സമൂഹത്തിന് മാതൃകയാകേണ്ടവരെക്കുറിച്ച് സിനിമകള്‍ വേണം: നന്ദിത ദാസ്
സമൂഹത്തിന് മാതൃകയാകേണ്ടവരെ കുറിച്ചല്ല പകരം അധോലോകനായകരേയും അഴിമതിക്കാരെയും കുറിച്ച് സിനിമയെടുക്കാനാണ് എല്ലാവര്‍ക്കും താത്പര്യമെന്ന് പ്രശസ്ത ഹിന്ദി നടി നന്ദിത ദാസ്. 37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നന്ദിത ദാസിന്റെ മാന്റോ എന്ന പുതിയ ചിത്രമായിരുന്നു സംവാദവിഷയം.
പ്രശസ്ത ഉറുദു എഴുത്തുകാരന്‍ സാദത്ത് ഹസന്‍ മാന്റോയുടെ ജീവിതകഥയെ അധികരിച്ചുള്ള ചലച്ചിത്രമാണ്’മാന്റോ.’ 1930കളിലും 40കളിലും ഉത്തരേന്ത്യയുടെ നെറ്റി ചുളിപ്പിച്ച എഴുത്തുകാരനായിരുന്നു സാദത്ത് ഹസന്‍ മാന്റോ. രതിയും അക്രമവും തിന്മയും നിറഞ്ഞ കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം സമൂഹത്തിന്റെ കപടമുഖം വരച്ചുകാട്ടി. ഒരിക്കലും ആഘോഷിക്കപ്പെടാതെ പോയ അദ്ദേഹത്തിന്റെ ജീവിതം ആധുനിക തലമുറ അറിയണമെന്ന ആഗ്രഹമാണ് ഈ സിനിമയ്ക്ക് പിന്നിലെന്ന് നന്ദിത ദാസ് പറഞ്ഞു.
തുറന്ന സമീപനത്തോടെ തന്റെ ചിത്രത്തെ സമീപിക്കാന്‍ നന്ദിത ദാസ് ശ്രോതാക്കളോട് അഭ്യര്‍ത്ഥിച്ചു. മാന്റോയില്‍ എവിടെയെങ്കിലുമൊക്കെ പ്രേക്ഷകര്‍ക്ക് അവരെത്തന്നെ കാണാന്‍ കഴിയുമെന്ന് നന്ദിതാ ദാസ് അഭിപ്രായപ്പെട്ടു. മേളയോടനുബന്ധിച്ച് ഡി.സി ബുക്‌സാണ് സംവാദം സംഘടിപ്പിച്ചത്.
Comments are closed.