DCBOOKS
Malayalam News Literature Website

സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ എഴുത്തുകാര്‍ പോരാടണം: കനിമൊഴി

മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിനമായ നവംബര്‍ രണ്ടിന് ഡി.എം.കെ നേതാവും കവയിത്രിയുമായ കനിമൊഴി പ്രഭാഷണം നടത്തി. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ബാള്‍ റൂമില്‍ നടന്ന പരിപാടിയില്‍ സമകാലിക ഇന്ത്യയുടെ സംസ്‌കാരത്തിലെ രാഷ്ട്രീയം അവര്‍ വിവരിച്ചു.

പെരിയോറും മറ്റ് നവോത്ഥാനനായകരും സമൂഹത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഇപ്പോള്‍ അപകടഭീഷണി നേരിടുകയാണെന്ന് കനിമൊഴി പറഞ്ഞു. ജാതിക്കും മതത്തിനും ഭാഷയ്ക്കും ലിംഗത്തിനും അതീതവും വിവേചനരഹിതവുമായ ഒരു സമൂഹത്തെയാണ് അവര്‍ വാര്‍ത്തെടുത്തത്. എന്നാല്‍ ആ മൂല്യങ്ങളെല്ലാം ഇന്ന് നമ്മില്‍ നിന്ന് അപ്രത്യക്ഷമാകുകയാണെന്ന് അവര്‍ പറഞ്ഞു.

സമൂഹത്തിലെ ദുഷിച്ച പ്രവണതകള്‍ക്കെതിരെ പൊരുതുകയെന്നതായിരുന്നു എഴുത്തുകാരുടെ എക്കാലത്തേയും ധര്‍മ്മം. എന്നാല്‍ ഇന്നത്തെ എഴുത്തുകാര്‍ ആ കടമ മറന്നുവെന്ന് അവര്‍ സൂചിപ്പിച്ചു. പുതിയ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും പ്രവാസിസഹോദരങ്ങളും ഈ ചുമതല ഏറ്റെടുക്കാന്‍ മുന്നോട്ടുവരണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

പരസ്പരമുള്ള വൈരുദ്ധ്യങ്ങളെ സഹിക്കുകയെന്നതിനേക്കാള്‍, അവയെ പരസ്പരം ആഘോഷിക്കുകയാണ് നാം ചെയ്യേണ്ടത്. നാനാത്വത്തില്‍ ഏകത്വമെന്ന സങ്കല്പം അപ്പോള്‍ മാത്രമേ പുലരുകയുള്ളൂ. തന്റെ കവിതകളില്‍ നിന്ന് ധാരാളം വരികള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു കനിമൊഴിയുടെ പ്രസംഗം.

Comments are closed.