DCBOOKS
Malayalam News Literature Website

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. പതിനൊന്നാം വയസ്സില്‍ സ്റ്റീഫന്‍ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ സെന്റ് ആല്‍ബന്‍സ് സ്‌കൂളില്‍ ചേര്‍ന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫന്‍ ഹോക്കിങിന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം.

17-ാം വയസ്സില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകള്‍ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവര്‍ത്തകരുടെ പിന്തുണ അദ്ദേഹത്തിന് ആത്മവിശ്വാസം പകര്‍ന്നു.

കേബ്രിഡ്ജിലെ പഠനകാലത്ത് റോജര്‍ പെന്റോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ് ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്.അവരിരുവരും ചേര്‍ന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേഷികതാസിദ്ധാന്തത്തിന് പുതിയ വിശദീകരണം നല്‍കി. പ്രപഞ്ചോല്പത്തിയെക്കുറിച്ചും അവര്‍ ചില സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചു.

നാശോന്മുഖമായ നക്ഷത്രങ്ങള്‍ അഥവാ തമോഗര്‍ത്തങ്ങളുടെ പിണ്ഡം,ചാര്‍ജ്ജ്,കോണീയസംവേഗബലം എന്നിവയ്ക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടര്‍പഠനങ്ങള്‍.ഭീമമായ ഗുരുത്വാകര്‍ഷണ ബലം ഗുരുത്വാകര്‍ഷണബലമുള്ള തമോഗര്‍ത്തങ്ങള്‍ ചില വികിരണങ്ങള്‍ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു.എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്.

Comments are closed.