ആധുനിക മനുഷ്യന്റെ സങ്കീർണ്ണ ജീവിതസമസ്യകൾക്കുള്ള ഉത്തരം!
സഞ്ജയ് കെ കെ
ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ “ഇക്കിഗായി’ലെ ചിന്തകളുടെ തുടർച്ചയാണ് അതേ എഴുത്തുകാരുടെതന്നെ രചനയായ ‘ഷിൻറിൻ യോക്കു‘. തങ്ങളുടെ ആദ്യഗ്രന്ഥത്തിലെന്നപോലെ ഈ കൃതിയിലും ഊന്നൽ കൊടുത്തിരിക്കുന്നത് ആധുനിക മനുഷ്യന്റെ സങ്കീർണ്ണ ജീവിതസമസ്യകൾക്കുള്ള ഉത്തരം എങ്ങനെ ലളിതമായ തിരിച്ചുപോക്കുകളിൽ കണ്ടെത്താം എന്നതിനാണ്.
അങ്ങേയറ്റം തിരക്കുപിടിച്ച ജീവിതം നയിക്കുന്നവരാണ് നാമെല്ലാവരും. ജോലിയുടെ പിരിമുറുക്കത്തിൽ വീർപ്പുമുട്ടുന്ന, ഗതാഗതക്കുരുക്കുകളിൽ നഷ്ടപ്പെടുന്ന സമയത്തെയോർത്ത് വ്യഥ കൊള്ളുന്നവർ. ഈ ഓട്ടപ്പാച്ചിലിനിടയിൽ ഒന്നിളവേൽക്കാൻ മറക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്. ദൈനംദിന ബഹളത്തിനിടയിൽ നഷ്ടപ്പെടുന്നതെന്താണെന്നു തിരിച്ചറിയാൻ, കൈവിട്ടുപോയ പല അനർഘാനുഭവങ്ങളെയും തിരിച്ചുപിടിക്കാൻ ഇതു നിങ്ങളെ പ്രാപ്തരാക്കും. ഫോറസ്റ്റ് ബാത്തിങ് അഥവാ വനസ്നാനം (വനസ്നാനം) എന്ന സങ്കല്പം ഒറ്റനോട്ടത്തിൽ സ്വല്പം വിചിത്രമായിത്തോന്നാം. എന്നാൽ കാട്ടിലേക്ക് വല്ലപ്പോഴും പോകുന്ന യാത്രയുടെ ഉല്ലാസത്തിലൊതുങ്ങുന്നതല്ല അതിന്റെ വ്യാപ്തി. മറിച്ച്, എല്ലാ കോലാഹലങ്ങളുടെയും നടുവിൽ, ദൈനംദിനജീവിതത്തിനു യാതൊരു വിഘാതവുമുണ്ടാക്കാതെ തന്നെ, എങ്ങനെ നമ്മുടേതുമാത്രമായ ‘നഗരകാന്താര’ങ്ങൾ സൃഷ്ടിക്കാമെന്ന് ഈ പുസ്തകം നിങ്ങളോടു പറയും.
അതിഗഹനതയുടെ ഭാരമില്ലാത്ത സരളമായ അവതരണമാണ് ഈ രചനയുടെ കാതൽ. ആ ലാളിത്യം ചോർന്നുപോകാതെ, ജാർഗണുകളും ദുർഗ്രഹമായ പദാനുപദതർജമയും പരമാവധി ഒഴിവാക്കി പരിഭാഷപ്പെടു ത്താനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്. അതുപോലെതന്നെ ഈ പുസ്തകം കൈകാര്യം ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട പല വാക്കുകൾക്കും ഇന്ത്യൻ സാഹചര്യത്തിൽ മതാത്മകമായ ധ്വനികളുണ്ട് എന്ന തിരിച്ചറിവ് അത്തരം വാക്കുകൾ കുറേയൊക്കെ ഒഴിവാക്കുന്നതിനും കാരണമായിട്ടുണ്ട്. ആഗോളതലത്തിൽ പ്രചുരപ്രചാരം നേടിക്കഴിഞ്ഞ ഈ പുസ്തകം പരിഭാഷപ്പെടുത്താനായതിലുള്ള കൃതാർത്ഥത ഇവിടെ രേഖപ്പെടുത്തട്ടെ. ഈ പുസ്തകം വായനക്കാർ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുസ്തകം വാങ്ങാന് ക്ലിക്ക് ചെയ്യൂ
Comments are closed.