ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ 31 മുതല്‍
ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തുടക്കം കുറിയ്ക്കും. ഒക്ടോബര്‍ 31 മുതല്‍ പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകമേളയില്‍ മലയാളത്തില്‍ നിന്നടക്കം ഒട്ടേറെ പ്രമുഖ എഴുത്തുകാരും പ്രസാധകരും പങ്കെടുക്കുന്നു. പതിവ് തെറ്റാതെ ഇത്തവണയും മേള ഉദ്ഘാടനം ചെയ്യുന്നത് ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ്. ബുധനാഴ്ച രാവിലെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ബാള്‍റൂമില്‍ വെച്ചാണ് ഉദ്ഘാടനം. ഈ വര്‍ഷത്തെ സാംസ്‌കാരിക വ്യക്തിത്വമായി തെരഞ്ഞെടുക്കപ്പെട്ട അള്‍ജീരിയ സാംസ്‌കാരിക വകുപ്പ് മന്ത്രി അസൈല്‍ദീന്‍ മിഹൗബി ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തും. ജപ്പാനാണ് ഈ വര്‍ഷം മേളയിലെ അതിഥി രാഷ്ട്രം. പുസ്തകപ്രകാശനം, ചര്‍ച്ചകള്‍, സെമിനാറുകള്‍, ശില്പശാലകള്‍, സംവാദങ്ങള്‍, കവിയരങ്ങ്, കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികള്‍, പാചകമേള, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയും മേളയുടെ ഭാഗമായി അരങ്ങേറും.
ലോകത്തെ മികച്ച മൂന്നാമത്തെ പുസ്തകോത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. 14,625 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരുക്കിയിരിക്കുന്ന ഹാളിലാണ് പുസ്തകപ്രദര്‍ശനം നടക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നായി 1874 പ്രസാധകരുടെ പതിനാറ് ലക്ഷത്തിലധികം പുസ്തകങ്ങള്‍ ഇത്തവണ മേളയില്‍ അവതരിപ്പിക്കും. എല്ലാ പുസ്തകങ്ങള്‍ക്കും 25 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് ഇപ്രാവശ്യം 114 പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുന്നത്. ലോകത്തിലെ പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും നിരൂപകരും കലാകാരന്മാരും പങ്കെടുക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് 2600ലേറെ അനുബന്ധ സാംസ്‌കാരിക പരിപാടികളും എക്‌സ്‌പോ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രസാധകരെല്ലാം ഇത്തവണയും ഏഴാം നമ്പര്‍ ഹാളിലാണ്. നൂറ്റമ്പതിലേറെ മലയാള പുസ്തകങ്ങളാണ് ഇത്തവണ മേളയില്‍ വെച്ച് പ്രകാശനം ചെയ്യുന്നത്.
ഇന്ത്യയില്‍നിന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനായ കരണ്‍ ഥാപ്പര്‍, ചലച്ചിത്രനടനും സംവിധായകനുമായ പ്രകാശ് രാജ്, നന്ദിത ദാസ്, ശശി തരൂര്‍, ചേതന്‍ ഭഗത്, ഡോ. എല്‍.സുബ്രഹ്മണ്യം, ഗൗര്‍ ഗോപാല്‍ ദാസ്, പെരുമാള്‍ മുരുകന്, റസൂല്‍ പൂക്കുട്ടി, ലില്ലി സിങ്, സോഹാ അലി ഖാന്‍, മനു എസ്.പിള്ള, യു.കെ.കുമാരന്, എസ്. ഹരീഷ്, സന്തോഷ് ഏച്ചിക്കാനം, ദീപാ നിശാന്ത്, ഫ്രാന്‍സിസ് നൊറോണ, മനോജ് കെ.ജയന്‍, സിസ്റ്റര്‍ ജെസ്മി, അന്‍വര്‍ അലി, ആന്‍സി മാത്യു , അബ്ദുള്‍ സമദ് സമദാനി, എരഞ്ഞോളി മൂസ, കെ.വി. മോഹന്‍ കുമാര്‍ തുടങ്ങി നിരവധി പേര്‍ മേളയില്‍ പങ്കെടുക്കും.
മുന്‍ വര്‍ഷങ്ങളിലെപ്പോലെതന്നെ ഷാര്‍ജ പുസ്തകോല്‍വസത്തില്‍ നിര്‍ണ്ണായകപങ്ക് വഹിക്കുന്ന ഡി സി ബുക്‌സ് 2018-ലെ മേളയിലും മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തും. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ പ്രസാധകരെ ഏകോപിപ്പിക്കുന്നത് ഡി.സി ബുക്‌സാണ്.രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തു മണി വരെയായിരിക്കും പ്രദര്‍ശനം നടക്കുക. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Comments are closed.