DCBOOKS
Malayalam News Literature Website

മഹാശിവപുരാണത്തിലെ ശിവാവതാരകഥകള്‍

സദാശിവനായ ഭഗവാന്റെ ദിവ്യചരിതങ്ങള്‍ പ്രകീര്‍ത്തിക്കുന്ന ഒരു പുണ്യപുരാണ ഗ്രന്ഥമാണ് ശ്രീമദ് ശിവമഹാപുരാണം. ഇതില്‍ ഏഴ് സംഹിതകളിലായി ശിവഭഗവാന്റെ മാഹാത്മ്യം വര്‍ണ്ണിച്ചിരിക്കുന്നു. ശ്രീപരമേശ്വരന്റെ നിരാകാര രൂപമാണ് (ആകൃതിയില്ലാത്തത്) ലിംഗങ്ങള്‍. ലിംഗരൂപത്തിലല്ലാതെയും ഭഗവാന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശ്രീപരമേശ്വരന്റെ സാകാര അവതാരങ്ങളെ (ആകൃതിയോടു കൂടിയ അവതാരങ്ങള്‍) ശ്രീ ശിവമഹാപുരാണത്തിലെ ‘ശതരുദ്രസംഹിതയില്‍ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ആ അവതാരങ്ങളുടെ കഥയും മാഹാത്മ്യവും ആണ് ശിവാവതാരങ്ങള്‍ കൃതിയിലൂടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

മഹാദേവന്റെ ഏറെ പ്രശസ്തമായ അര്‍ദ്ധനാരീശ്വരാവതാരം, കിരാതാവതാരം, വീരഭദ്രാവതാരം, ശരഭാവതാരം തുടങ്ങിയ അവതാരകഥകള്‍ കൂടാതെ യക്ഷേശ്വരാവതാരം, പിപ്പലാദാവതാരം, വൃഷേശ്വരാവതാരം, കൃഷ്ണദര്‍ശനശിവാവതാരം തുടങ്ങിയവയും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങള്‍പോലെതന്നെ മഹാകാളന്‍, താരന്‍, ബാലഹ്വന്‍, ശ്രീവിദ്യേശന്‍, ഭൈരവന്‍, ഛിന്നമസ്തകന്‍, ധൂമവാന്‍, ബഗളാമുഖന്‍, മാതംഗന്‍, കമലന്‍ എന്നിങ്ങനെ 10 അവതാരങ്ങള്‍ മഹാദേവനും സവിശേഷമായി പുരാണങ്ങളില്‍ പറയുന്നുണ്ട്. ഇപ്പറഞ്ഞ ദശാവതാരങ്ങളും ജ്യോതിര്‍ലിംഗക്ഷേത്രങ്ങളെന്ന് ഇന്നും വിഖ്യാതമായ ജ്യോതിര്‍ലിംഗാവതാരങ്ങളും കൂടാതെയുള്ള 27 ശിവാവതാരങ്ങളെക്കുറിച്ചും പരാശക്തിയുടെ സതീദേവി, പാര്‍വ്വതീദേവി അവതാരങ്ങളും ശിവ-ശക്തി സന്താനങ്ങളായ സുബ്രഹ്മണ്യ,ഗണേശാവതാരങ്ങളും ഈ കൃതിയില്‍ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു.

ആലപ്പുഴ എസ്.ഡി.വി. ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ മുന്‍ അദ്ധ്യാപികയും ആദ്ധ്യാത്മിക ഗ്രന്ഥകാരിയുമായ കെ. രാധാമണിതമ്പുരാട്ടിയാണ് മഹാശിവപുരാണത്തെ ആസ്പദമാക്കി ശിവാവതാരകഥകളെ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. അവതാരകഥകളോടൊപ്പം അനുബന്ധമായി വിവിധശിവസ്തുതികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മഹാദേവന്റെ വിവിധ ഭാവങ്ങളെയും അവതാരങ്ങളെയും അറിയാനും പരിചയപ്പെടാനും സഹായിക്കുന്ന അപൂര്‍വ്വമായൊരു കൃതിയാണ് ശിവാവതാരങ്ങള്‍.

 

Comments are closed.