തലച്ചോറിനെ ഉത്തേജിപ്പിക്കാനുള്ള മികച്ച ഉപാധിയാണ് വായന: ജെയിംസ് ഡബ്ല്യു. പാര്‍ക്കിന്‍സണ്‍
അമേരിക്കയില്‍ നിന്നുള്ള എഴുത്തുകാരനും പ്രഭാഷകനും അഭിഭാഷകനുമായ ജെയിംസ് ഡബ്ല്യു. പെര്‍ക്കിന്‍സണ്‍ മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് സ്‌കൂള്‍-കോളെജ് വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തി. എക്‌സ്‌പോ സെന്ററിലെ ഇന്റലക്ച്വല്‍ ഹാളില്‍ രാവിലെ ഒന്‍പതര മുതല്‍ പത്തര വരെ നീണ്ടുനിന്ന പ്രഭാഷണത്തിലും സംവാദത്തിലും ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മേളയോടനുബന്ധിച്ച് ഡി.സി ബുക്‌സാണ് പരിപാടി സംഘടിപ്പിച്ചത്.
ഷാര്‍ജ യു.എ.ഇയുടെ മാത്രമല്ല, ലോകത്തിന്റെയാകെ സാംസ്‌കാരിക തലസ്ഥാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വായനയേയും എഴുത്തിനേയും പ്രോത്സാഹിപ്പിക്കാന്‍ നാല്പതോളം വര്‍ഷങ്ങളായി ഷാര്‍ജ പുസ്തകമേള സംഘടിപ്പിക്കുന്ന ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ദീര്‍ഘവീക്ഷണത്തേയും അദ്ദേഹം പ്രശംസിച്ചു. തന്റെ പ്രഭാഷണത്തില്‍, ജീവിതവിജയത്തിന് ഭാഷാപരമായ പദസമ്പത്തും വായനാശീലവും എഴുതാനുള്ള കഴിവും എങ്ങനെ സഹായിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നതിലാണ് താന്‍ ഏറ്റവും സന്തോഷം കണ്ടെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഭിഭാഷകനെന്ന നിലയിലുള്ള മുപ്പത്തിയെട്ടുവര്‍ഷത്തെ അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍, പദസമ്പത്ത് വര്‍ദ്ധിപ്പിക്കുക വഴി വിദ്യാഭ്യാസം കൂടുതല്‍ കാര്യക്ഷമവും വിജയകരവും ആക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതിനാണ് താന്‍ ഊന്നല്‍ നല്‍കുന്നത്.
വായിക്കാനും എഴുതാനുമുള്ള കഴിവ് പരമപ്രധാനമാണെന്ന് പറഞ്ഞ അദ്ദേഹം അമേരിക്കയിലെ മുപ്പത് മില്യന്‍ ആളുകള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് സൂചിപ്പിച്ചു. ജയിലില്‍ ശിക്ഷയനുഭവിച്ച് കഴിയുന്നവരില്‍ എഴുപത് ശതമാനം പേരും നിരക്ഷരരാണ്. ഏത് വ്യക്തിക്കും തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിച്ച് പഠനത്തിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കാനും, ജീവിതം തന്നെ മാറ്റിമറിക്കാനും കഴിയും. വായനയെന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കാനുള്ള മികച്ച ഉപാധിയാണ്. അര്‍ജന്റീനയില്‍ ചെന്നപ്പോള്‍ താനെങ്ങനെയാണ് സ്പാനിഷ് ഭാഷ പഠിച്ചതെന്ന് അദ്ദേഹം രസകരമായി വിവരിച്ചു. ഭാഷ പഠിക്കണമെങ്കില്‍ ആദ്യം വേണ്ടത് ഓരോ പദങ്ങളും സ്വായത്തമാക്കുകയാണ് വേണ്ടത്. ദിവസവും വായിക്കുക, പുതിയ വാക്കുകള്‍ പഠിക്കുക, ജിജ്ഞാസയുള്ളവരാകുക, ദിവസവും എഴുതുക, ഉപദേശിക്കാന്‍ കഴിയുന്ന ഒരാളെ കണ്ടെത്തുകയും ആ വ്യക്തിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക തുടങ്ങിയ ഉപദേശങ്ങള്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.
1949-ല്‍ ന്യൂ ഓര്‍ലിയന്‍സില്‍ ജനിച്ച ജെയിംസ് ഡബ്ല്യു. പെര്‍ക്കിന്‍സണ്‍ കാലിഫോര്‍ണിയയിലെ അഭിഭാഷകനും, രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍ യുദ്ധത്തടവുകാരായി പിടിച്ച അമേരിക്കക്കാരുടെ മനുഷ്യാവകാശത്തിനും നഷ്ടപരിഹാരത്തിനുമായി പ്രവര്‍ത്തിച്ച ആക്റ്റിവിസ്റ്റുമാണ്. ഈ വിഷയത്തില്‍ ലീ ബെന്‍സണുമായി ചേര്‍ന്ന് അദ്ദേഹം ‘സോള്‍ജ്യര്‍ സ്ലേവ്‌സ്; അബാന്റന്റ് ബൈ ദി വൈറ്റ് ഹൗസ്, കോര്‍ട്‌സ് ആന്റ് കോണ്‍ഗ്രസ്’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഇതേവിഷയം ആസ്പദമാക്കിയ ‘ദി ഇന്‍ഹെറിറ്റന്‍സ് ഓഫ് വാര്‍’ എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവുമാണ് അദ്ദേഹം. വായനയുടെയും പദസമ്പത്തിന്റെയും പ്രാധാന്യം വിവരിക്കുന്ന ‘ഓഡിയോഡിഡാക്റ്റിക്; സെല്‍ഫ് ടോട്ട്’ എന്ന അദ്ദേഹത്തിന്റെ പുസ്തകം ഒരു ബെസ്റ്റ് സെല്ലറാണ്. ‘ഇന്‍ഡിയോപാര്‍ക്കി’ എന്ന വെബ്‌സൈറ്റും ഇതേ കാര്യത്തിനായി അദ്ദേഹം നടത്തുന്നുണ്ട്. മികച്ച സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള 2007ലെ നാഷണല്‍ ജെഫേഴ്‌സണ്‍ പുരസ്‌കാരമടക്കം ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ജെയിംസ് ഡബ്ല്യു. പെര്‍ക്കിന്‍സണ്‍ നിരവധി ബാര്‍ അസോസിയേഷനുകളില്‍ അംഗവുമാണ്.
Comments are closed.