പ്രകൃതി ഒരു ചോദ്യചിഹ്നം
ലോകമാകമാനം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നത് പാരിസ്ഥിതിക വിഷയങ്ങള്‍ തന്നെയാണ്. കേരള സാഹിത്യോത്സവത്തിന്റെ അഞ്ചാം പതിപ്പിന്റെ വേദി പരിസ്ഥിതി സംരക്ഷണത്തിന് നല്‍കുന്ന പ്രാധാന്യം വെളിപ്പെടുത്തുന്ന സെഷനാണ് വേദി 3 തൂലികയില്‍ നടന്ന ‘സേവിങ് ദി ഏര്‍ത്ത് : സയന്‍സ് ആന്‍ഡ് റാഷണാലിറ്റി ഇന്‍ എ ടൈം ഓഫ് മാഡ്‌നെസ്’. പാരിസ്ഥിതിക പ്രവര്‍ത്തകയായ പ്രര്‍ണ ബിന്ദ്ര, റിച്ചാര്‍ഡ് മഹാപത്ര, ഡോ. നവ്റോസ് കെ ദുബാഷ്, ജോര്‍ജ് തോമസ് എന്നിവര്‍ സെഷനില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.
ചര്‍ച്ച നിയന്ത്രിക്കുന്ന പ്രണയ് ലാലിന്റെ ചോദ്യത്തിന് നാം ശാസ്ത്രത്തെ ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്നു എന്നും പ്രകൃതി വിഭങ്ങള്‍ നാം ചൂഷണത്തിന് വിധേയമാക്കുന്നു എന്നുമുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി കൊണ്ട് പ്രര്‍ണ ബിന്ദ്ര ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. കാലാവസ്ഥ വ്യതിയാനം ഒരു ലക്ഷണം മാത്രമാണെന്നും അത് വലിയ രീതിയിലുള്ള പ്രശ്‌നങ്ങളിലേക്ക് ലോകത്തെ നയിക്കുന്നു എന്നുമുള്ള ആശയങ്ങള്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്നു.
ഭൂമിയെ രക്ഷിക്കുന്നതിനുള്ള തീരുമാനങ്ങള്‍ നമ്മള്‍ ജനങ്ങള്‍ ഓരോരുത്തരുമാണ് കൈകൊള്ളേണ്ടത് എന്നും പൊതുഗതാഗത മാര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കുകയും പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കുകയും ചെയ്യുക എന്നത് പ്രാഥമികമായി നാം ചെയ്യേണ്ടതാണ് എന്നും ചര്‍ച്ചയില്‍ ഡോ. നവ്റോസ് കെ ദുബാഷ് ഉന്നയിച്ചു. ഡൊണാള്‍ഡ് ട്രമ്പിനെ പോലുള്ള ഭരണാധികാരികളുടെ പരിസ്ഥിതി സൗഹാര്‍ദ്ദപരമല്ലാത്ത നയങ്ങളും ശാസ്ത്രം പലവിധത്തിലും രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു എന്നുമുള്ള ചര്‍ച്ചകള്‍ ഉണ്ടായി.
പ്രകൃതി വിഭങ്ങളെ ഇല്ലാതാക്കുകയും അവയെ ചൂഷണം ചെയ്യുകയും ചെയ്തതിനു ശേഷം നാം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനപ്പുറം അവ നശിപ്പിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാവേണ്ടത്. ഈ പ്രതിസന്ധിഘട്ടത്തെ തിരിച്ചറിയുക എന്നതാണ് പ്രധാനം എന്നും പ്രകൃതി സംരക്ഷണത്തിനായി ഗവണ്മെന്റും ജനങ്ങളും എല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. കേരള സാഹിത്യോത്സവം മുന്നോട്ടുവയ്ക്കുന്ന പാരിസ്ഥിതിക ആശയങ്ങള്‍ക്ക് കെട്ടുറപ്പ് നല്‍കുന്ന ചര്‍ച്ചയാണ് വേദി തൂലികയില്‍ നടന്നത്.
Comments are closed.