എന്റെ കലഹം വ്യക്തികളോടല്ല: എച്ച്മുക്കുട്ടി
മരണമെത്തുന്നതുവരെ നിലയ്ക്കാതെ ഒഴുകുന്ന നദിതന്നെയാണ് എന്റെ ജീവിതം. എനിക്ക് മാത്രമല്ല, മനുഷ്യരാശിക്കു മുഴുവനും അത് അങ്ങനെ തന്നെ. ചില ജീവിതനദികളില് ധനം, ആനന്ദം, സംതൃപ്തി, ആരാധന, വാഴ്ത്തുപാട്ടുകള്‍, പ്രശസ്തി അങ്ങനെ അനവധി കൈവഴികള്‍ വന്നുചേര്ന്നടിഞ്ഞ തിടം കാണും. എന്നാല്‍ ചില നദികളില്‍ ഇതിന്റെ നേര്‍വിപരീതമായ കാര്യങ്ങള്‍ മാത്രമേ ഉണ്ടാവൂ. ഇനിയും ചില നദികളില്‍ പരിപൂര്‍ണ വരള്‍ച്ച ആയിരിക്കും…
ആത്മകഥ കളവാണെന്ന ആരോപണം ഞാന്‍ ധാരാളമായി കേട്ടുകഴിഞ്ഞു. പല ആരാധകവൃന്ദങ്ങളും അത് ഏറ്റുപാടുകയും എന്നെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. എനിക്ക് അതില്‍ പ്രത്യേകിച്ച് വേദനയൊന്നും തോന്നുന്നില്ല. കഴിഞ്ഞ രണ്ടുമൂന്നുദശകങ്ങളായി ഒരുവശം മാത്രം കേള്‍ക്കുകയും ആ അഭിനയം കാണുകയും ചെയ്തവര്‍ക്ക് എന്റെ വാക്കുകളാല്‍ മാറ്റം വരുമെന്ന് ഞാന്‍ കരുതുന്നതുമില്ല. അതുകൊണ്ട് ഫെമിനിസ്റ്റുകളും ആക്ടിവിസ്റ്റുകളും സാഹിത്യപ്രവര്‍ത്തകരും ബുദ്ധിജീവികളും ഇപ്പറഞ്ഞവരുടെ ആരാധകരും നിരത്തുന്ന ഒരു മുള്‍മുനയിലും ഞാന്‍ കയറി നില്‍ക്കില്ല. എന്റെ അനുഭവങ്ങള്‍ എന്നുമെന്നും എന്റെ ജീവിതസത്യങ്ങളാണ്. അതിന് മറ്റാരുടെയും സര്‍ട്ടിഫിക്കറ്റ് എനിക്കു വേണ്ടതില്ല. അമ്മച്ചീന്തുകള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ആത്മകഥയിലേക്കുള്ള ജലവഴിയാണ്. ഞാന്‍ എന്ന സ്ത്രീയുടെ ജീവിതജലവഴിയില് പെട്ടെന്ന് ഒരു നാള് കാറും കോളും നിറയുകയായിരുന്നില്ല. നടുക്കടലിലേക്ക് പാമരവും പങ്കായവുമില്ലാത്ത ഞാന്‍ എന്ന വഞ്ചി ഒഴുകിയൊഴുകി എത്തുകയായിരുന്നു. എന്നെ വഹിച്ച ഒരു പുഴ മാത്രം ക്രൗര്യത്തോടെ, മേഘവിസ്ഫോടനം സംഭവിച്ചതുപോലെ നടുക്കടലിലേക്ക് കൂടുതല്‍ വെള്ളം പറ്റുമ്പോഴെല്ലാം പ്രളയമായി പകര്‍ന്നു. എന്നാല്‍ കണ്ണീരാവിയില് ആ പ്രളയജലത്തെ വറ്റിക്കാന്‍ ശ്രമിച്ച മറ്റു പുഴകളെപ്പറ്റിയാണ് അമ്മച്ചീന്തുകളില് ഞാന്‍ എഴുതിയിട്ടുള്ളത്.
മറ്റൊരു ഘട്ടമാണ് ഈ അനുബന്ധമെഴുത്ത്. എന്തെല്ലാം മാറിയാലും ഈ ജീവിതത്തില്‍ മാറ്റമില്ലാതെ എന്നെ പിന്തുടരുന്ന ചില അദ്ഭുതപദങ്ങളുണ്ട്, വിചാരങ്ങളുണ്ട്. ആ പദങ്ങളെപ്പറ്റിയാണ്, ആ വിചാരങ്ങളെപ്പറ്റിയാണ് ഞാന്‍ എഴുതാമെന്നു കരുതുന്നത്. ചില ഭാഷാപദങ്ങളോട്, ചില വിചാരവികാരങ്ങളോട് വല്ലാത്ത അകല്‍ച്ച തോന്നിപ്പോകുന്ന മട്ടില്‍ അവ എന്റെ ജീവിതത്തില്‍ തീവ്രമായി ഇടപെട്ടിട്ടുണ്ട്. പദങ്ങളും വിചാരങ്ങളും മാത്രമല്ല അവ ഉച്ചരിച്ചവരും വെച്ചുപുലര്ത്തിയവരും അങ്ങനെയാണ്. ‘കണ്ണനില്ലേ’ എന്നൊരു ചോദ്യമുയരാറുണ്ട് എപ്പോഴും. ഉണ്ട്… പക്ഷേ, എന്റെ നേര്‍ക്കു വരുന്ന ഒരു അപമാനശരവും അദ്ദേഹത്തിനുള്ളതല്ല. നന്മയുടെ അവതാരമെന്ന് കണ്ണനെ വാഴ്ത്തുന്നവര്‍ എന്നെ ചൂണ്ടി പറയും, ‘പാവം…അവനീ ഗതി വന്നല്ലോ…’ ‘അവന്റെ പിറന്നാളിന് പുണ്യഗ്രന്ഥങ്ങള്‍ പാരായണം ചെയ്യണം… അവനെപ്പോഴും തീരാക്കഷ്ടകാലമാണ്.’
എന്റെ കലഹം… ഈ എഴുത്തിലൂടെ ഉള്ള കലഹം നമ്മുടെ പുരുഷദായക്രമങ്ങളുടെ പൊതുബോധത്തോടാണ്… വ്യക്തികളോടല്ല…
ആത്മകഥയുടെ രചനാകാലത്തില്നിന്ന് ഞാനും ഞാന്‍ അതുവരെ കണ്ട കാലവും മാറിപ്പോയിരിക്കുന്നു, വല്ലാതെ… കൊറോണ ലോകത്തെതന്നെ മാറ്റിമറിച്ചല്ലോ. എഴുത്തുകാര്‍ക്ക് പി ആര് വര്‍ക്ക് ചെയ്യുന്ന പ്രൊഫഷണല്‍ ടീമുകള്‍ ഉണ്ടത്രേ. എനിക്കതൊരു പുതിയ അറിവായിരുന്നു. എന്റെ പി ആര് വര്‍ക്ക് ഫെയ്സ്ബുക്കില്‍ ഞാന്‍ എഴുതുന്ന എഴുത്തു മാത്രമാണ്. എച്ച്മുക്കുട്ടിയെപ്പറ്റിയോ ആ എഴുത്തിനെപ്പറ്റിയോ സംസാരിക്കരുതെന്ന ഭ്രഷ്ട് ബാധിച്ചിട്ടില്ലാത്ത ഒരു എഴുത്തിടമാണ് എന്നെ സംബന്ധിച്ചിടത്തോളം ഫെയ്സ്ബുക്ക്. അതുകൊണ്ട് ഞാനൊരു സോഷ്യല്‍ മീഡിയ എഴുത്തുകാരിയാണെന്ന് പറയുന്നതില്‍ അഭിമാനപ്പെടുന്നു.
Comments are closed.