DCBOOKS
Malayalam News Literature Website

ഇത് ചരിത്രവിധി; ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവ്

ദില്ലി: ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശന സ്വാതന്ത്ര്യം അനുവദിച്ച് സുപ്രീം കോടതിയുടെ ചരിത്രവിധി.അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാര്‍ ഒരേ അഭിപ്രായം കുറിച്ചപ്പോള്‍ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര വിയോജിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ആര്‍.എഫ് നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ ഇന്ന് വിധിപ്രസ്താവം നടത്തിയത്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസ്സോസിയേഷനായിരുന്നു കേസിലെ പ്രധാന ഹര്‍ജിക്കാര്‍.

വിധിയിലെ പ്രധാന പരാമര്‍ശങ്ങള്‍

സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീകളോട് ഇത്തരത്തിലുള്ള വിവേചനം കാണിക്കുന്നത് തരംതാഴ്ത്തലിന് തുല്യമാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ ഇത് പാടില്ല. തുല്യതയാണ് ആവശ്യം. ശാരീരികവും ജൈവികവുമായ നിലകള്‍ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടത്. വിധി എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണെന്നും കോടതി നീരീക്ഷിച്ചു.

അയ്യപ്പഭക്തന്മാര്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുന്നവരല്ല. ലിംഗവിവേചനം ഭക്തിക്ക് തടസ്സമാകരുത്. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ താഴ്ന്നവരല്ല. പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി വിലയിരുത്തി.

ജീവശാസ്ത്രപരമായ കാരണങ്ങളാല്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പായ 14, മതം-ജാതി-സ്ഥലം-ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനത്തെ തടയുന്ന വകുപ്പ് 15, തൊട്ടുകൂടായ്മയുടെ നിഷ്‌കാസനം ഉറപ്പാക്കുന്ന വകുപ്പായ 17 എന്നിവയുടെ ലംഘനമാണോ എന്ന പരിശോധനയായിരുന്നു പ്രധാനമായും ഭരണഘടനാ ബെഞ്ച് നടത്തിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13നാണ് ശബരിമല കേസ് സുപ്രീ കോടതി ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റിയത്. ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ കേസ് പരിഗണിച്ച കോടതി നിരവധി തവണ വാദം കേട്ടിരുന്നു

Comments are closed.