സേതുവിന്റെ നാലു നോവെല്ലകള്‍….
മലയാളസാഹിത്യരംഗത്ത് വ്യത്യസ്തമായ ശൈലി ആവിഷ്‌കരിച്ചുകൊണ്ട് കടന്നുവന്ന എഴുത്തുകാരനാണ് സേതു എന്ന സേതുമാധവന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും ഒരുപോലെ ആസ്വാദകരെ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. പി പദ്മരാജന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിവരുടേതുപോലെ ആധുനികതയുടെ കൈമുദ്രകള്‍ പതിഞ്ഞ രചനകളാണ് സേതുവിന്റേതും. അക്കാദമിക് പണ്ഡിതരുടെയും സാധാരണ വായനക്കാരുടെയും ആസ്വാദനത്തിന് ഒരുപോലെ വിധേയമാകുന്നവയാണ് സേതുവിന്റെ രചനകള്‍. ആകര്‍ഷകമായ ആവിഷ്‌കാരവും പുതുമയുള്ള രചനാതന്ത്രവുമാണ് അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത.
പാണ്ഡവപുരം എന്ന ഒറ്റ നോവല്‍ കൊണ്ട് സാഹിത്യലോകത്തെ കീഴടക്കാന്‍ സേതുവിനു കഴിഞ്ഞു. പാണ്ഡവപുരം പോലെതന്നെ സേതുവിന്റെ തൂലികയില്‍ നിന്നു ജനിച്ച കൈമുദ്രകള്‍, നിയോഗം, വിളയാട്ടം, ഏഴാം പക്കം, കൈയൊപ്പും കൈവഴികളും,അറിയാത്ത വഴികള്‍, ആലിയ എന്നീ നോവലുകളും ജനശ്രദ്ധയാര്‍ജ്ജിച്ചവയാണ്. ഇപ്പോഴിതാ സേതുവിന്റെ നാലു നോവല്ലകളുടെ സമാഹാരവും പുറത്തിറക്കിയിരിക്കുകയാണ്.
മനുഷ്യമനസ്സിന്റെ അന്തര്‍ഭാവത്തെയും ആദിരൂപത്തെയും ആവാഹിക്കുന്ന ഏഴാം പക്കം, മനുഷ്യത്വം മരവിച്ചുപോയ സമൂഹത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു ചെറുപ്പക്കാരന്റെ കഥപറയുന്ന കിരാതം, മനുഷ്യജീവിതത്തിന്റെ അര്‍ത്ഥരാഹിത്യത്തെ ആവിഷ്‌കരിക്കുന്നതാളിയോല, മനുഷ്യന്റെ കടിഞ്ഞാണില്ലാത്ത ആഗ്രഹങ്ങളുടെയും വികൃതമായ ദൗര്‍ബല്യങ്ങളുടെയും കഥപറയുന്ന ഞങ്ങള്‍ അടിമകള്‍ എന്നീ നാലു നോവല്ലകളാണ് സേതുവിന്റെ 4 നോവല്ലകള്‍ എന്നപേരില്‍ ഡി സി ബുക്‌സ് പുറത്തിറക്കിയത്.
Comments are closed.