പൗരത്വ ഭേദഗതി വിഷയത്തില്‍ കേന്ദ്രം മൗനം പാലിക്കുന്നത് ആശങ്കാജനകമെന്ന് ശശി തരൂര്‍
കോഴിക്കോട്: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യമാമാങ്കമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ അവസാന ദിനമായ ഇന്ന്, പ്രധാന വേദിയായ എഴുത്തോലയില്‍ തിരുവനന്തപുരം എം.പിയും കോണ്‍ഗ്രസ്സ് നേതാവുമായ ശശി തരൂര്‍ ആഗോള രാഷ്ട്രീയ പ്രതിസന്ധികളെ കുറിച്ചും, നിലവില്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യക്കുള്ള സ്വാധീനത്തെക്കുറിച്ചും വിശകലനം ചെയ്തു. മനു.എസ്.പിള്ളയോടൊപ്പം’ന്യൂ വേള്‍ഡ് ഡിസോര്‍ഡര്‍ ആന്‍ഡ് ദ് ഇന്ത്യന്‍ ഇമ്പരേട്ടിവ് ‘ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി വിഷയത്തില്‍ മൗനം പാലിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇരട്ടത്താപ്പ് നയം പിന്തുടരുകയാണെന്നും, ഈ ബില്ല് മൂലം മുസ്ലിം സമുദായത്തിന് യാതൊരു ദോഷവും ഉണ്ടാവുകയില്ലെന്നും രേഖാമൂലം ഉറപ്പ് നല്‍കാന്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് അന്ത്യമാവുമെന്നും തരൂര്‍ നിരീക്ഷിച്ചു. 65% ഭാരതീയരും ജനന സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരാണെന്നും അതില്‍ മുസ്ലിങ്ങളെ തിരഞ്ഞു പിടിച്ച് തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിലപാടുകള്‍ അടിച്ചേല്പിക്കുകയാണെന്നും ആരോപിച്ച തരൂര്‍, നിലവിലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ രാജ്യത്തിന് യാതൊരു ഗുണവും ചെയ്യുന്നതല്ലെന്നും വിമര്‍ശിച്ചു. ഹിന്ദുക്കള്‍ അല്ലാത്തവരെല്ലാം വിദേശികളാണെന്നുള്ള കേന്ദ്രത്തിന്റെ അപ്രഖ്യാപിത നയത്തെ കടന്നാക്രമിച്ച തരൂര്‍, ബി.ജെ.പി നേതൃത്വം ചരിത്രത്തിലിന്നേവരെ ഭരണഘടനയെ ബഹുമാനിച്ചിട്ടില്ലെന്നും തുറന്നടിച്ചു. ഉയര്‍ന്ന് വരുന്ന മത ധ്രുവീകരണത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ബാലക്കോട്ട് ആക്രമണത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തു. സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലാണ് രാജ്യമെന്നും, രാജ്യം മുന്‍പ് അനുഭവിച്ചിരുന്ന ആഗോള പ്രാധാന്യം ഇന്നില്ലെന്നും തുടര്‍ന്നു.ആഗോള രാഷ്ട്രീയത്തില്‍, അമേരിക്കയുടെ അപക്വമായ ഇടപെടലിനെ അപലപിച്ച തരൂര്‍ ജനറല്‍ സുലൈമാനിയെ വേദിയെ ഓര്‍മിപ്പിച്ചു. ലോകശക്തിയെന്ന നിലയില്‍ അമേരിക്കയുടെ സ്ഥാനത്തിന് ചൈനയുടെ പക്കല്‍ നിന്നും ശക്തമായ വെല്ലുവിളിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ച അദ്ദേഹം, ചൈന വളരെ വേഗം വളര്‍ന്ന് വരുന്ന മുഖ്യ സാമ്പത്തിക ശക്തിയാണെന്നും കൂട്ടിച്ചേര്‍ത്തു. അതിനിടയില്‍ ഇന്ത്യ ചക്രശ്വാസം വലിക്കുകയാണെന്നും കൂടി പറഞ്ഞ അദ്ദേഹം, കേന്ദ്രസര്‍ക്കാര്‍ അവരുടെ പാര്‍ട്ടിയെ വളര്‍ത്താനാണ് നോക്കുന്നതെന്നും, രാജ്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്ന സമയം അതിക്രമിച്ചിരിക്കുന്നുവെന്നും എന്നാല്‍ അതിന് പകരം ഭയത്തില്‍ കഴിയാനാണ് ജനത്തിന് വിധിയെന്നും കൂടി പറഞ്ഞു.
ഉച്ച കഴിഞ്ഞ് 2 മണിക്ക് തുടങ്ങിയ സെഷന്‍ ഒരു മണിക്കൂര്‍ നീണ്ടു നിന്നു. വന്‍ ജന പങ്കാളിത്തം ഉണ്ടായിരുന്ന ഈ സെഷന്‍ കെ.എല്‍.എഫിലെ ഏറെ ജനശ്രദ്ധ നേടിയ സെഷനുകളിലൊന്നായി മാറി.
Comments are closed.