DCBOOKS
Malayalam News Literature Website

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു

ഷാര്‍ജ: അക്ഷരങ്ങള്‍ പൂത്തും തളിര്‍ത്തും വസന്തം തീര്‍ത്ത ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. വായനയും എഴുത്തും ആഘോഷമാക്കിയ ലക്ഷങ്ങള്‍ സംഗമിച്ച വേദിക്ക് ഇത്തവണ ഗിന്നസ് റെക്കോര്‍ഡിന്റെ തിളക്കവും കൈവന്നു. ഏറ്റവുമധികം എഴുത്തുകാര്‍ ഒരേ വേദിയില്‍ അണിനിരന്ന് തങ്ങളുടെ കൃതികളില്‍ കൈയ്യൊപ്പു ചാര്‍ത്തിയപ്പോള്‍ അതു ചരിത്രമാവുകയായിരുന്നു.

തുറന്ന പുസ്തകങ്ങള്‍ തുറന്ന മനസ്സുകള്‍ എന്ന പ്രമേയത്തില്‍ നടന്ന പുസ്തകമേളയില്‍ ഇത്തവണ 81 രാജ്യങ്ങളില്‍നിന്നായി രണ്ടായിരത്തിലേറെ പ്രസാധകരാണ് അണിനിരന്നത്. മെക്‌സിക്കോ ആയിരുന്നു ഈ വര്‍ഷം മേളയിലെ അതിഥിരാജ്യം. മേളയുടെ ഭാഗമായി ഒരുക്കിയിരുന്ന കാവ്യസന്ധ്യകളും സംവാദങ്ങളും ശില്പശാലകളുമെല്ലാം ഷാര്‍ജ പുസ്തമേളയെ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമാക്കിത്തീര്‍ത്തു.

നൊബേല്‍ പുരസ്‌കാരജേതാവ് ഓര്‍ഹന്‍ പാമുക്, ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരായ വിക്രം സേത്ത്, അശ്വിന്‍ സാംഗി, അനിത നായര്‍, മാധ്യമപ്രവര്‍ത്തകരായ രാവിഷ് കുമാര്‍, സോണിയ സിങ്, മലയാളത്തില്‍നിന്ന് നടന്‍ ടൊവീനോ തോമസ്, ഗായിക കെ.എസ്.ചിത്ര, എഴുത്തുകാരായ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, അനിത തമ്പി, വീരാന്‍കുട്ടി, ജി.എസ്.പ്രദീപ് തുടങ്ങിയവരും ഷാര്‍ജ പുസ്തകമേളയില്‍ അതിഥികളായെത്തിയിരുന്നു.

2.5 ദശലക്ഷം ആളുകളാണ് ഇത്തവണ ഷാര്‍ജ പുസ്തകമേള സന്ദര്‍ശിക്കാനെത്തിയത്.

Comments are closed.