DCBOOKS
Malayalam News Literature Website

ശബരിമല റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റില്ല; സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി

ദില്ലി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തളളി. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്.

ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി ആറിനാണ് പുന: പരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേട്ടത്.

ശബരിമല നിരീക്ഷണ സമിതിയ്‌ക്കെതിരായ ഹര്‍ജിയുള്‍പ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിയിലെ 33 ഹര്‍ജികളും സുപ്രീം കോടതിയിലേക്കു മാറ്റണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.
നിരീക്ഷണസമിതിയുടെ ചില നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നുകയറുന്നതാണ് എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇത് പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, വിഷയത്തില്‍ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

Comments are closed.