വയലിനില്‍ സംഗീതവിസ്മയം തീര്‍ത്ത് ഡോ. എല്‍. സുബ്രഹ്മണ്യം
മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് ലോകപ്രശസ്ത സംഗീതജ്ഞനും വയലിനിസ്റ്റുമായായ പത്മഭൂഷണ്‍ ഡോ. എല്‍.സുബ്രമണ്യവും സംഘവും അവതരിപ്പിച്ച സംഗീതപരിപാടി, ‘ദി ആര്‍ട്ട് ഓഫ് മ്യൂസിക്’ എക്‌സ്‌പോ സെന്ററിലെ ഇന്റലക്ച്വല്‍ ഹാളില്‍ രാത്രി 8.30 മുതല്‍ 10.30 വരെ നടന്നു. തന്റെ പ്രശസ്തങ്ങളായ ‘ഇന്ത്യന്‍ എക്‌സ്പ്രസ്’, ‘കോണ്‍വെര്‍സേഷന്‍സ്’ എന്നീ കണ്‍സേര്‍ട്ടുകളാണ് സംഗീതവിരുന്നില്‍ ഡോ. എല്‍. സുബ്രമണ്യം അവതരിപ്പിച്ചത്.
സംഗീതപരിപാടിയുടെ വേദിയില്‍ വച്ച് ഡോ.എല്‍. സുബ്രമണ്യവും വിജി സുബ്രമണ്യവും ചേര്‍ന്ന് രചിച്ച ‘ദി ക്ലാസിക്കല്‍ മ്യൂസിക് ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡി.സി ബുക്‌സ് സി.ഇ.ഒ. രവി ഡി.സിയും ഷാര്‍ജ ബുക്ക് അതോറിറ്റി എം.ഡി. മോഹന്‍കുമാറും ഡോ. എല്‍. സുബ്രമണ്യവും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
കീബോര്‍ഡുമായി ഫ്രിജോ ഫ്രാന്‍സിസും, ഗിറ്റാറുമായി ആല്‍വിന്‍ ഫെര്‍ണാണ്ടസും, തബലയുമായി തന്‍മയി ബോസും, മൃദംഗവുമായി ഡി.എസ്.ആര്‍.മൂര്‍ത്തിയും, ഡ്രംസുമായി പ്രസാദ് കുല്‍ക്കര്‍ണ്ണിയും ഡോ.എല്‍.സുബ്രമണ്യത്തിന് പിന്തുണയേകി.തന്റെ സംഗീതപ്രതിഭ ഭാരതീയപാശ്ചാത്യശൈലികളില്‍ ഒരുപോലെ തെളിയിച്ച ഡോ.എല്‍.സുബ്രമണ്യത്തിന്റെ സംഗീതപരിപാടി വീക്ഷിക്കാന്‍ സംഗീതാസ്വാദകരുടെ വലിയ സംഘമാണ് സദസ്സിലുണ്ടായിരുന്നത്.
യുഗപ്രതിഭകളായ ചെമ്പൈ വൈദ്യനാഥ ഭാഗവതരേയും ശെമ്മാങ്കുടി ശ്രീനിവാസ അയ്യരേയും പോലുള്ളവരുടെ സംഗീതസദസ്സുകളില്‍ വയലിന്‍ വായിച്ചിട്ടുള്ള ഡോ.എല്‍. സുബ്രമണ്യം, യെഹൂദി മെനൂഹിനെപ്പോലുള്ള ലോകപ്രതിഭകളുടെ ഒപ്പം വയലിന്‍വാദനം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. മേളയുടെ ഭാഗമായി ഡി.സി ബുക്‌സാണ് സംഗീതപരിപാടി സംഘടിപ്പിച്ചത്
Comments are closed.