൾ പഠിക്കുമ്പോൾ ,അക്ഷര ലോകത്തേക്ക് കാൽവെക്കാൻ സാധിക്കാത്ത ഒരു കൂട്ടം കുരുന്നുകൾ വനാന്തരങ്ങളിൽ ഉണ്ടെന്ന സത്യം നാം ഓരോരുത്തരുടെയും ഉറക്കം കെടുത്തുന്നില്ലേ.

കാടിന്റെ മക്കൾക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുവാനായി മുന്നിട്ടിറങ്ങുന്ന വനത്തെ അക്ഷരപൂക്കൾ കൊണ്ട് അലങ്കരിക്കുന്ന ഏകാധ്യാപകരുടെ പ്രയാസങ്ങളും വിഷമങ്ങളും കണ്ടില്ലെന്നു നടിക്കരുത്.

Comments are closed.