DCBOOKS
Malayalam News Literature Website

എഴുപതുകളിലെ കോളെജ് ഡയറി

കവിയൂര്‍ ബാലന്‍

കേരളത്തിലാദ്യമായി എസ്.എഫ്.ഐ.യുടെ സമ്പൂര്‍ണ്ണ വിജയം, കോളേജ് യൂനിയന്‍ ഉദ്ഘാടനം ചെയ്തത് ഇ.എം. എസ്. ഇതും ചരിത്രത്തില്‍ ആദ്യം. തങ്ങളുടെ ശവത്തില്‍ ചവുട്ടിയേ നമ്പൂതിരിക്ക് ബ്രണ്ണനില്‍ കാലുകുത്താന്‍ കഴിയൂ എന്ന് കെ.എസ്.യു. ക്കാര്‍ വീരവാദം മുഴക്കി. പാര്‍ട്ടി ഓഫീസില്‍ നിന്ന് ഇ.എം.എസിനെ ഒരു അംബാസി ഡര്‍ കാറില്‍
കൂട്ടിക്കൊണ്ടുവന്നത് ഞാനാണ്. പക്ഷേ ഒരു ഉറുമ്പുപോലും ടയറിനടിയില്‍ കുടുങ്ങിയില്ല. സദസ്സുനിറയെ പൂമ്പാറ്റകള്‍ ആയിരുന്നു. ചിറക്കുനിയില്‍ നിന്നും പിണറായില്‍ നിന്നും ബീഡിതെറുക്കുന്ന മുറം മാറ്റി വെച്ച് വന്ന തൊഴിലാളികള്‍ പ്രസംഗം കാതോര്‍ത്തു
കേട്ടു.

സാമൂഹികജീവിതത്തിന്റെ സൂക്ഷ്മസ്ഥലികള്‍ ദുര്‍ഗന്ധംവമിക്കുന്ന ചളിക്കുളം കണക്കെ അസഹനീയമായിത്തീര്‍ന്നിരിക്കെ, പഴയ കാലത്തെ ബന്ധങ്ങളെയും സൗഹൃദങ്ങളെയും പുനര്‍വായിക്കുക ജീവത്തായ ഒരു പ്രവൃത്തിയാണ്.

പി.എന്‍. അഷ്‌റഫ് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളെജിലെ എന്റെ സുഹൃത്തും സഹപാഠിയും ആയിരുന്നു. അഷ്‌റഫ് 1974 മാര്‍ച്ച് 5-ാം തീയ്യതി മരണപ്പെട്ടു. അഷ്‌റഫിന്റെ മരണം ഒരു രക്തസാക്ഷിത്വമായിരുന്നു. 1973 നവംബര്‍ 29-ാം തീയ്യതി എസ്.എഫ്.ഐയുടെ ഓണിയന്‍ ഹൈസ്‌ക്കൂള്‍ യൂനിറ്റ് സെക്രട്ടറി ശശിയെ ബ്രണ്ണന്‍ കോളെജിലെ ഹനീഫ എന്ന കെ.എസ്.യു. നേതാവിന്റെ നേതൃത്വത്തില്‍ തലശ്ശേരി നഗരത്തില്‍ വെച്ച് അടിച്ചു പരിക്കേല്പിച്ചിരുന്നു. തുടര്‍ന്ന് 30-11-73-നു ബ്രണ്ണനിലെ ശാന്തിവനത്തില്‍ സുഹൃത്ത് രവീന്ദ്രനോടൊപ്പം ഉല്ലസിക്കുകയായിരുന്ന ഹനീഫയെ ഇ.കെ. ജനാര്‍ദ്ദനനും കെ. ദാസനും മറ്റും
ചേര്‍ന്നു മര്‍ദ്ദിച്ചതായി വിവരംപരന്നു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു. പഠിപ്പുമുടക്കി. സമരദിവസം കെ.എസ്.യു. പ്രവര്‍ത്തകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും വലിയ ശക്തിപ്രകടനങ്ങള്‍ നടത്തി. തുടര്‍ന്ന് മലയാളം ഡിപ്പാര്‍ട്ട്‌മെന്റിനരികില്‍ വെച്ച് ഉന്തും തള്ളും
Pachakuthira July 2021സംഘര്‍ഷവും ഉണ്ടാവുന്നു. സംഘര്‍ഷത്തിനിടയില്‍ എ.കെ.ബാലനെ കെ.എസ്.യു നേതാവ് കെ.ടി. ജോസ് തല്ലാന്‍ ശ്രമിക്കുകയും കെ.എസ്.യു നേതാവുതന്നെയായ മമ്പറം ദിവാകരന്‍ ജോസിനെ പിടിച്ചുമാറ്റുകയും ചെയ്തു. ഒടുവില്‍ സംഘര്‍ഷത്തിന് അയവുവന്നു എല്ലാ വിദ്യാര്‍ത്ഥികളും പിരിഞ്ഞുപോയി.

അതിനുശേഷം പലരും പലവഴിക്ക് തിരിച്ചു പോയി. ഞാന്‍ ബ്രണ്ണന് മുന്‍വശത്തുള്ള ദാമുവിന്റെ കടയില്‍നിന്നു മോരുംവെള്ളം കുടിക്കുകയായിരുന്നു. അപ്പോള്‍ വീണ്ടും ചില കലപിലകളും അട്ടഹാസങ്ങളും കാമ്പസില്‍നിന്നു ഉയരുന്നത് കേള്‍ക്കാനിടയായി. അങ്ങോട്ടേക്ക് ഓടിച്ചെന്നു. പെണ്‍കുട്ടികള്‍ വിശ്രമിക്കുന്ന ഓഡിറ്റോറിയത്തിന്റെ മുന്‍വശത്തുള്ള റോഡിലൂടെ ആയിരുന്നു ഓടിച്ചെന്നത്. അപ്പോള്‍ കാണുന്നത് കെ. സുധാകരനും എം. പ്രകാശനും ഒന്നുരണ്ട് അനുയായികളും ചേര്‍ന്ന് ചോരയൊലിക്കുന്ന അഷ്‌റഫിനെ താങ്ങിയെടുത്തു പുറത്തേക്കു കൊണ്ടുവരുന്നതാണ്. പിന്നാലെ മമ്പറം ദിവാകരന്‍ ഒരു സൈക്കിള്‍ ചെയിന്‍ ആഞ്ഞുവീശി അട്ടഹസിച്ചുകൊണ്ട് ഓടി വരുന്നുണ്ടായിരുന്നു. സൈക്കിള്‍ ചെയിന്‍ എന്റെ നേരെ ആഞ്ഞാഞ്ഞു വീശി. അസഹനീയമായ വേദനയില്‍ പുളയുമ്പോള്‍ അഷ്‌റഫിനെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി തലശ്ശേരി ഭാഗത്തേക്കു കൊണ്ടുപോകുന്നതും കാണാ
മായിരുന്നു. ഞാന്‍ കൈകള്‍ രണ്ടും തലക്ക് പിന്‍വശം ചേര്‍ത്തുപിടിച്ച് അവിടെത്തന്നെ നിന്നു. ധാരാളംപെണ്‍കുട്ടികള്‍ കാഴ്ചകണ്ട് ബഹളം വെക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ദിവാകരന്‍ തിരിച്ചുപോയി.

സംഭവിച്ചത് ഇതാണ്. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതിനുശേഷം പേരാവൂര്‍ സ്വദേശിയായ കെ.ടി. ജോസിന്റെ നേതൃത്വത്തില്‍ കെ.എസ്.യുക്കാര്‍ സംഘം ചേരുകയും തുടര്‍ന്നു മര്‍ദ്ദനം ആരംഭിക്കുകയുമാണുണ്ടായത്. ഞങ്ങളും വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എങ്കിലും സംഘട്ടനത്തിന്റെ തുടര്‍ച്ച പ്രതീക്ഷിച്ചിരുന്നില്ല. മാരകായുധങ്ങളൊന്നും ഞങ്ങളുടെ വശം ഉണ്ടായിരുന്നില്ല. അവര്‍ക്ക് ആദ്യം കിട്ടിയ ഇര അഷ്‌റഫ് ആയിരുന്നു. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടു നില്ക്കുകയായിരുന്നു അഷ്‌റഫ്, അഷ്‌റഫിനെ കുത്തിപരിക്കേല്പിച്ചതിനുശഷം കെ.ടി. ജോസ് (ഇപ്പോള്‍ ജീവിച്ചിരി
പ്പില്ല) വരാന്തകളും ഇടനാഴികളും തോറും ഓടിനടന്നു കലിതുള്ളുകയായിരുന്നു. കയ്യില്‍ നിവര്‍ത്തിപ്പിടിച്ച കത്തിയുണ്ട്. ”എവിടെടാ…” എന്നായിരുന്നു ആക്രോശം. ആ എവിടെടാ… എന്ന ചോദ്യത്തിന് സത്യസന്ധമായ ഉത്തരം ലഭിക്കുകയാണെങ്കില്‍ (അത് ഇന്നു സാദ്ധ്യമാണ്) ചില നിഗൂഢതകളും വെളിപ്പെടും. അല്പസമയത്തിനുള്ളില്‍ ഓടിയെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ ഗൗരവമായി പരിക്ക് പറ്റിയവര്‍ താഴെ പറയുന്നവരാണ്. ഇ.കെ. ജനാര്‍ദ്ദനന്‍, പി.വി. ദിനേശന്‍, എ.പി. മോഹനന്‍ പിന്നെ ഞാനും. ഞങ്ങളെ ആരെല്ലാമോ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റി തലശ്ശേരി ഗവ. ആശുപത്രിയിലേക്കു കൊണ്ടുപോയി. അല്പസമയത്തിനുശേഷം എ.കെ. ബാലനും ആശുപത്രിയിലെത്തിച്ചേര്‍ന്നു. കെ. ദാസന്‍ അന്നു കോളേജില്‍ വന്നിട്ടില്ലായിരുന്നു. നഗരത്തിലെ ചില സ്‌കൂളുകളിലെ യൂനിറ്റിന്റെ ഉത്തരവാദിത്വം ദാസനായിരുന്നു.

സംഘട്ടനത്തെ തുടര്‍ന്ന് കോളെജ് മൂന്നുദിവസം അടച്ചിട്ടു. സംഭവം നഗരത്തിലും പരിസരഗ്രാമങ്ങളിലും വലിയ വാര്‍ത്തയായി. ദേശാഭിമാനി പത്രത്തില്‍ ചിത്രങ്ങള്‍ സഹിതം വലിയ പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചുവന്നു. ആശുപത്രിയില്‍ സന്ദര്‍ശകരുടെ വലിയ തിരക്കായിരുന്നു. സന്ദര്‍ശകരില്‍ ചിലരെ ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. ഇ.പി. ജയരാജന്‍, പി. ജയരാജന്‍, ഒ. വിജയന്‍, കുര്യന്‍, കോടിയേരി ബാലകൃഷ്ണന്‍, സി. ഭാസ്‌കരന്‍, പാട്യം ഗോപാലന്‍, ദിനരാജന്‍, എം.വി. രാജുമാസ്റ്റര്‍, ഗംഗാധരമാരാര്‍, വടവതി വാസു, ചെങ്കൊടി കണ്ണന്‍. ഇവരെല്ലാംഅറിയപ്പെടുന്നവരായിരുന്നു. ചിറക്കുനിയിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ എന്‍.കെ. രവിയും കെ.ടി. വിശ്വനാഥനുംകവിയൂരിലെ ചിറയില്‍ കുമാരനും കുഞ്ഞമ്പുവേട്ടനും എം.ഒ. പപ്പനും ചേറ്റംകുന്നിലെ പഴയകാല പാര്‍ട്ടി പ്രവര്‍ത്തകനായ ടി.പി. അഹമ്മദും ഉള്ളതായി ഓര്‍ക്കുന്നു.

എ.കെ. ബാലന്‍ പിറ്റേന്നുതന്നെ ആശുപത്രി വിട്ടു. ഞാന്‍ നാലഞ്ച് ദിവസം കഴിഞ്ഞതിനു ശേഷവും.നെഞ്ചിന്റെയും പുറംഭാഗത്തിന്റെയും എക്‌സ്‌റേയും മറ്റുമെടുത്തിരുന്നു. ദിനേശനും മോഹനനും അതിനുംമുമ്പേതന്നെ വീട്ടിലേക്ക് പോയി. ഇ.കെ. ജനാര്‍ദ്ദനന്‍ പിന്നെയും കുറച്ചു ദിവസങ്ങള്‍ കൂടി വിശ്രമിച്ചു. ജനുവിനു തലയുടെ പിന്‍വശം കത്തികൊണ്ട് ഏറ്റ സാമാന്യം വലിയ മുറിവ് ആയിരുന്നു. ഉണങ്ങാന്‍ സമയംപിടിക്കും. പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞാണ് അഷ്‌റഫിനെ ആശുപത്രിയില്‍നിന്നു വിടുതല്‍ ചെയ്തത്. അതു സ്വാഭാവികമാണല്ലോ. അഷ്‌റഫിനെ ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം വീട്ടിലെത്തിക്കുന്നത് എ.കെ. ബാലനും, കെ. ദാസനും, ഞാനും ചേര്‍ന്നാണ്. അഷ്ഫിന്റെ വീട് ഇടത്‌രാഷ്ട്രീയത്തിന് അന്യമായിരുന്നു എന്ന് ഞങ്ങള്‍ക്ക് അന്നു ബോധ്യപ്പെട്ടു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ജൂലൈ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

 

Comments are closed.