സാമൂഹിക നവോത്ഥാനത്തിന് കൂടുതല്‍ ഉന്നമനം കൊടുത്ത സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര : ചന്ദ്രകാന്ത് പാട്ടീല്‍
മലയാളികളെ സംബന്ധിച്ചിടത്തോളം ബംഗാളി സാഹിത്യം പോലെ പരിചിതമല്ല മറാത്തി സാഹിത്യം. കേരള സാഹിത്യോത്സവത്തിന്റെ നാലാം പതിപ്പിന്റെ ആദ്യദിനം മറാത്തിയിലെ പ്രമുഖ കവിയും നിരൂപകനുമായ ചന്ദ്രകാന്ത് പാട്ടീല്‍ മറാത്തി സാഹിത്യത്തിലേക്കുള്ള ഒരു ചെറുവാതിലാണ് കാണികള്‍ക്ക് മുന്നില് തുറന്നുവച്ചത്. സാഹിത്യോത്സവത്തിന്റെ ഡയറക്ടറും മലയാളത്തിലെ പ്രശസ്ത കവിയുമായ പ്രൊഫ. കെ. സച്ചിദാനന്ദനുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം മറാത്തി സാഹിത്യത്തിന്റെ ചരിത്രവും നാഴികക്കല്ലുകളും പങ്കുവച്ചത്. 2000 വര്‍ഷം പഴക്കമുള്ള മറാത്ത ഭാഷയുടെ ചരിത്രം അദ്ദേഹം ഓരോ നൂറ്റാണ്ടുകളായി തരം തിരിച്ചാണ് വിവരിച്ചത്.
സാമൂഹിക നവോത്ഥാനത്തിന് കൂടുതല്‍ ഉന്നമനം കൊടുത്ത സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക അസമത്വങ്ങള്‍ക്കെതിരെയും അനീതിക്കെതിരെയും സാഹിത്യത്തിലൂടെ പോരാടാന്‍ മറാത്തി സാഹിത്യകാരന്മാര്‍ക്ക് സാധിച്ചിട്ടുണ്ട്. ബാബസാഹിബ് അംബേദ്ക്കര്‍ പോലുള്ള നവോത്ഥാന നായകരിലൂടെ ദലിത് സാഹിത്യവും അവിടെ ഉയര്‍ന്നുവന്നു. എന്നാല്‍ അത് ചില എഴുത്തുകാരില്‍ മാത്രം ഒതുങ്ങി നിന്നു. മറാത്തി പണ്ഡിതന്‍ ഏക്‌നാഥ്, ഹരിനാരായണ ആപ്‌തെ, അരവിന്ദ് ഖൊഖലെ തുടങ്ങിയ അനേകം സാഹിത്യകാരന്മാരുടെ സംഭാവനകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഇന്നത്തെ എഴുത്തുകാര്‍ക്ക്, പ്രത്യേകിച്ച് യുവതലമുറയ്ക്ക് സ്വതന്ത്രമായി എഴുതാനുള്ള അവസരം ലഭിക്കുന്നില്ലെ? എന്ന ചോദ്യത്തിന് യുവയെഴുത്തുകാര്‍ രാഷ്ട്രീയവബോധത്തെക്കാള്‍ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചാണ് കൂടുതല്‍ എഴുതുന്നത് എന്നായിരുന്നു ചന്ദ്രകാന്ത് പാട്ടീലിന്റെ മറുപടി. ഹിന്ദി, മലയാളം, ബംഗാളി സാഹിത്യങ്ങളോട് ഒത്തുനോക്കിയാല്‍ മറാത്തിയില്‍ രാഷ്ട്രീയ അവബോധം താരതമ്യേന കുറവാണ്. സാഹിത്യത്തിലെ മറാത്ത സാമ്രാജ്യത്തിന്റെ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മറാത്തി കവികള്‍ ചലച്ചിത്ര മേഖലയുടെ വഴികളിലേക്ക് മാറി സഞ്ചരിക്കുന്നുണ്ടോ എന്ന കാണികളുടെ ചോദ്യത്തിന് അവസരങ്ങളുണ്ട്, എന്നാല്‍ മലയാളത്തിലെ പോലെ അധികമാരും ചലച്ചിത്ര മേഖലയിലേക്ക് തിരിയുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments are closed.