നാടകത്തേക്കാള്‍ പ്രാധാന്യം സിനിമയ്ക്ക്, കലയെ അവഗണിക്കുന്നു; സൂര്യ കൃഷ്ണമൂര്‍ത്തി
ഇന്നത്തെ സമൂഹം നാടകത്തേക്കാള്‍ സിനിമയ്ക്ക് പ്രാധാന്യം നല്‍കുന്നതായി സൂര്യ കൃഷ്ണമൂര്‍ത്തി. സിനിമയിലെ കലയല്ല പകരം ഗ്ലാമറിനാണ് മുന്‍തൂക്കം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിഴലും വെളിച്ചവും എന്ന വിഷയത്തില്‍ സനിത മനോഹറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയ്‌ക്കോ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കോ കിട്ടുന്ന പ്രാധാന്യം നാടകസദസ്സുകള്‍ക്കോ നാടകപുരസ്കാരങ്ങള്‍ക്കോ കിട്ടുന്നില്ലെന്നും ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ട സമയമായെന്നും സൂര്യ കൃഷ്ണമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. ഏതു സിനിമാഅഭിനേതാവിന് നാടകനടന്റെ ഒപ്പം നില്‍ക്കാന്‍ പറ്റും എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. നാടകക്കാരെ തരംതാഴ്ത്തുന്ന പ്രവൃത്തിക്കെതിരെ പോരാടണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു നല്ല കലാകാരന്‍ ഒരു നല്ല ശാസ്ത്രജ്ഞന്‍ കൂടിയാണെന്നും കലയെ ശാസ്ത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയില്ലെന്നും പറഞ്ഞാണ് അദ്ദേഹം ചര്‍ച്ച ആരംഭിച്ചത്. സത്യത്തെയാണ് കലാകാരന്‍മാരും ശാസ്ത്രജ്ഞന്‍മാരും തിരയുന്നത്. ശാസ്ത്രജ്ഞന്‍മാര്‍ ബാഹ്യമായ സത്യത്തെ തേടുമ്പോള്‍ കലാകാരന്‍മാര്‍ മനസ്സിലെ സത്യത്തെയാണ് കേട്ടുക്കൊണ്ടിരിക്കുന്നത്. കലയെ വില്‍ക്കരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കലയില്‍ നിന്ന് വീണ്ടും ശാസ്ത്രത്തിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മടങ്ങണമെന്ന് തോന്നിയിട്ടില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. തന്റെ പുസ്തകങ്ങള്‍ വീണ്ടും വീണ്ടും വായിക്കാറിലെന്നു പറഞ്ഞ അദ്ദേഹം പക്ഷേ തന്റെ നാടകങ്ങള്‍ സദസ്സ്യര്‍ക്കിടയിലിരുന്ന് കാണാറുണ്ടെന്നും വീണ്ടും വീണ്ടും കാണുമ്പോള്‍ എവിടെയാണ് തിരുത്തേണ്ടത് എന്നു മനസ്സിലാക്കുകയും ചെയ്യാമെന്ന് അഭിപ്രായപ്പെട്ടു. എല്ലാം അപൂര്‍ണമാണെന്നും ഇനിയും ഒരുപാട് നന്നാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മാറി മാറി വരുന്ന സര്‍ക്കാരുകളെല്ലാം യോജിച്ച് പറയുന്ന ഒരേ കാര്യം സാക്ഷരതയാണെന്നും തന്റെ അഭിപ്രായത്തില്‍ സാക്ഷരത എന്നത് തിരിച്ചറിയാനും പ്രതികരിക്കാനും സ്വന്തം പാരമ്പര്യത്തെ മനസിലാക്കാനുള്ള കഴിവാണെന്നും അദ്ദേഹം പറഞ്ഞു.
Comments are closed.