DCBOOKS
Malayalam News Literature Website

മഞ്ഞവെയിൽ മരണങ്ങൾ, ഫ്രാൻസിസ് ഇട്ടിക്കോര : രണ്ടാം ഭാഗം എഴുതുമ്പോൾ

പാൽമയിലേക്കുള്ള യാത്രയിൽ വച്ചു ഒരു മലയാളിയെ കാണാനിടയായ സംഭവം, തന്നെ മഞ്ഞവെയിൽ മരണങ്ങളുടെ രണ്ടാം ഭാഗമെഴുതുവാൻ പ്രേരിപ്പിച്ചുവെന്ന് ബെന്യാമിൻ.

 

 

ബെന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ‘, ടി.ഡി രാമകൃഷ്ണന്റെ  ‘ഫ്രാൻസിസ് ഇട്ടിക്കോര‘ എന്നീ കൃതികളുടെ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കാനുള്ള കാരണങ്ങളെക്കുറിച്ച് കെ.ൽ.എഫ് ഗ്രന്ഥം വേദിയിൽ ചർച്ച ചെയ്തു. മലയാളത്തിലെ പ്രിയ എഴുത്തുകാരായ ബെന്യാമിൻ, ടി.ഡി രാമകൃഷ്ണൻ, വി.ജെ ജെയിംസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. 

കച്ചവട മുതലാളിത്തത്തിന്റെ കടന്നുവരവിൽ സമൂഹത്തിലുടലെടുത്ത വെല്ലുവിളികളെയും മറ്റു  പ്രശ്നങ്ങളേയും അഭിസംബോധന ചെയ്യുന്ന ‘ഫ്രാൻസിസ് ഇട്ടിക്കോര’ എന്ന തന്റെ നോവൽ എഴുതുമ്പോൾ, രണ്ടാം ഭാഗം എന്നൊരു സാധ്യതയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്ന് ടി.ഡി രാമകൃഷ്ണൻ പറഞ്ഞു. സമകാലിക സാഹചര്യത്തിൽ പുതിയ വിവരസാങ്കേതികവിദ്യയുടെ സാധ്യതകളെ ഉൾപ്പെടുത്തിക്കൊണ്ട് രണ്ടാം ഭാഗമായ ‘കോരപ്പാപ്പനു സ്തുതി’ എത്രയും പെട്ടന്നുതന്നെ വായനക്കാർക്ക് മുന്നിൽ എത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

 

‘മഞ്ഞവെയിൽ മരണ’ത്തിന്റെ രണ്ടാം ഭാഗം എപ്പോൾ വരുമെന്ന വി. ജെ ജെയിംസിന്റെ ചോദ്യത്തിന്,  രണ്ടാം ഭാഗം എഴുതുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നും പാൽമയിലേക്കുള്ള യാത്രയിൽ വച്ചു  ഒരു മലയാളിയെ കാണാനിടയായ സംഭവം, തന്നെ രണ്ടാം ഭാഗമെഴുതുവാൻ പ്രേരിപ്പിച്ചു എന്നും ബെന്യാമിൻ മറുപടി നൽകി. യാത്രകൾ സംസ്കാരരൂപീകരണത്തേയും സാമൂഹിക പരിണാമങ്ങളെയും എങ്ങനെയൊക്കെ സ്വാധീനിച്ചുവെന്നും മനുഷ്യന്റെ സഞ്ചാരങ്ങളെ സംബന്ധിച്ചുള്ള തന്റെ അറിവുകളും വിചാരങ്ങളും പങ്കുവയ്ക്കാൻ മഞ്ഞവെയിൽ മരണത്തിലൂടെ തനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Leave A Reply