ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് തിരിതെളിഞ്ഞു; 30 സ്റ്റാളുകള്‍, പുസ്തകപ്രകാശനങ്ങള്‍, ചര്‍ച്ചകള്‍…ശ്രദ്ധേയ സാന്നിദ്ധ്യമായി ഡി സി ബുക്‌സ്
നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് തിരിതെളിഞ്ഞു. ഷാർജ എക്‌സ്‌പോ സെന്ററിൽ രാവിലെ ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷേഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്തു.
14-ാം വര്‍ഷവും ശ്രദ്ധേയസാന്നിധ്യമാകാന്‍ ഡി സി ബുക്‌സ്. ഡി സി ബുക്‌സിന്റെ 30 സ്റ്റാളുകളാണുള്ളത്. നിരവധി സാംസ്‌കാരിക കൂട്ടായ്മകളും ചര്‍ച്ചകളും പുസ്തകപ്രകാശനങ്ങളുമൊക്കെ ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. മനോജ് കുറൂര്‍, പി.എഫ്.മാത്യൂസ്, സന്തോഷ് ജോര്‍ജ് കുളങ്ങര, ദീപാനിശാന്ത്, ഹക്കിം, സുഭാഷ് ചന്ദ്രന്‍ തുടങ്ങി പ്രമുഖര്‍ വിവിധ ദിവസങ്ങളില്‍ എക്‌സ്‌പോ സെന്ററിലെത്തും.. ഇക്കിഗായിയുടെ രചയിതാക്കളില്‍ ഒരാളായ ഫ്രാന്‍സെസ്‌ക് മിറാലെസും മേളയുടെ ഭാഗമാകും.
സോണിയ റഫീക്കിന്റെ ‘പെണ്‍കുട്ടികളുടെ വീട്'(നവംബര്‍7, ഞായര്‍ വൈകീട്ട് 8 മുതല്‍ 8.45 വരെ, റൈറ്റേഴ്‌സ് ഫോറം), ദീപാനിശാന്തിന്റെ ‘ജീവിതം ഒരു മോണാലിസച്ചിരിയാണ്'( നവംബര്‍ 8, തിങ്കള്‍ വൈകീട്ട് 7 മുതല്‍ 7.25 വരെ, റൈറ്റേഴ്‌സ് ഫോറം), ഓണ്‍ലൈനിലെ സ്‌കൂള്‍ പഠനം-എഡിറ്റര്‍ ഡോ.എ.കെ.അബ്ദുള്‍ ഹക്കീം (നവംബര്‍ 8, തിങ്കള്‍ വൈകീട്ട് 7.30 മുതല്‍ 7.55 വരെ, റൈറ്റേഴ്‌സ് ഫോറം) എന്നീ പുസ്തകങ്ങള്‍ മേളയുടെ ഭാഗമായി ഡി സി ബുക്‌സ് പവലിയനുകളില്‍ വെച്ച് പ്രകാശനം ചെയ്യും. ഗോപിനാഥ് മുതുകാടിന്റെ ‘ഇന്ത്യ എന്റെ പ്രണയ വിസ്മയം'(നവംബര്‍6, ശനി വൈകീട്ട് 10 മുതല്‍ 10.30 വരെ, റൈറ്റേഴ്‌സ് ഫോറം) എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി സംഘടിപ്പിച്ചിരിക്കുന്ന മുഖാമുഖം പരിപാടിയില്‍ ഗോപിനാഥ് മുതുകാടും ഷൈല തോമസും പങ്കെടുക്കും.
പുസ്തകമേള നവംബർ 13ന് അവസാനിക്കും. ‘ഏതവസരത്തിനും യോജിച്ച ഒരു പുസ്തകമുണ്ട്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ ആഗോളതലത്തിലുള്ള എഴുത്തുകാർ, പ്രസാധകർ തുടങ്ങിയവർ പങ്കെടുക്കും. ഇവരോടൊപ്പം പ്രാദേശിക എഴുത്തുകാരും, പ്രസാധകരും മേളയിൽ പങ്ക് ചേരുന്നതാണ്. യു എ ഇയിൽനിന്നുള്ളവരും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമായ വായനക്കാരെ ആകര്‍ഷിക്കുന്നതിനായി സാംസ്കാരികവും, സാഹിത്യപരവുമായ നിരവധി പരിപാടികൾ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമാണ് ഷാർജ ബുക്ക് ഫെയർ. 83 രാജ്യങ്ങളിൽ നിന്നായി 1559 പ്രസാധകരും നിരവധി എഴുത്തുകാരും പുസ്തകോത്സവത്തിൽ പങ്കാളികകളാകും. ഇന്ത്യയിൽ നിന്ന് മാത്രം 83 പ്രസാധകർ പുസ്തക മേളയുടെ ഭാഗമാകും. അമിതാഭ് ഘോഷ്, ചേതൻ ഭാഗത് തുടങ്ങിയ എഴുത്തുകാരും മേളയിൽ പങ്കെടുക്കുന്നുണ്ട്.
Comments are closed.