സൈമണ്‍ ബ്രിട്ടോ വിടവാങ്ങി
കൊച്ചി: സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോ(64) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കലാലയ അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ ജീവിതം മൂന്നര പതിറ്റാണ്ടിലധികമായി വീല്‍ചെയറിലായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് അരയ്ക്കു താഴെ തളര്‍ന്ന് വീല്‍ചെയറിലായിരുന്നുവെങ്കിലും സാമൂഹ്യ- സാംസ്‌കാരിക മണ്ഡലങ്ങളില്‍ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു.
യാത്രാവിവരണ പുസ്തക രചനയുമായി ബന്ധപ്പെട്ട് ക്രിസ്തുമസ് ദിനം മുതല്‍ തൃശ്ശൂര്‍ പി. ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലായിരുന്നു താമസം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വൈകിട്ട് 5.45ഓടെയാണ് ആശുപത്രിയിലെത്തിച്ചത്. ഭാര്യ: സീന ഭാസ്‌കര്‍, മകള്‍: കയീനീല.
1983 ഒക്ടോബര്‍ നാലിന് എറണാകുളം മഹാരാജാസ് കോളെജിലെ എസ്.എഫ്.ഐ- കെ.എസ്.യു സംഘട്ടനത്തില്‍ പരുക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കാണാനെത്തിയപ്പോഴാണ് ബ്രിട്ടോയെ കെ.എസ്.യു പ്രവര്‍ത്തകര്‍ മുതുകില്‍ കുത്തിവീഴ്ത്തിയത്. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ലോ കോളെജ് വിദ്യാര്‍ത്ഥിയുമായിരുന്നു അന്ന് ബ്രിട്ടോ. നട്ടെല്ലിനും കരളിനും ഹൃദയത്തിനും ശ്വാസകോശത്തിനും മാരക പരുക്കേറ്റ ബ്രിട്ടോയുടെ അരയ്ക്കു താഴെ തളര്‍ന്നുപോയി. തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു ജീവിതം. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീനാ ഭാസ്‌കര്‍ പിന്നീട് ബ്രിട്ടോയുടെ ജീവിതസഖിയായി.
എറണാകുളം പോഞ്ഞിക്കരയില്‍ നിക്കോളാസ് റോഡ്രിഗസ്-ഇറിന്‍ റോഡ്രിഗസ് ദമ്പതികളുടെ മകനായി 1954 മാര്‍ച്ച് 27-നാണ് സൈമണ്‍ ബ്രിട്ടോ ജനിച്ചത്. 2006-2011 കാലത്ത് കേരള നിയമസഭയില്‍ ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. 2015-ല്‍ 138 ദിവസം കൊണ്ട് ഇന്ത്യ മുഴുവനും സഞ്ചരിച്ചു. അഗ്രഗാമി, മഹാരന്ധ്രം എന്നീ നോവലുകള്‍ എഴുതിയിട്ടുണ്ട്. അഗ്രഗാമിക്ക് പാട്യം ഗോപാലന്‍ പുരസ്‌കാരവും 2003-ല്‍ അബുദാബി ശക്തി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
സംസ്‌കാരം ചൊവ്വാഴ്ച മൂന്നു മണിക്ക് പച്ചാളം ശ്മശാനത്തില്‍ നടക്കും. മൃതദേഹം രാവിലെ ഒന്‍പതു മണി മുതല്‍ 11 വരെ വടുതലയിലെ വസതിയിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനു വെക്കും.
Comments are closed.