DCBOOKS
Malayalam News Literature Website

റോയല്‍റ്റി തുക ബാലനിധിയിലേക്ക് സംഭാവന ചെയ്ത് എഴുത്തുകാരി ഷെമി

 


തിരുവനന്തപുരം: ആദ്യകൃതിയായ നടവഴിയിലെ നേരുകള്‍ എന്ന നോവലിന്റെ റോയല്‍റ്റി തുക തെരുവിലെ ബാല്യങ്ങള്‍ക്ക് സമര്‍പ്പിച്ച് എഴുത്തുകാരി ഷെമി. ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണവും സാന്ത്വനവും നല്‍കുന്നതിനായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കായി‘ എന്ന ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് റോയല്‍റ്റി തുകയായ രണ്ട് ലക്ഷം രൂപ ഷെമി ബാലനിധിയിലേക്ക് സംഭാവന ചെയ്തത്. കേരളത്തില്‍ ആദ്യമായാണ് ഒരു എഴുത്തുകാരി/ എഴുത്തുകാരന്‍ തന്റെ റോയല്‍റ്റി തുകയില്‍ നിന്ന് ശിശുക്ഷേമത്തിനായി സംഭാവന നല്‍കുന്നത്.

‘എന്റെ ബാല്യം തെരുവില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ഈ പുസ്തകത്തിന്റെ റോയല്‍റ്റി തുക എക്കാലത്തേക്കും തെരുവിലെ ബാല്യങ്ങള്‍ക്കവകാശപ്പെട്ടതാണ്. ‘ 639 പേജ് വരുന്ന നടവഴിയിലെ നേരുകള്‍ എന്ന ആത്മകഥാപരമായ നോവലിന്റെ ആദ്യ പേജില്‍ ഷെമി സ്വന്തം കൈപ്പടയില്‍ എഴുതി വെച്ചിട്ടുണ്ട് ഇക്കാര്യം. കണ്ണൂരില്‍ ജനിച്ച ഷെമിക്ക് ബാല്യത്തില്‍ തന്നെ അച്ഛനമ്മമാരെ നഷ്ടമായി. പിന്നീട് തെരുവിലും അനാഥാലയത്തിലും പൊലീസ് ലോക്കപ്പിലും വരെ എത്തിപ്പെട്ടപ്പോള്‍ പഠിക്കണം എന്ന സ്വപ്നത്തെ മുറുകെപ്പിടിച്ചു. സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചക്കഞ്ഞിയാണ് പലപ്പോഴും ജീവനെ പിടിച്ച് നിര്‍ത്തിയതെന്നു ഷെമി പുസ്തകത്തില്‍ പറയുന്നു. സര്‍ക്കാര്‍ ജോലിയെന്ന ലക്ഷ്യത്തിലെത്തിയെങ്കിലും പിന്നെയും ബാക്കി വന്ന ദുസ്വപ്നങ്ങളെ എങ്ങനെ തരണം ചെയ്തുവെന്നുള്ള തുറന്നുപറച്ചില്‍ ആണ് നടവഴിയിലെ നേരുകള്‍ എന്ന നോവലായി പരിണമിച്ചത്.ഡി സി ബുക്സാണ് നടവഴിയിലെ നേരുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഷെമിക്ക് ഉപഹാരം സമ്മാനിക്കുന്ന ആരോഗ്യ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

ഈ പുസ്തകം വായിച്ച കുട്ടികള്‍ ജീവിതത്തില്‍ ഒരിക്കലും വഴിതെറ്റില്ലെന്നാണ് എഴുത്തുകാരി കെ. ആര്‍. മീര ചൂണ്ടിക്കാണിച്ചത്. സഹതാപമോ സഹാനുഭൂതിക്കോ വേണ്ടി കാത്തു നില്‍ക്കാതെ പഠിക്കുക. സ്വന്തം കാലില്‍ നില്‍ക്കുക. പൂന്തോട്ടത്തില്‍ വിരിയുന്ന പൂക്കള്‍ക്ക് മാത്രമല്ല കാട്ടുപ്പൂവിനും സൗരഭ്യം പരത്താന്‍ ആകുമെന്ന് നമുക്ക് തെളിയിക്കാന്‍ ആകും. തെരുവിന്റെ സന്തതികള്‍ക്ക് സമൂഹത്തിന് എന്ത് ചെയ്യാന്‍ ആകുമെന്ന ചോദ്യത്തിന് ഈ പുസ്തകത്തിലൂടെയും അതില്‍ നിന്നുള്ള റോയല്‍റ്റി തുകയിലൂടെയും ഷെമി നല്‍കുന്ന മറുപടിയാണത്.

സാമൂഹ്യനീതി സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ പരിപാടിയില്‍ അധ്യക്ഷനായിരുന്നു. യൂണിസെഫ് കേരള, തമിഴ്‌നാട് ചീഫ് ഡോ.പിനോക്കി ചക്രവര്‍ത്തി, പ്ലാനിങ് ബോര്‍ഡ് അംഗം ഡോ.മൃദുല്‍ ഈപ്പന്‍, ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.സുരേഷ്, വനിത ശിശുവികസന ഡയറക്ടര്‍ ഷീബ ജോര്‍ജ്, ഐ.സി.പി.എസ് പ്രോഗ്രാം മാനേജര്‍ സി.സുന്ദരി എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

Comments are closed.