കൗമാരകലാപൂരത്തിന് ഇന്ന് തിരശ്ശീലവീഴും
58-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. പുതിയ മാനുവല്‍ പ്രകാരം നടന്ന കലോത്സവത്തില്‍ 231 ഇനങ്ങളിലായി പതിനായിരകണക്കിന് മത്സരാര്‍ഥികളാണ് പങ്കെടുത്തത്. ചെറിയ അപസ്വരങ്ങള്‍ ഉയര്‍ന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം ഭദ്രം. മത്സരത്തില്‍ അഴിമതി പുളരാതിരിക്കാന്‍ വിജിലന്‍സിന്റെ കര്‍ശന നിയന്ത്രണവുമുണ്ടായിരുന്നു ഇത്തവണ. 874 പോയിന്റുകളുമായി കോഴിക്കോടാണ് മുന്നില്‍. 868 പോയിന്റുകളുമായി പാലക്കാടും തൊട്ടുപിന്നിലുണ്ട്.
വൈകിട്ട് നാലിനാണു സമാപനസമ്മേളനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാനും മന്ത്രിയുമായ അഡ്വ. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.കെ. ബാലന്‍, എ.സി. മൊയ്തീന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കലോത്സവ അവലോകനം, ജേതാക്കളെ പ്രഖ്യാപിക്കല്‍ എന്നിവ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ നിര്‍വഹിക്കും. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമ്മാനദാനം നടത്തും. കലോത്സവ രേഖയുടെ പ്രകാശനം ഇന്നസെന്റ് എം.പി. നിര്‍വഹിക്കും. സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ. രാജന്‍ എം.എല്‍.എ. ഏറ്റുവാങ്ങും. മേയര്‍ അജിത ജയരാജന്‍, കലാമണ്ഡലം ക്ഷേമാവതി, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍, മങ്ങാട് നടേശന്‍, പി.ടി. കുഞ്ഞുമുഹമ്മദ്, സ്റ്റീഫന്‍ ദേവസി, ചിത്രന്‍ നമ്പൂതിരിപ്പാട്, ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സുധീര്‍ ബാബു, വി.എച്ച്.എസ്.ഇ. ഡയറക്ടര്‍ പ്രഫ. എ. ഫറൂഖ്, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മേയര്‍ അജിത ജയരാജന്‍ പതാക കൈമാറ്റം നടത്തും. ഇരിങ്ങാലക്കുട കൊരമ്പ് കളരിയുടെ മൃദംഗമേളത്തോടെയാണു സമാപന സമ്മേളനം ആരംഭിക്കുക. സമാപന സമ്മേളനത്തിനു ശേഷം സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ സംഗീത സായാഹ്നം നടക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം നടത്തിയ ആദ്യ കേരള സ്‌കൂള്‍ കലോത്സവം എന്ന ഖ്യാതിയോടെയും ജൈവ പച്ചക്കറികളുപയോഗിച്ച് ഭക്ഷണ പദാര്‍ഥങ്ങള്‍ തയാറാക്കിയ കലോത്സവം എന്ന പെരുമയോടെയുമാണു സാംസ്‌കാരിക തലസ്ഥാനത്തു കലാമാമാങ്കം സമാപിക്കുന്നത്.
Comments are closed.