DCBOOKS
Malayalam News Literature Website

മര്‍ദ്ദം താഴ്ത്തിയില്ല: ജീവനക്കാരുടെ അശ്രദ്ധ മൂലം വിമാനയാത്രക്കാര്‍ക്ക് രക്തസ്രാവം

മുംബൈ: ജീവനക്കാരുടെ അശ്രദ്ധയെത്തുടര്‍ന്ന് വിമാനത്തിനുള്ളിലെ മര്‍ദ്ദം കുറഞ്ഞ് യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തസ്രാവം ഉണ്ടായി. മുംബൈയില്‍ നിന്ന് ജയ്പ്പൂരിലേക്ക് പറന്നുയര്‍ന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിനുള്ളിലാണ് സംഭവം നടന്നത്. മര്‍ദ്ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ക്യാബിന്‍ ക്രൂ മറന്നതിനെതുടര്‍ന്നുണ്ടായ മര്‍ദ്ദവ്യതിയാനം മൂലമാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.

ഇന്ന് രാവിലെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ജെറ്റ് എയര്‍വെയ്‌സിന്റെ 9 ഡബ്ലു 697 വിമാനത്തിലാണ് സംഭവം. മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്ന് ഓക്‌സിജന്‍ മാസ്‌കുകള്‍ പുറത്തുവരികയും ചെയ്തു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. 166 യാത്രക്കാരാണ് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. ഇതില്‍ 30 പേരുടെ ചെവിയിലൂടെയും മൂക്കിലൂടെയും രക്തം വന്നു. നിരവധി പേര്‍ക്ക് തലവേദനയും അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് വിമാനം മുംബൈയില്‍ തിരിച്ചിറക്കി യാത്രക്കാര്‍ക്ക് അടിയന്തര ചികിത്സ നല്‍കി.

അതേസമയം കൃത്യവിലോപം കാട്ടിയ ജീവനക്കാരെ ജോലിയില്‍ നിന്ന് നീക്കിയതായും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

Comments are closed.