DCBOOKS
Malayalam News Literature Website

ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള നവംബർ ആറ് മുതൽ

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള 43-ാം പതിപ്പിന് (എസ്ഐബിഎഫ് 2024) നവംബർ ആറിന് തിരിതെളിയും.  ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേള നവംബർ 17ന് അവസാനിക്കും.  ‘തുടക്കം ഒരു പുസ്തകം’ എന്നതാണ് ഈ വർഷത്തെ പ്രമേയം. കേരളത്തിൽ നിന്നുള്ള അതിഥിയായി കവി റഫീഖ് അഹമ്മദും, ഇന്ത്യന്‍ നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷിയും മേളയില്‍ പങ്കെടുക്കും.  112 രാജ്യങ്ങളില്‍നിന്നുള്ള 2522 പ്രസാധകരും പ്രദര്‍ശകരുമാണ്‌ മേളയിൽ പങ്കെടുക്കുന്നത്‌. 400-ലേറെ എഴുത്തുകാര്‍ അവരുടെ ഏറ്റവും പുതിയ കൃതികളും 63 രാജ്യങ്ങളില്‍നിന്നുള്ള 250 അതിഥികള്‍ നയിക്കുന്ന 1357 സാംസ്‌കാരിക പരിപാടികളും മേളയിലുണ്ടാവും. മൊറോക്കോയാണ് ഇത്തവണത്തെ അതിഥി രാജ്യം.

ഇത്തവണത്തെ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ബൾഗേറിയൻ ഇന്ത്യൻ എഴുത്തുകാരുടെ സാന്നിധ്യവുമുണ്ടാകും. കവിയും നാടകകൃത്തുമായ ജോർജി ഗോഡ്‌സ്‌പോഡിനോവും ഇന്ത്യൻ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗതുമാണ് പുസ്തക മേളയിൽ പങ്കെടുക്കുക.നവംബർ 9ന് രാത്രി 9 മുതൽ 10 വരെ സംഘടിപ്പിക്കപ്പെടുന്ന ബുക്ക് ഫോറം 3 -യിൽ നടക്കുന്ന ‘ഫ്രം നാച്ചുറൽ നോവൽ ടു ടൈം ഷെൽട്ടർ – ജോർജി ഗോസ്‌പോഡിനോവുമൊത്ത് ഓരൊരു സഞ്ചാരം’ എന്ന പരിപാടിയിൽ വായനക്കാരുമായി ജോർജി ഗോസ്‌പോഡിനോവ് സംവദിക്കും. അദ്ദേഹത്തിന്റെ ടൈം ഷെൽട്ടർ എന്ന നോവലിന് 2023-ലെ ബുക്കർ സമ്മാനം ലഭിച്ചിട്ടുണ്ട്. 25-ലധികം ഭാഷകളിൽ അദ്ദേഹത്തിന്റെ കൃതികൾ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. നവംബർ 10-ന് വൈകിട്ട് 7.15 മുതൽ 8.15 വരെ കോൺഫറൻസ് ഹാളിൽ നടക്കുന്ന ‘ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം‘ എന്ന പരിപാടിയിൽ ചേതൻ ഭഗത് പങ്കെടുക്കും.

ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മലയാളി സാഹിത്യാസ്വാദകരെ സംബന്ധിച്ച് ഏറ്റവും പ്രിയങ്കരമായ കാവ്യസന്ധ്യയിൽ ഇത്തവണ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും കവിതകൾ ചൊല്ലി സദസ്യരുമായി സംവദിക്കും. നവംബർ 16 ശനിയാഴ്ച വൈകീട്ട് 6.30 മുതൽ 8 മണി വരെ കോൺഫറൻസ് ഹാളിലാണ് കാവ്യസന്ധ്യ.  നവംബർ 15 ന് രാത്രി 8 മുതൽ 9.30 വരെ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ അഖിൽ പി ധർമ്മജൻ പങ്കെടുക്കും.’പുസ്തകത്തിനപ്പുറമുള്ള കഥകൾ – റാം c/ o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമ്മജനുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയിൽ തന്റെ കൃതികൾ സ്വയം പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് നിന്ന് ആഘോഷിക്കപ്പെടുന്ന എഴുത്തുകാരനിലേക്കുള്ള മാറ്റം അദ്ദേഹം വിശദീകരിക്കും.  നവംബർ 10 ഞായറാഴ്ച അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ‘ റേഡിയോ വീചികളിൽ നിന്ന് ലിഖിതാക്ഷരത്തിലേക്ക്-അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം’ എന്ന പരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് 6 മുതൽ 7 വരെ കോൺഫറൻസ് ഹാളിലാണ് പരിപാടി.  നവംബർ 16 ന് മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് വായനക്കാരുമായി സംവദിക്കും.രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി. നവംബര്‍ 9 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് റൈറ്റേഴ്‌സ് ഫോറം 7-ല്‍ നടക്കുന്ന പരിപാടിയില്‍ ഡോ.സൗമ്യ സരിന്‍ പങ്കെടുക്കും.

ലോകത്തിലെ മികച്ച മൂന്ന് പുസ്തകമേളകളിലൊന്നായി അറിയപ്പെടുന്ന ഷാര്‍ജ അന്താരാഷ്‍ട്ര പുസ്തകമേള പുസ്‍തക പ്രേമികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ വിസ്മയം തീര്‍ക്കും. പ്രവാസികളടക്കം നിരവധി മലയാളികള്‍ എല്ലാ വര്‍ഷവും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാറുണ്ട്.

Comments are closed.