DCBOOKS
Malayalam News Literature Website

ഷാര്‍ജയില്‍ പുസ്തകപ്പൂരത്തിന് കൊടിയേറി; വൈവിധ്യമാര്‍ന്ന പുസ്തക ശേഖരവുമായി മുന്‍നിരയില്‍ ഡി സി ബുക്‌സും

നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് തിരിതെളിഞ്ഞു. ബോൾ റൂമിൽ ഒരുക്കിയ പ്രൗഢ ഗംഭീരമായ ചടങ്ങിൽ യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയും പുസ്തകോത്സവത്തിന്റെ രക്ഷാധികാരിയുമായ ഹിസ് ഹൈനസ് ഷേഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവ നഗരിയിലെ ഇന്ത്യൻ പവലിയൻ ഉദ്‌ഘാടനം ഇന്ത്യൻ കോൺസൽ ജനറൽ ഹിസ് എക്‌സലൻസി ഡോ. അമൻ പുരി നിർവഹിച്ചു. എക്സ്പോ സെന്ററിൽ നടന്ന ലളിതമായ ചടങ്ങിൽ, ഇന്ത്യൻ ലേബർ കോൺസുൽ റ്റാഡൂ മാമു, ഷാർജ ബുക്ക് അതോറിറ്റിയുടെ ഔദ്യോഗിക പ്രതിനിധികളിൽ പ്രധാനിയായ മോഹൻ കുമാർ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.

അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആദ്യദിനത്തെ സമ്പന്നമാക്കിക്കൊണ്ട് ഇത്തവണത്തെ നോബൽ സാഹിത്യ പുരസ്‌കാര ജേതാവ് അബ്ദുൾ റസാക്ക് ഗുർണ ആസ്വാദകരോട് സംവദിച്ചു.

2021-ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരജേതാവ് ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുല്‍ റസാഖ് ഗുര്‍ണക്കൊപ്പം ഡി സി ബുക്‌സ് സിഇഒ രവി ഡി സി.(ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നിന്നും)
2021-ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരജേതാവ് ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുല്‍ റസാഖ് ഗുര്‍ണക്കൊപ്പം ഡി സി ബുക്‌സ് സിഇഒ രവി ഡി സി.(ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നിന്നും)

 

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എക്സ്പോ സെന്ററിലെ ബോൾറൂമിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യയിൽ നിന്നുള്ള പ്രസാധകരിൽ പ്രധാനിയും മലയാള പ്രസാധക രംഗത്തെ പ്രമുഖരുമായ ഡി സി ബുക്സ് ഇത്തവണയും വൈവിധ്യമാർന്ന വൻ പുസ്തക ശേഖരവുമായി മുൻനിരയിലുണ്ട്. ഹാൾ നമ്പർ 6 ലും 7 ലുമായി 30 സ്റ്റാളുകളിലായാണ് ആസ്വാദകർക്കായി ഡി സി ബുക്സ് പുസ്തകങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇനി വരുന്ന 10 ദിവസങ്ങളിൽ വിവിധ സാഹിത്യ, കലാ, സാംസ്‌കാരിക രംഗത്തു നിന്നുള്ള പ്രമുഖർ പുസ്തകോത്സവ നഗരിയിൽ ആസ്വാദകരോട് സംവദിക്കും. ഒപ്പം, യൂ ട്യൂബ് അടക്കമുള്ള നവമാധ്യമ രംഗത്തെ ജനപ്രിയ താരങ്ങളും ഇത്തവണ മേളയിലുണ്ട്. മലയാളത്തിൽ നിന്ന്, പ്രഗത്ഭ നോവലിസ്റ്റും തിരക്കഥാകൃത്തുമായ പിഎഫ് മാത്യൂസ്, കവിയും വാദ്യ വിദ്വാനുമായ മനോജ് കൂറൂർ, സഞ്ചാര സാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങര, എഴുത്തുകാരി ദീപ നിശാന്ത് എന്നിവർ ഇത്തവണ മേളയിൽ സംബന്ധിക്കും. ഡിസി ബുക്സ് പുറത്തിറക്കുന്ന തങ്ങളുടെ പുതിയ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കും.

നവംബർ 4 വ്യാഴം വൈകിട്ട് 8 മണിമുതൽ 9. 30 വരെ, പ്രശസ്തരായ ‘ജോർഡിൻഡ്യൻ’ യൂ ട്യൂബ് പരിപാടിയിലെ താരങ്ങളായ നാസർ അൽ അസ്സെ, വിനീത് കുമാർ എന്നിവർ ബോൾ റൂമിൽ ആസ്വാദകരോട് സംവദിക്കും. യൂട്യൂബ് പരിപാടിയുടെ തുടക്കം, ‘ജോർഡിൻഡ്യൻ’ എന്ന പേരിലേക്കുള്ള എത്തിപ്പെടൽ, തങ്ങൾക്കിടയിലെ സൗഹൃദത്തിന്റെ സവിശേഷത, നേരിടേണ്ടിവന്ന വെല്ലുവിളികൾ, കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ച് ഇരുവരും സംസാരിക്കും.

പുസ്തകമേള  നവംബർ  13ന് അവസാനിക്കും. ‘ഏതവസരത്തിനും യോജിച്ച ഒരു പുസ്തകമുണ്ട്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ ആഗോളതലത്തിലുള്ള എഴുത്തുകാർ, പ്രസാധകർ തുടങ്ങിയവർ പങ്കെടുക്കും. ഇവരോടൊപ്പം പ്രാദേശിക എഴുത്തുകാരും, പ്രസാധകരും മേളയിൽ പങ്ക് ചേരുന്നതാണ്.

Comments are closed.