എന്റെ മക്കളുള്ളപ്പോള്‍ എന്തിന് വിക്ടോറിയ രാജ്ഞിയുടെ മക്കളെ താലോലിക്കണം: കെ.ആര്‍.മീര
തനിക്ക് സ്വന്തം മക്കളുള്ളപ്പോള്‍ എന്തിന് വിക്ടോറിയ രാജ്ഞിയുടെ മക്കളെ താലോലിക്കണമെന്ന് എഴുത്തുകാരി കെ.ആര്‍.മീര. തന്റെ മക്കളെ മാതൃഭാഷയോടും ഇംഗ്ലീഷിനെ വിക്ടോറിയ രാജ്ഞിയുടെ മക്കളായും ഉപമിച്ചു. ‘ഇംഗ്ലീഷ്: ഇന്ത്യയുടെ ദേശീയഭാഷ?’എന്ന വിഷയത്തില്‍ സംവദിക്കുകയായിരുന്നു അവര്‍. ചര്‍ച്ചയില്‍ കെ.ആര്‍.മീരയെ കൂടാതെ ഉര്‍വ്വശി ബൂട്ടാലിയ, മനു എസ്.പിള്ള, അഷ്‌തോഷ് പോഡാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആര്‍.ശിവപ്രിയ മോഡറേറ്ററായി. താന്‍ തന്റെ മാതൃഭാഷയില്‍ അഭിമാനിക്കുന്നു എന്നും അവര്‍ പറഞ്ഞു. എല്ലാവരും തനിക്കിഷ്ടപ്പെട്ട ഭാഷ തന്നെ ഉപയോഗിക്കട്ടെ എന്നാണ് ചര്‍ച്ചയില്‍ ഏവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്.
തന്റെ ഭാഷ തന്റെ സാംസ്‌കാരികപരമായ എല്ലാറ്റിനേയും താനുമായി ബന്ധിപ്പിക്കുന്നു എന്നും അനുഭവങ്ങളും വികാരങ്ങളും അതേ വ്യാപ്തിയില്‍ അവതരിപ്പിക്കണമെങ്കില്‍ മാതൃഭാഷ കൂടിയേ തീരൂ എന്നും മീര കൂട്ടിച്ചേര്‍ത്തു. ഒപ്പം ആരാച്ചാര്‍ വിവര്‍ത്തനം ചെയ്യുമ്പോഴുണ്ടായ പ്രയാസങ്ങളും മീര പങ്കുവച്ചു. പല പദങ്ങളുടേയും സമാനാര്‍ത്ഥമുള്ള ഇംഗ്ലീഷ് പദങ്ങള്‍ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടാണുള്ളതെന്നും അവര്‍ പറഞ്ഞു. വികാരങ്ങളും തമാശകളും വിവര്‍ത്തനം ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ അവതരിപ്പിച്ച മനു എസ്.പിള്ള തന്റെ അനുഭവങ്ങളും പങ്കുവെച്ചു. മലയാളം മീഡിയത്തില്‍ പഠിച്ച തന്റെ അച്ഛന് ഇംഗ്ലീഷ് ഉപയോഗിക്കുമ്പോഴുണ്ടായ പ്രയാസങ്ങളും അദ്ദേഹം വ്യക്തമാക്കി.
കഥകളും കവിതകളും മാതൃഭാഷയില്‍ എഴുതാനാഗ്രഹിക്കുന്നു എന്നും മറ്റുള്ളവ മാത്രമേ ഇംഗ്ലീഷില്‍ എഴുതാന്‍ ആഗ്രഹിക്കുന്നുള്ളൂ എന്നും വ്യക്തമാക്കിയ മീര മനു എസ്.പിള്ളയോട് എനിക്ക് താങ്കളെ പോലെ ഇംഗ്ലീഷില്‍ എഴുതാന്‍ ആഗ്രഹമുണ്ടെന്നും തമാശരൂപേണ അവതരിപ്പിച്ചു.
മലയാള പദങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോഴുണ്ടാകുന്ന അതേപ്രശ്‌നം ഇംഗ്ലീഷ് പദങ്ങള്‍ മറ്റു പ്രാദേശിക ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോഴും ഉണ്ടാകാറുണ്ടെന്ന് ഉര്‍വ്വശി ബൂട്ടാലിയ പറഞ്ഞു. ഇംഗ്ലീഷ് ഇന്ന് ഇന്ത്യയുടെ ഭാഷയായിരിക്കുന്നു എന്നാണ് മനു എസ്.പിള്ള പറഞ്ഞത്. ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുമ്പോഴും അതില്‍ ‘ഇന്ത്യന്‍നെസ്സ് ‘ ഉണ്ടായിരിക്കണമെന്നാണ് മീര അഭിപ്രായപ്പെട്ടത്.
ഇംഗ്ലീഷ് കൊളോണിയലിസത്തിന്റെ ഭാഷയാണെന്നും ഇന്ത്യയെ കോളനിവല്‍ക്കരിക്കാനും ഭരിക്കാനുമാണ് അത് ഇന്ത്യയില്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റിയത്. എന്നാല്‍ ഇംഗ്ലീഷ് അഭ്യസിക്കപ്പെട്ട ഇന്ത്യക്കാര്‍ ബോധവാന്‍മാരാവുകയും ഇംഗ്ലീഷിനെ കൊളോണിയലിസത്തിനെതിരായി ഉപയോഗിക്കുകയുമാണ് ചെയ്തത്. ദലിതര്‍ക്കും മറ്റും തങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും ഉന്നയിക്കാന്‍ ഇംഗ്ലീഷ് ഉപകരിക്കപ്പെടുന്നു എന്നും ചര്‍ച്ചയില്‍ ഉര്‍വ്വശി അഭിപ്രായപ്പെട്ടു.നമ്മുടെ സാംസ്‌കാരികത്തനിമയായി അഭിമാനത്തോടെ ധരിക്കുന്ന സാരി പോലും ഡിസൈന്‍ ചെയ്തത് ഒരു ഇംഗ്ലീഷുകാരനാണെന്ന് കെ.ആര്‍.മീര സൂചിപ്പിച്ചു.
പ്രാദേശിക ഭാഷ കൃതികള്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയപ്പെട്ട ശേഷം അതില്‍ നിന്നും മറ്റു പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നതിനെ അഷുതോഷ് പോഡാര്‍ ചോദ്യം ചെയ്തു. പ്രാദേശികഭാഷകളില്‍നിന്നും നേരിട്ട് മറ്റ് ഭാഷകളിലേക്ക് കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെടുന്നതാണ് മികതെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭാഷ അറിയാത്തവര്‍ക്ക് അവരുടെ സംസ്‌കാരവും സഹിത്യവും നഷ്ടപ്പെട്ടു പോകുമെന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടായിരുന്നു കെ.ആര്‍.മീര സംവാദം അവസാനിപ്പിച്ചത്.
Comments are closed.