DCBOOKS
Malayalam News Literature Website

പുതുതലമുറയിലെ വായനക്കാരുടെ പിന്തുണ പ്രതീക്ഷ നല്‍കുന്നത്: എസ്. ഹരീഷ്

വായനക്കാരിലെ പുതിയ തലമുറയില്‍ പ്രതീക്ഷയുണ്ടെന്ന് കഥാകൃത്തും നോവലിസ്റ്റുമായ എസ്.ഹരീഷ്. മീശ നോവലിനെ എതിര്‍ത്തവര്‍ പുസ്തകത്തെ അപമാനിക്കുന്നതിലാണ് വിജയിച്ചത്. കടകളില്‍ നിന്ന് പുസ്തകം പൊതിഞ്ഞുവാങ്ങിക്കൊണ്ടു പോകുന്ന അവസ്ഥ നിരാശപ്പെടുത്തിയെങ്കിലും പുതുതലമുറയില്‍ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച പിന്തുണ പ്രതീക്ഷ നല്‍കുന്നതാണെന്ന് എസ്. ഹരീഷ് പറഞ്ഞു. മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് ‘മലയാളസാഹിത്യം; മീശയ്ക്ക് മുന്‍പും ശേഷവും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീശ എന്ന നോവല്‍ കാരണം ഹൈന്ദവതയ്‌ക്കെന്താണ് അപകടം സംഭവിക്കുകയെന്ന് മനസ്സിലാകുന്നില്ല. നവോത്ഥാനത്തോടെ ജാതിചിന്ത അകന്നുപോയെന്ന വിശ്വാസം ശരിയല്ല. ജാതിവ്യവസ്ഥ സമൂഹത്തില്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഹിന്ദു സ്ത്രീകളെ മീശ നോവലിലൂടെ അപമാനിച്ചിട്ടില്ല. ഈഴവ സ്ത്രീകളേയും നായര്‍ സ്ത്രീകളേയും പുലയ സ്ത്രീകളേയും നമ്പൂതിരി സ്ത്രീകളേയുമല്ലാതെ ഹിന്ദുസ്ത്രീകളെ എവിടെയും കാണാനില്ലെന്ന് എസ്. ഹരീഷ് പറഞ്ഞു. പത്രങ്ങളിലെ വൈവാഹികപരസ്യങ്ങള്‍ ഈ യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്ചകളാണ്.

തനിക്ക് കുട്ടനാടിനെപ്പറ്റിയും പരിചിതരായ മുഖങ്ങളെക്കുറിച്ചും നോവല്‍ എഴുതണമായിരുന്നു. ആ രചനയില്‍ സ്വാഭാവികമായി സംഭവിക്കുന്ന സന്ദര്‍ഭങ്ങള്‍ മാത്രമാണ് കഥയിലുള്ളത്. തനിക്ക് സംഘപരിവാറുമായോ ഇടതുപക്ഷവുമായോ രഹസ്യബന്ധമില്ല. ഇടതുപക്ഷത്തിന്റെ നല്ല നയങ്ങളോട് യോജിപ്പുണ്ട്. എതിര്‍പ്പുള്ള കാര്യങ്ങള്‍ തുറന്നുപറയാറുമുണ്ട്. വാസ്തവത്തില്‍ ലോകത്തിലെ ഏകാധിപത്യഭരണകൂടങ്ങള്‍ മിക്കവയും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ളവയാണെന്നും എസ്. ഹരീഷ് സൂചിപ്പിച്ചു.

മീശ എന്ന നോവലിനുശേഷം മാതൃഭൂമി പത്രത്തിനുണ്ടായ മാറ്റം തന്നെ നിരാശനാക്കുന്നു. മീശ പ്രസിദ്ധീകരിച്ചതുകൊണ്ടുമാത്രമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായ കമല്‍റാം സജീവിന് ജോലി നഷ്ടപ്പെട്ടത്. സംഘപരിവാറിന് കീഴടങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ പത്രത്തില്‍ കാണുന്നത്.-എസ്. ഹരീഷ് അഭിപ്രായപ്പെട്ടു.

ചര്‍ച്ചയില്‍ പങ്കെടുത്ത എഴുത്തുകാരി ദീപ നിശാന്ത്, വ്യക്തിപരമായ ആക്രമണമാണ് ഹരീഷിന് നേര്‍ക്കുണ്ടായതെന്ന് പറഞ്ഞു. സാഹിത്യത്തിലേയും സിനിമയിലേയും സ്ത്രീവിരുദ്ധപരാമര്‍ശങ്ങളെ രണ്ടായി കാണണം. സിനിമ സമൂഹത്തെ കൂടുതല്‍ സ്വാധീനിക്കുന്ന കലാരൂപമാണ്. സിനിമയിലെ സ്ത്രീവിരുദ്ധരംഗങ്ങള്‍ അനുകരിക്കപ്പെടാന്‍ തക്കവണ്ണം അപകടകരമായതിനാല്‍ എതിര്‍ക്കപ്പെടണം. എന്നാല്‍ സാഹിത്യത്തിലെ സ്ത്രീവിരുദ്ധമെന്ന് ആരോപിക്കപ്പെടുന്നവ കഥാരൂപത്തിന്റെ ഭാഗമായി നില്‍ക്കുന്നതിനാല്‍ അപകടകാരിയാകുന്നില്ല.

എഴുത്തുകാരന്റെ ബൗദ്ധികതയെ എതിര്‍ക്കേണ്ടത് ബദല്‍ ബൗദ്ധികതകൊണ്ടാണെന്ന് എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണ പറഞ്ഞു. എഴുത്തുകാര്‍ എന്നും നിന്ദിക്കപ്പെടുകയും എതിര്‍ക്കപ്പെടുകയും ചെയ്യേണ്ടവര്‍ തന്നെയാണ്. ഭൂരിപക്ഷമായ സമൂഹത്തിനെതിരെ പ്രതിപക്ഷമായി നിന്ന് ശബ്ദിക്കേണ്ടവരാണ് എഴുത്തുകാര്‍. ജീവിതത്തില്‍ സ്വകാര്യത സൂക്ഷിക്കേണ്ടതുണ്ടെങ്കിലും, സാഹിത്യത്തില്‍ തുറന്നുപറച്ചിലുകളാണ് വേണ്ടത്.

ഇന്റലക്ച്വല്‍ ഹാളില്‍ രാത്രി 9 മുതല്‍ 10.30 വരെ നടന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായി ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഒറ്റമരപ്പെയ്ത്ത്’ എന്ന ദീപാനിശാന്തിന്റെ പുസ്തകത്തിന്റെ ഇന്റര്‍നാഷണല്‍ ലോഞ്ച് എസ്.ഹരീഷും ദീപാനിശാന്തും ഫ്രാന്‍സിസ് നൊറോണയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഡി.സി ബുക്‌സാണ് ചര്‍ച്ച സംഘടിപ്പിച്ചത്. രവി ഡിസി ചടങ്ങില്‍ സംസാരിച്ചു. മച്ചുങ്കല്‍ രാധാകൃഷ്ണനായിരുന്നു ചര്‍ച്ചയുടെ മോഡെറേറ്റര്‍.

https://www.youtube.com/watch?v=fCNrzqyZuEE

Comments are closed.