രാജകുടുംബത്തിന്റെ ഉള്ളറകളില്‍ ജീവിച്ചുതീര്‍ത്ത ദൈവികപരിവേഷമുള്ള മനുഷ്യരുടെ കഥയാണ് ‘ദന്തസിംഹാസനം’: മനു എസ്. പിള്ള
ഇംഗ്ലീഷ് ഭാഷയിലെഴുതുന്ന ഇന്ത്യന്‍ സാഹിത്യകാരന്മാരിലെ പുതുമുഖനോവലിസ്റ്റായ മനു എസ്.പിള്ള തന്റെ പ്രഥമനോവലായ ‘ദി ഐവറി ത്രോണ്‍; ക്രോണിക്കിള്‍സ് ഓഫ് ദി ഹൗസ് ഓഫ് ട്രാവന്‍കൂറി’നെക്കുറിച്ച് പ്രഭാഷണം നടത്തി. 37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ച സംവാദത്തില്‍ നോവലിനെക്കുറിച്ചും നോവലെഴുതാന്‍ നടത്തിയ ഗവേഷണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഉള്ളറകളില്‍ ജീവിച്ചുതീര്‍ത്ത ദൈവികപരിവേഷമുള്ള മനുഷ്യരെക്കുറിച്ചാണ് തന്റെ നോവലെന്ന് മനു എസ്.പിള്ള പറഞ്ഞു. സ്ത്രീകള്‍ക്ക് മാത്രം അധികാരവും പദവിയുമുള്ള രാജകീയസമ്പ്രദായത്തില്‍ തമ്പുരാട്ടിമാരുടെ ഭര്‍ത്താക്കന്മാര്‍ അധികാരവും പദവിയും വ്യക്തിത്വവുമില്ലാത്ത വെറും കോയിത്തമ്പുരാക്കന്മാര്‍ മാത്രമായിരുന്നു. അവര്‍ മരണമടഞ്ഞാല്‍ മൃതദേഹം തമ്പുരാട്ടിമാര്‍ കാണാതിരിക്കുന്നതായിരുന്നു അന്നത്തെ ആചാരം. അദൃശ്യമായി ഭരണം കൈയ്യാളിയിരുന്ന ബ്രിട്ടീഷ് സാമ്രാജ്യശക്തിയറിയാതെ ഒരിലപോലും കൊട്ടാരങ്ങളില്‍ അനങ്ങിയിരുന്നില്ല. അംഗരക്ഷകരുടേയും തോഴിമാരുടേയും സംരക്ഷണവലയമാകുന്ന സ്വര്‍ണ്ണക്കൂടിനുള്ളില്‍ ജീവിതമെന്തെന്നറിയാതെ തമ്പുരാട്ടിമാരായി ജനിച്ചുമരിച്ച നെടുവീര്‍പ്പുകളുടെ കഥ കൂടിയാണ് തന്റെ നോവലെന്ന് മനു എസ്.പിള്ള കൂട്ടിച്ചേര്‍ത്തു.
മലയാളഭാഷയില്‍ പ്രാവീണ്യമില്ലെങ്കിലും, ചരിത്രരേഖകളും രാജകുടുംബാംഗങ്ങളുടെ സ്വകാര്യമായ ഡയറിക്കുറിപ്പുകളും ഇംഗ്ലീഷിലായിരുന്നത് ഗവേഷണം എളുപ്പമാക്കി. നോവലിനായുള്ള ഗവേഷണത്തിനായാണ് വാസ്തവത്തില്‍ ലണ്ടനിലേക്ക് ഉപരിപഠനത്തിനായി പോയത്. ലണ്ടനില്‍ കണ്ടെത്തിയ തിരുവിതാംകൂറിനെ സംബന്ധിച്ച ചരിത്രരേഖകളും ഇംഗ്ലീഷിലായിരുന്നത് നോവല്‍ രചന എളുപ്പമാക്കി. ഗവേഷണത്തില്‍ കണ്ടെത്തിയ എല്ലാ വിവരങ്ങളും നോവലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പക്ഷേ, ചരിത്രകുതുകികളായ വായനക്കാര്‍ക്കായി അവയെല്ലാം അടിക്കുറിപ്പുകളായി ചേര്‍ത്തിട്ടുണ്ട്. എല്ലാ വേനലവധിക്കും തറവാട്ടിലെത്തുന്ന തനിക്ക് മുത്തശ്ശി പറഞ്ഞുതന്ന കഥകളിലൂടെയാണ് മലയാളത്തെ അടുത്തറിയാന്‍ കഴിഞ്ഞതെന്നും മനു എസ്.പിള്ള പറഞ്ഞു.
ചരിത്രത്തിന്റെ വിസ്മൃതിയില്‍ മറഞ്ഞ തിരുവിതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മി ബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും രണ്ടു സഹോദരിമാര്‍ക്കിടയിലെ മാത്സര്യങ്ങളും വിവരിക്കുന്ന ഐതിഹാസികഗ്രന്ഥമാണ് മനു എസ്. പിള്ളയുടെ ദന്തസിംഹാസനം. ദി ഐവറി ത്രോണ്‍ എന്ന കൃതിയുടെ മലയാള പരിഭാഷയായ ദന്തസിംഹാസനം ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രസന്ന കെ. വര്‍മ്മയാണ് ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാംദിനത്തില്‍ ബുക്ക് ഫോറത്തില്‍ വൈകുന്നേരം 5.30 മുതല്‍ 6.30 വരെയായിരുന്നു പരിപാടി. മേളയുടെ ഭാഗമായി ഡി.സി ബുക്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ ഗള്‍ഫ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ ആനന്ദ് രാജ് മോഡറേറ്ററായിരുന്നു. സംവാദത്തിനു ശേഷം മനു എസ്.പിള്ളയുടെ ഏറ്റവും പുതിയ കൃതികളായ ചരിത്രവ്യക്തികള്‍, വിചിത്രസംഭവങ്ങള്‍ (ഡി.സി ബുക്‌സ്),റിബെല്‍ സുല്‍ത്താന്‍മാര്‍ (മാതൃഭൂമി ബുക്‌സ്) എന്നീ കൃതികളുടെ പുസ്തകപ്രകാശനവും വേദിയില്‍ വെച്ച് നടന്നു.
Comments are closed.