ശബരിമലയില്‍ ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ; മാധ്യമങ്ങള്‍ക്കും നിയന്ത്രണം

പത്തനംതിട്ട: ചിത്തര ആട്ടവിശേഷ പൂജയ്ക്കായി നവംബര്‍ അഞ്ചാം തീയതി തിങ്കളാഴ്ച ശബരിമല നട തുറക്കുന്നതിനു മുന്നോടിയായി ശനിയാഴ്ച മുതല്‍ പത്തനംതിട്ട സുരക്ഷാമേഖലയായി പ്രഖ്യാപിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ പത്തനംതിട്ട ജില്ലയിലെ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ഇന്ന് മുതല്‍ കനത്ത പൊലീസ് സുരക്ഷയിലായിരിക്കും ശബരിമലയും പരിസരപ്രദേശങ്ങളും.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ മാത്രമേ തീര്‍ത്ഥാടകരെ നിലയ്ക്കലില്‍നിന്ന് പമ്പയിലേയ്ക്കും അവിടെനിന്ന് സന്നിധാനത്തേയ്ക്കും കടത്തിവിടൂ. സുരക്ഷാപരിശോധനകള്‍ക്കുശേഷമാകും ഇത്. ഭക്തരല്ലാതെ ആരെയും പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടുകയോ തങ്ങാനോ അനുവദിക്കുകയോ ചെയ്യില്ല. ദക്ഷിണമേഖലാ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ രണ്ട് ഐ.ജിമാര്‍, അഞ്ച് എസ്.പിമാര്‍, 10 ഡി.വൈ.എസ്.പിമാര്‍ എന്നിവരുള്‍പ്പെടെ 1200 പൊലീസുകാരെയാണ് സുരക്ഷായ്ക്കായി നിയോഗിച്ചത്.
പതിവുപോലെ നട തുറക്കുന്നതിനു മുമ്പ് മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേയ്ക്കു പ്രവേശിപ്പിക്കില്ല. അഞ്ചാം തീയതി രാവിലെ എട്ടുമണിയ്ക്ക് മാത്രമേ മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലില്‍ നിന്ന് കടത്തിവിടൂ. ഭക്തരെ ഉച്ചയോടെ കടത്തിവിടാനാണ് പൊലീസ് തീരൂമാനം. ദര്‍ശനത്തിന് യുവതികളെത്തിയാല്‍ അവര്‍ക്കു സുരക്ഷ ഒരുക്കാന്‍ പൊലീസ് സുസജ്ജമാണെന്ന് പത്തനംതിട്ട എസ് പി ടി. നാരായണന്‍ പറഞ്ഞു.
Comments are closed.