ആവര്‍ത്തനപ്പട്ടിക 150: ശാസ്ത്രവും സമൂഹവും
നമ്മളെല്ലാവരും നക്ഷത്രങ്ങളില്‍ നിന്നും ഉണ്ടായവരാണെന്നും മൂലകങ്ങളും സൂപ്പര്‍നോവ പോലുളളവയാണ് ജീവനു കാരണം എന്നു പറഞ്ഞുകൊണ്ടാണ് വേദി രണ്ട് വാക്കില്‍ മോഡറേറ്റര്‍ സംഗീത ചേനംപുല്ലി ചര്‍ച്ച ആരംഭിച്ചത്. ആവര്‍ത്തനപട്ടിക 150: ശാസ്ത്രവും സമൂഹവും എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ ദേവദാസ് കെ.എം, പ്രൊഫ.മുഹമ്മദ് ഷാഫി എന്നിവര്‍ പങ്കെടുത്തു.
ശരീരത്തിലുള്ളവയെല്ലാം പരോക്ഷമായെങ്കിലും പീരിയോഡിക് ടേബിളുമായി ബന്ധപ്പെടവയാണെന്ന് ദേവദാസ് കെ.എം.പറഞ്ഞു. മൂലകങ്ങളുടെ സ്വഭാവം എന്തുകൊണ്ട് ആവര്‍ത്തിക്കപ്പെടുന്നു എന്ന ചോദ്യമാണ് മറ്റു പഠനങ്ങളിലേക്കും കണ്ടുപിടുത്തങ്ങളിലേക്കും നയിച്ചത്. ശാസ്ത്രജ്ഞന്‍ ഹെന്റി മോസ്‌ലി നൊബേല്‍ പുരസ്‌കാരം നേടേണ്ട ആളായിരുന്നുവെന്നും യുദ്ധത്തില്‍ കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് നോബേല്‍ സമ്മാനം കിട്ടുമായിരുന്നുവെന്നും ദേവദാസ് കെ.എം പറഞ്ഞു. അദ്ദേഹത്തിന്റെ മരണശേഷമാണ് ബ്രിട്ടനിലെ നിയമങ്ങള്‍ മാറ്റിയെഴുതപ്പെട്ടത്. അതിനുശേഷം ശാസ്ത്രപ്രതിഭകള്‍ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചു. നമ്മുടെ നാട്ടിലെ പല ശാസ്ത്രജ്ഞന്മാരുടെയും ദുരനുഭവം നമുക്ക് അറിയാം എന്ന് സൂചിപ്പിച്ച അദ്ദേഹം ഒരുപക്ഷേ ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് എതിരാകുന്നതും ഈ സമീപനമാണെന്ന് അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ രംഗത്തും ഇലക്ട്രോണിക്‌സ് രംഗത്തും ആവര്‍ത്തനപ്പട്ടികയുടെ സ്വാധീനവും ചര്‍ച്ചയില്‍ വിശകലനം ചെയ്തു.ശാസ്ത്രം ആണെന്ന് പറഞ്ഞു കൊണ്ട് അവതരിപ്പിക്കപ്പെടുന്ന പലതും നുണയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശാസ്ത്രീയ രീതിയാണ് ശാസ്ത്രത്തിന്റെ പ്രത്യേകത, അതുതന്നെയാണ് ശാസ്ത്രത്തെ മറ്റ് വിജ്ഞാന ശാഖകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. യുക്തിസഹമായി അവതരിപ്പിക്കപ്പെടുമ്പോള്‍ മാത്രമേ ശാസ്ത്രത്തിന് ഇന്ന് നിലനില്‍പ്പുള്ളൂ എന്ന് അഭിപ്രായപ്പെട്ട സംഗീത ചേനംപുല്ലി അതിനുദാഹരണമാണ് ആവര്‍ത്തനപ്പട്ടിക എന്നും അവകാശപ്പെട്ടു
Comments are closed.