രണ്ടാമൂഴം: പിണറായി വിജയൻ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: 42 വർഷത്തിനിടയിൽ കേരളത്തിൽ തുടർഭരണം നേടിയ ആദ്യമുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായിക്ക് സത്യവാചകങ്ങൾ ചൊല്ലികൊടുത്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
നാല് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് കേരളത്തിൽ തുടർഭരണം ലഭിക്കുന്നത്. സത്യത്രിജ്ഞാ ചടങ്ങിന് ശേഷം 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരും.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ ഉച്ചയ്ക്ക് 2.45-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. മലയാളത്തിലേയും രാജ്യത്തേയും പ്രമുഖ കലാകാരൻമാർ ഒരുക്കിയ കലാവിരുന്നും ആശംസകളും കോർത്തിണക്കി സംവിധായകൻ ടി.കെ.രാജീവ് കുമാർ നവകേരള സംഗീതാജ്ഞലിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്. എ.ആർ.റഹ്മാൻ, കെ.ജെ.യേശുദാസ്, മമ്മൂട്ടി, മോഹൻലാൽ, കെ.എസ്.ചിത്ര, സുജാത,എംജി ശ്രീകുമാർ തുടങ്ങിയ പ്രശസ്തരായ 52 കലാകാരൻമാർ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു.
Comments are closed.